കേരള വാർത്തപ്രധാന വാർത്ത

സന്നിധാനത്ത് തിരക്ക് നിയന്ത്രണാതീതം; ദർശനത്തിനെത്തിയ കോഴിക്കോട് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു

ശബരിമല: സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. തിരക്ക് നിയന്ത്രണാതീതമായതോടെ ചൊവ്വാഴ്ച ദർശനം ഉച്ചയ്ക്ക് രണ്ടുമണിവരെ നീട്ടി. കുടിവെള്ളം പോലും കിട്ടാതായതോടെ ചില ഭക്തർ കുഴഞ്ഞുവീണു.

ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനുസമീപം നിർമാല്യത്തിൽ സതി (60) ആണ് മരിച്ചത്. മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വെച്ച് സതി കുഴഞ്ഞുവീഴുകയായിരുന്നു. ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം ദർശനത്തിനെത്തിയതായിരുന്നു സതി.

മുന്നൊരുക്കങ്ങളുടെ അപര്യാപ്തത കൊണ്ടാണ് തിരക്ക് നിയന്ത്രണാതീതമായതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സമ്മതിച്ചു. സംസ്ഥാനം ആവശ്യപ്പെട്ട കേന്ദ്രസേന ഇതുവരെ എത്താത്തത് നിയന്ത്രണങ്ങൾ പാളാൻ കാരണമായി. എൻഡിആർഎഫ്, ആർഎഎഫ് സേനകളുടെ സേവനമാണ് സംസ്ഥാനം നേരത്തേ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇവർ എത്താൻ രണ്ടുദിവസംകൂടി കഴിയുമെന്ന് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു.

ചൊവ്വാഴ്ച മണിക്കൂറുകളോളമാണ് ഭക്തർ ക്യൂനിന്നത്. പമ്പയിൽനിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തർ നടപ്പന്തലിന് മുകളിലെത്തിയത്. നടപ്പന്തലിൽ ഭക്തർ നിറഞ്ഞതോടെ ദർശനം കഴിഞ്ഞവർക്ക് മടങ്ങിപ്പോകാൻ കഴിയാത്ത അവസ്ഥയായി. നിയന്ത്രണങ്ങളെല്ലാം മറികടന്ന് ഭക്തർ നടപ്പന്തലിലേക്ക് എത്തിത്തുടങ്ങി.

പലർക്കും ആറോ ഏഴോ മണിക്കൂറുകൾ ക്യൂനിന്ന ശേഷമാണ് ദർശനം സാധ്യമായത്. തിരക്ക് വർധിച്ചതോടെ സാധ്യമായ എല്ലാവഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണ്. ഇരുമുടിയുമായി എത്തിയവരെ സ്റ്റാഫ് ഗേറ്റ് വഴിയും കടത്തിവിടുന്നുണ്ട്. തിരക്ക് കാരണം പലവഴികളിലൂടെ ഭക്തരെ കയറ്റിവിടുന്നതിനാൽ പലർക്കും പതിനെട്ടാംപടി ചവിട്ടാനായില്ല.

ശബരിമലയിൽ ആവശ്യത്തിന് പോലീസിനെ നിയമിച്ചിട്ടുണ്ടെന്ന് എഡിജിപി എസ്. ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യം നിലവിലില്ല. ക്രമം തെറ്റിച്ച് വനത്തിലൂടെയും മറ്റും വരുന്നവർ അത് അവസാനിപ്പിക്കണമെന്നും അതാണ് തിരക്കിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും തൊഴാൻ അവസരമുണ്ടെന്നും ദയവുചെയ്ത് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. തിരക്ക് നിയന്ത്രിക്കാനായി നിലവിൽ നിലയ്ക്കലിൽ വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.

ഒന്നരദിവസത്തിനിടെ ഒന്നരലക്ഷത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയത്. കഴിഞ്ഞദിവസവും വൻ തിരക്കാണ് അനുഭവപ്പെട്ടത്. മണ്ഡലകാലത്തിന്റെ ആദ്യദിനംതന്നെ തീർഥാടകരെ വഴിനീളെ തടഞ്ഞിടുന്ന സാഹചര്യവുമുണ്ടായി. ശബരിമല സന്നിധാനത്ത് മരക്കൂട്ടംവരെ കാത്തിരിപ്പ് നീളുകയും എരുമേലിയിലെ പാർക്കിങ് മൈതാനങ്ങൾ നിറയുകയും ചെയ്തതോടെയാണ് യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചവരെ അയ്യപ്പൻമാരെ ഇടത്താവളങ്ങളിൽനിന്ന് ഘട്ടംഘട്ടമായാണ് വിട്ടത്.

സാധാരണ വലിയ തിരക്കുള്ള ദിവസങ്ങളിൽ മാത്രം കാണുന്നത്ര ഞെരുക്കമായിരുന്നു വൃശ്ചികം ഒന്നിന് എരുമേലിയിൽ. തലേന്ന് രാത്രിതന്നെ അയ്യപ്പൻമാർ ഇവിടെ എത്തി. വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാതെ സ്‌പോട്ട് ബുക്കിങ്ങിനെ ആശ്രയിക്കാൻ നിരവധിപേർ വന്നതാണ് തിരക്കേറാൻ ഒരു കാരണം. ക്യൂ പാലിക്കാതെ ഭക്തർ തള്ളിക്കയറിയതോടെ സ്‌പോട്ട് ബുക്കിങ് കൗണ്ടറിലെ മേശ തകർന്നു. ബുക്കിങ് അരമണിക്കൂർ നിർത്തിവെച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. രാത്രിയിലും പലവട്ടം തിരക്ക് നിയന്ത്രണംവിട്ടു. ഇവിടെ മൂന്ന് സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളുണ്ട്. ഭക്തർ കാത്തുനിൽക്കുന്ന വേളയിൽ തമിഴ്‌നാട്, ആന്ധ്രാ എന്നിവിടങ്ങളിൽനിന്നുള്ളവർ ക്യൂതെറ്റിച്ച് ബഹളവുമായി എത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ക്ഷേത്രാങ്കണത്തിലെ തിരക്ക് ഒഴിവാക്കാൻ ഇക്കുറി ദേവസ്വം വലിയമൈതാനത്തെ കെട്ടിടത്തിൽ കടമുറികൾ ഒഴിവാക്കി ബുക്കിങ് സൗകര്യം ക്രമീകരിച്ചിരുന്നു. എന്നാൽ, ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തതിനാൽ ക്ഷേത്രാങ്കണത്തിൽ ദേവസ്വം ഓഫീസിനോട് ചേർന്നുള്ള ഹാളിലേക്ക് ബുക്കിങ് മാറ്റി. പ്രശ്‌നങ്ങളായതോടെ ഹാളിന് പുറത്തുണ്ടായിരുന്ന കേന്ദ്രം ഹാളിനുള്ളിലേക്ക് മാറ്റി. ഭക്തർക്ക് ഒറ്റവരിയായി ക്യൂ സംവിധാനം ഏർപ്പെടുത്തി.

പൊൻകുന്നം, കൂരാലി, ഇളങ്ങുളം തുടങ്ങിയ ഇടത്താവളങ്ങളിൽ അരമണിക്കൂർ വീതമാണ് അയ്യപ്പൻമാരുടെ യാത്ര നിയന്ത്രിച്ച് നിർത്തിയത്. ഓരോ ബാച്ചായാണ് ഇവിടെനിന്ന് ഭക്തരെ വിട്ടത്. ആദ്യദിനംതന്നെ വഴിയിൽ തടഞ്ഞിട്ടതിൽ ഭക്തർക്ക് എതിർപ്പുണ്ട്. എന്നാൽ, എരുമേലിയിൽ കുരുക്ക് തീവ്രമാകാതിരിക്കാനാണ് ക്രമീകരണമെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, വെർച്വൽക്യൂ പ്രകാരം 70,000 അയ്യപ്പൻമാർ സന്നിധാനത്തേക്ക് വരുമെന്ന് അധികൃതർക്ക് അറിയാമായിരുന്നില്ലേ എന്നാണ് ഭക്തർ ചോദിക്കുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ്...