സിനിമ

ഫൊറൻസിക് റിപ്പോർട്ട് നെഗറ്റീവ്; ഷൈൻ ടോം ചാക്കോയ്ക്ക് ക്ലീൻ ചിറ്റ്: ലഹരിക്കേസ് തള്ളി

കൊച്ചി: ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ചാടിയതുൾപ്പെടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയ വിവാദ ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ക്ലീൻ ചിറ്റ്. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ലെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. ഇതോടെ, ഷൈനിനെതിരെ എറണാകുളം നോർത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസും ഇല്ലാതായേക്കും. 

ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഷൈനിന്റെ ഹോട്ടൽ ചാട്ടം അടക്കമുള്ള സംഭവവികാസങ്ങളുണ്ടാകുന്നത്. കൊച്ചി അടക്കം പ്രധാന നഗരങ്ങളില്‍ ലഹരി വിതരണം ചെയ്യുന്നതിനു നേതൃത്വം നൽകുന്ന ആളെ പിന്തുടർന്ന് എത്തിയതായിരുന്നു ഡാൻസാഫ് സംഘം. ഇയാൾ കലൂരിലെ ഒരു ഹോട്ടലിന്റെ പരിസരത്ത് ഉണ്ടെന്നറിഞ്ഞ് ഡാൻസാഫ് സംഘം ഇവിടെ എത്തി. തുടർന്നാണ് നടൻ ഷൈന്‍ ടോം ചാക്കോയും ഒരു സുഹൃത്തും ഇവിടെയുള്ളതായി ഡാൻസാഫ് സംഘത്തിന് മനസിലാകുന്നത്. പിന്നാലെ ഡാൻസാഫ് സംഘം മുറിയിലെത്തിയെങ്കിലും ഷൈൻ പിന്നിലെ ജനാല വഴി താഴേക്കു ചാടി അവിടെനിന്നു രക്ഷപെടുകയായിരുന്നു. ഷൈൻ ഹോട്ടൽ പരിസരത്തുനിന്നു പോകുന്നതും മറ്റൊരു ഹോട്ടലിൽ മുറിയെടുക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മുറി പരിശോധിച്ച ഡാൻസാഫ് സംഘത്തിനു പക്ഷേ ലഹരിയുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്താനായില്ല. എന്നാൽ തങ്ങളുടെ പരിശോധനയിൽനിന്നു രക്ഷപെടുകയായിരുന്നു ഷൈന്‍ എന്നും ഇത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടാണെന്നും ആയിരുന്നു പൊലീസ് നിലപാട്. തുടർന്ന് ഷൈനിനും സുഹൃത്ത് അഹമ്മദ് മുർഷാദിനുമെതിരെ എൻഡിപിഎസ് നിയമത്തിലെ സെക്‌ഷൻ 27 അനുസരിച്ച് കേസെടുക്കുകയും ചെയ്തു.

ഒളിവിലായിരുന്ന ഷൈൻ രണ്ടു ദിവസത്തിനുശേഷം പൊലീസ് മുൻപാകെ ചോദ്യം ചെയ്യലിനു ഹാജരായി. തുട‍ർന്നാണ് ഷൈനിന്റെ മുടി, നഖം അടക്കമുള്ളവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇതിന്റ റിപ്പോർട്ടിലാണ് ഷൈനിന്റെ ശരീരത്തിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നു വ്യക്തമാക്കിയിട്ടുള്ളത്. ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ചെന്നും നെഗറ്റീവാണെന്നും നോർത്ത് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഷൈനിന് എതിരായ കേസ് അവസാനിപ്പിച്ചേക്കുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഷൈൻ ലഹരി ഉപയോഗിച്ചിട്ടാണ് അസ്വാഭാവികമായി പെരുമാറിയതെന്ന പൊലീസ് വാദം തള്ളിക്കളയുന്നതാണ് സ്റ്റേറ്റ് ഫൊറൻസിക് ലബോറട്ടറിയുടെ റിപ്പോർട്ട്. വാതിലിൽ മുട്ടിയത് പൊലീസ് ആണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഗുണ്ടകളാണെന്നു കരുതിയാണ് ഓടിയതെന്നുമാണ് ഷൈനിന്റെ നിലപാട്.

നേരത്തേ ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി തസ്‍ലിമ എന്ന സ്ത്രീയെ പിടികൂടിയ സംഭവത്തിലും ഷൈനിൽനിന്ന് എക്സൈസ് വകുപ്പ് മൊഴിയെടുത്തിരുന്നു. എന്നാൽ‍ ഷൈനിന് ഇതിൽ പങ്കില്ലെന്നു കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായി കൊക്കെയ്ൻ ഉപയോഗവുമായി ബന്ധപ്പെട്ട് 2015ൽ റജിസ്റ്റർ ചെയ്ത കേസിലും ഷൈനിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും 10 വർഷത്തിനുശേഷം 2025ൽ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനു പിന്നാലെ ഉണ്ടായ വാഹനാപകടത്തിൽ ഷൈനിന്റെ പിതാവ് ചാക്കോ മരിച്ചിരുന്നു. ലഹരിയിൽനിന്ന് മോചനം നേടാനുള്ള ചികിത്സയുടെ ഭാഗമായി ബെംഗളുരുവിലേക്കു പോകുമ്പോഴായിരുന്നു അപകടം. താൻ ലഹരിയിൽനിന്നു മുക്തനായെന്നു പിന്നീട് ഷൈൻ ടോം ചാക്കോ പ്രതികരിച്ചിരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...