അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

ധാക്ക: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശിലെ കുറ്റകൃത്യ ട്രിബ്യൂണൽ. കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന പോലീസ് നടപടി സംബന്ധിച്ച കേസിലാണ് വിധി. ജനുവരിയിൽ ബംഗ്ലാദേശിൽ നടന്നത് ഡമ്മി തിരഞ്ഞെടുപ്പാണെന്നാണ് ട്രിബ്യൂണൽ കണ്ടെത്തൽ. ‘മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞെ’ന്ന് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ പറഞ്ഞു.

കഴിഞ്ഞവർഷമുണ്ടായ ബഹുജനപ്രക്ഷോഭം അടിച്ചമർത്തിയെന്നപേരിലാണ് ഷെയ്ഖ് ഹസീന വിചാരണ നേരിട്ടത്. ഹസീനയുടെ ആഭ്യന്തരമന്ത്രിയായിരുന്ന അസദുസമാൻ ഖാൻ കമാൽ, അന്നത്തെ ഐജി ചൗധരി അബ്ദുള്ള അൽ മാമുൻ എന്നിവരുടെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട്. കൊലപാതകം, കൊലയ്ക്കുള്ള ശ്രമം, പീഡനം, മനുഷ്യത്വമില്ലാത്ത മറ്റുപ്രവൃത്തികൾ എന്നിവയ്ക്കാണ് ഹസീനയുടെ പേരിൽ ചുമത്തിയിരിക്കുന്നത്.

ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേൽ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികൾക്കുമേൽ മാരകായുധം പ്രയോഗിക്കാൻ ഉത്തരവിട്ടു. വിദ്യാർഥികൾക്കുനേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു. പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട വിദ്യാർഥിയുടെ മൃതദേഹപരിശോധനാ റിപ്പോർട്ട് ഡോക്ടർമാരെ ഭീഷണിപ്പെടുത്തി തിരുത്തൽ നടത്തി തുടങ്ങിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു.

വിധിക്കു പിന്നാലെ ഷെയ്ഖ് ഹസീനയുടെ ധാക്കയിലെ വീടിന് മുന്നിൽ വലിയ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഹസീനയുടെ വീടിന് മുന്നിൽ ബുൾഡോസറുകളും നിർത്തിയിട്ടതായുള്ള റിപ്പോർട്ടുകളുമുണ്ട്.

2024 ജൂലായിലുണ്ടായ പ്രക്ഷോഭത്തെത്തുടർന്ന് ഓഗസ്റ്റ് അഞ്ചിന് രാജിവെച്ച് നാടുവിട്ട ഹസീന അന്നുമുതൽ ഇന്ത്യയിലാണ് കഴിയുന്നത്. ജൂലായ് 15 മുതൽ ഓഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തിൽ 1400ഓളം പേർ കൊല്ലപ്പെട്ടെന്നാണ് യുഎന്നിന്റെ കണക്ക്.

അതേസമയം, തനിക്കെതിരേയുള്ള ആരോപണങ്ങൾ തെറ്റാണെന്നും ഇത്തരത്തിൽ ഒരു കുറ്റവിചാരണയെ താൻ കാര്യമാക്കിയെടുക്കുന്നില്ലെന്നും തന്നെ പിന്തുണക്കുന്നവർക്ക് അയച്ച ശബ്ദസന്ദേശത്തിൽ ഹസീന പറഞ്ഞു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ തന്റെ പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അത് നടക്കില്ലെന്നും ഹസീന പറഞ്ഞു. ‘അത്ര എളുപ്പത്തിൽ അവാമി ലീഗിനെ ഇല്ലാതാക്കാൻ സാധിക്കില്ല. അടിത്തട്ടിൽനിന്ന് വളർന്ന പാർട്ടിയാണ് ഇത്. അധികാരം പിടിച്ചെടുത്തയാളുടെ പോക്കറ്റിൽനിന്ന് കിളിർത്തുവന്നതല്ല’, ഹസീന പറഞ്ഞു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...