കേരള വാർത്ത

കത്തോലിക്ക സഭയിൽ സ്ത്രീകൾക്കു തത്കാലം ഡീക്കൻ പദവിയില്ല; നിർദേശവുമായി വത്തിക്കാൻ കമ്മിഷൻ

ആലപ്പുഴ: കത്തോലിക്ക സഭയിൽ സ്ത്രീകൾക്കു തത്കാലം ഡീക്കൻപദവി നൽകേണ്ടതില്ലെന്ന് ഇതുസംബന്ധിച്ചു പഠിച്ച വത്തിക്കാൻ കമ്മിഷൻ നിർദേശിച്ചു. പൗരോഹിത്യത്തിലേക്കുള്ള ചുവടുകളിലൊന്നായാണ് ഈ പദവിയെ കാണുന്നത്. ഇതു സ്ത്രീകൾക്കും നൽകുന്നതിനെക്കുറിച്ച് കൂടുതൽ പഠിക്കാനാണ് കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്.

റോം ആസ്ഥാനമായ കന്യാസ്ത്രീകളുടെ കൂട്ടായ്മയുടെ ആവശ്യപ്രകാരം 2016-ൽ ഫ്രാൻസിസ് മാർപാപ്പയാണ് ഇതുസംബന്ധിച്ച ചർച്ച തുടങ്ങിയത്. വിഷയം പഠിക്കാൻ രണ്ടു കമ്മിഷനുകളെ അദ്ദേഹം നിയോഗിക്കുകയും ചെയ്തു. ഇതിൽ ഇറ്റലിയിലെ ആക്വില അതിരൂപതയുടെ മുൻ ആർച്ച്ബിഷപ്പും കർദിനാളുമായ ജ്യുസെപ്പെ പെത്രോക്കി അധ്യക്ഷനായ കമ്മിഷനാണ് ലിയോ പതിന്നാലാമൻ മാർപാപ്പയ്ക്ക് ഈ ശുപാർശ നൽകിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 18-നു നൽകിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ മാർപാപ്പ നിർദേശിക്കുകയായിരുന്നു. തീരുമാനം അന്തിമമല്ലെന്ന് കമ്മിഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

2022-ൽ നടന്ന കമ്മിഷന്റെ സിറ്റിങ്ങിൽ ഒന്നിനെതിരേ ഏഴു വോട്ടുകൾക്കാണ് ഇപ്പോഴത്തെ തീരുമാനമെടുത്തത്. സിനഡിന്റെ നിർദേശപ്രകാരം വീണ്ടും അഭിപ്രായങ്ങൾ തേടി. എന്നാൽ, വിവിധ രാജ്യങ്ങളിൽനിന്ന് 22 പരാതികളാണു ലഭിച്ചത്. ഇവയിലെ ആവശ്യങ്ങളും പരിഗണിച്ചശേഷമാണ് മുൻതീരുമാനം ഇപ്പോൾ ഉറപ്പിച്ചത്.

സ്വാഭാവികമായും രണ്ടഭിപ്രായങ്ങൾ ഈ വിഷയത്തിലുണ്ടായി. ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവർ എന്ന നിലയിൽ തുല്യതയ്ക്കെതിരാണ് സ്ത്രീകൾക്കു പൗരോഹിത്യം നിഷേധിക്കുന്നതെന്ന അഭിപ്രായമുണ്ടായി. ക്രിസ്തുവിന്റെ പുരുഷത്വമാണ് പട്ടം സ്വീകരിക്കുന്നവരുടെ കാര്യത്തിൽ പ്രധാന മറുവാദമായി ഉന്നയിക്കപ്പെട്ടതെന്ന് വത്തിക്കാന്റെ ഔദ്യോഗിക മാധ്യമമായ ‘വത്തിക്കാൻ ന്യൂസ്’ പറയുന്നു.

വിശുദ്ധ പത്രോസിന്റെയും മാതാവിന്റെയും ഉദാഹരണങ്ങളാണ് ഇതുസംബന്ധിച്ച് വൈദികർ ചൂണ്ടിക്കാട്ടുന്നത്. രണ്ടുപേരും പ്രിയപ്പെട്ടവരായിട്ടും ക്രിസ്തു ശിഷ്യനാക്കിയത് പത്രോസിനെയാണ്. എന്നാൽ, കമ്മിഷന്റെ തീരുമാനത്തെ വിവിധ രാജ്യങ്ങളിലുള്ള സംഘടനകൾ വിമർശിച്ചു.

അതേസമയം, സാമൂഹികസേവന മേഖലകളിൽ ഇടപെടുന്ന മിനിസ്ട്രികളിൽ വനിതാഡീക്കൻമാരെ നിയമിക്കാമെന്ന് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. അത്തരം രംഗങ്ങളിൽ അവരിപ്പോൾ നേരിടുന്ന ലിംഗവിവേചനം തടയുന്നതിന് ഇതുപകരിക്കും. എന്നാൽ, ഇതേക്കുറിച്ച് കമ്മിഷൻ കൂടുതൽ വിശദീകരിച്ചിട്ടില്ല.

ഭരണപരമായ മേഖലകളിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നതാണ് കമ്മിഷൻ ശുപാർശകളെന്ന് സിറോ മലബാർ സഭ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ട് പറഞ്ഞു. ആ നിലയ്ക്ക് ഇതു സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...