പ്രധാന വാർത്ത

തേജസ്വിയുടെ സ്വപ്‌നം പൊലിഞ്ഞു; ബിഹാറിൽ എൻഡിഎ തരംഗം; നിതീഷ് വീണ്ടും അധികാരത്തിലേക്ക്

പാറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം ഉറപ്പിച്ചു.
ബിഹാറിൽ തെരഞ്ഞെടുപ്പ് ഫലം അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ തേരോട്ടം നടത്തി ബിജെപി ജെഡിയു സഖ്യം.

തെരഞ്ഞെടുപ്പ് കമ്മിഷൻ ഒടുവിൽ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ പ്രകാരം എൻഡിഎ സഖ്യം 200 സീറ്റുകൾ കടന്നു 202 സീറ്റുകളിൽ വിജയിച്ചു. ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്.

മഹാസഖ്യത്തിന് 35 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. ഇതിൽ കോൺഗ്രസ് 6 സീറ്റുകളിൽ ഒതുങ്ങി.

എൻഡിഎ സഖ്യം 202 സീറ്റിലും ഇന്ത്യാ സഖ്യം 35 സീറ്റിലും വിജയിച്ചു. എൻഡിഎ സഖ്യത്തിൽ ജെഡിയു 85 സീറ്റുകളിൽ വിജയിച്ചു. ബിജെപി 89 സീറ്റുകളിലും വിജയിച്ചു.

വോട്ടെണ്ണലിൻറെ ആദ്യഘട്ടം മുതൽ എൻഡിഎ മുന്നേറ്റമായിരുന്നു. പിന്നീട് ഇരു സഖ്യങ്ങളും ഒപ്പത്തിനൊപ്പം വന്നെങ്കിലും ജെഡിയുവിൻറെ തേരിലേറി എൻഡിഎ കുതിക്കുകയായിരുന്നു. ഇന്ത്യാ സഖ്യത്തിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും ഒരു ചലനവുമുണ്ടാക്കാൻ കഴിഞ്ഞില്ല.

കഴിഞ്ഞ തവണ അഞ്ചു സീറ്റുകളിൽ വിജയിച്ച അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ഒരു സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്. തങ്ങൾ കറുത്ത കുതിരകളാകുമെന്ന് പ്രഖ്യാപിച്ച് മത്സരരംഗത്തേക്ക് കടന്നുവന്ന പ്രശാന്ത് കിഷോറിൻറെ ജൻ സുരാജ് പാർട്ടിക്ക് തുടക്കത്തിൽ ചില മുന്നേറ്റം നടത്താൻ കഴിഞ്ഞെങ്കിലും അത് നിലനിർത്താൻ അവർക്കായില്ല.

നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബിഹാർ മന്ത്രി അശോക് ചൗധരി പറഞ്ഞു. നിതീഷ് കുമാറിനെ മാറ്റിനിർത്തിയവർക്ക് ഇപ്പോൾ നിതീഷ് കുമാർ എന്താണെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.

2020 ൽ കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടമായ മഹാസഖ്യത്തിന്റെ തിരിച്ചുവരാമെന്ന പ്രതീക്ഷകളെ പാടേ തകർത്താണ് ബിഹാറിൽ എൻഡിയ വൻ വിജയത്തിലേക്ക് നീങ്ങുന്നത്. തൊഴിലില്ലായ്മയും പിന്നാക്കാവാസ്ഥയും സജീവ ചർച്ചയാക്കി യുവതയുടെ നേതാവായി തേജസ്വിയെ മുൻനിർത്തി ഭരണം പിടിക്കാമെന്ന മോഹങ്ങളാണ് തകർന്നടിഞ്ഞത്. ഭരണവിരുദ്ധ വികാരത്തെ ഭരണാനുകൂല വികാരമാക്കി മാറ്റാൻ കൃത്യമായ പദ്ധതികളും പ്രഖ്യാപനങ്ങളുമായി തുടക്കം മുതൽ മുന്നിലായിരുന്നു എൻഡിഎ ക്യാമ്പ്.

പ്രത്യേകിച്ച് സ്ത്രീകൾക്കായി പ്രഖ്യാപിച്ച കാഷ് ബെനിഫിറ്റ് പ്രോഗ്രാമിൽ 10,000 രൂപം വീതം 12 ലക്ഷത്തോളം സ്ത്രീകളുടെ അക്കൗണ്ടിലെത്തിയത് ഒരുമാസം മുമ്പാണ്. അത് കൃത്യമായി വോട്ടായി മാറാൻ ഇതിലും മികച്ച ടൈമിങ് ഇല്ല. അപസ്വരങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കിയ എൻഡിഎയെ അപേക്ഷിച്ച് പ്രതിപക്ഷത്തിന് എല്ലാ സീറ്റിലും കെട്ടുറപ്പോടെ മത്സരിക്കാൻ പോലും കഴിഞ്ഞില്ല. മുകേഷ് സാഹ്നിയുടെ വികാസ് ഇൻ ശീൽ പാർട്ടിയെ എൻഡിഎയിൽ നിന്ന് അടർത്തിയെടുത്ത് ഏഴ് പാർട്ടികളുടെ മഹാസഖ്യം കെട്ടിപ്പടുത്തിട്ടും 16 സീറ്റിൽ പരസ്പരം മത്സരിക്കുന്ന സാഹചര്യവും പ്രതിപക്ഷത്തിന് തിരിച്ചടിയായി. കഴിഞ്ഞ തവണ സീമാഞ്ചൽ മേഖലയിൽ ഒവൈസിയുടെ പാർട്ടിയുടെ സാന്നിധ്യം ന്യൂനപക്ഷ വോട്ടുകളെ ഭിന്നിപ്പിച്ചതായിരുന്നു തേജസ്വിയുടെ സ്വപ്‌നം തകർത്തതെങ്കിൽ ഇത്തവണ സീറ്റിൽ കാര്യമായ നേട്ടമില്ലെങ്കിലും ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിൽ മറ്റു ചെറുപാർട്ടികൾ അവർക്ക് തിരിച്ചടിയായി.

2020ൽ 75 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആർജെഡിക്ക് ഇത്തവണ അതിന്റെ പകുതി സീറ്റുകളിൽ പോലും ലീഡ് ചെയ്യാനായിട്ടില്ല.

യാദവമുസ്ലിം വോട്ടുബാങ്കിനപ്പുറത്തേക്ക് ആർജെഡിക്ക് ഇപ്പോഴും വളരാനാവുന്നില്ലെന്ന് ഈ തിരഞ്ഞെടുപ്പും തെളിയിക്കുന്നു. മുന്നോക്ക വോട്ടുകൾക്ക് ആശ്രയിക്കുന്ന കോൺഗ്രസാകട്ടെ വീണ്ടും ക്ഷീണിച്ച് ദയനീയ പ്രകടനമാണ്. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ച് 19 സീറ്റിൽ ഒതുങ്ങിയ കോൺഗ്രസിന് ഇത്തവണ അതിന്റെ പകുതി സീറ്റിൽപോലും മുന്നിലെത്താനായിട്ടില്ല.

മുകേഷ് സാഹ്നിയുടെ പാർട്ടിയിലൂടെ നിഷാദ് സമുദായത്തിന്റെ അടക്കം പിന്നാക്ക വോട്ടുകളിൽ ഒരുപങ്ക് പ്രതീക്ഷിച്ചെങ്കിലും അത് ഫലംകണ്ടില്ല. 2020 ൽ മഹാസഖ്യത്തിന് 15 സീറ്റുകളുടെ വ്യത്യാസത്തിനാണ് എൻഡിഎയ്ക്ക് മുമ്പിൽ കീഴടങ്ങേണ്ടി വന്നത്. അപ്പോഴും 75 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷി ആർജെഡിയായിരുന്നു. അന്ന് കൃത്യമായി പറഞ്ഞാൽ കേവലം 11,500 വോട്ടുകളുടെ മാത്രം വ്യത്യാസമായിരുന്നു ഭരണം നിശ്ചയിച്ചത്. കഴിഞ്ഞ തവണ 11 സീറ്റിൽ ആയിരത്തിൽ താഴെ ഭൂരിപക്ഷത്തിനും ഏഴിടത്ത് 500 വോട്ടിൽ താഴെയുമായിരുന്നു ജനവിധി. 2020 ൽ 19 സീറ്റിൽ മത്സരിച്ച് 12 സീറ്റുമായി സിപിഐഎംഎൽ ഞെട്ടിച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത്തവണ അവർക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല ആറിടത്ത് മാത്രമാണ് ലീഡുള്ളത്. രണ്ട് സീറ്റുകൾ വീതമുണ്ടായിരുന്ന സിപിഎമ്മും സിപിഐയും ഓരോ സീറ്റിൽ മാത്രമാണ് ഇത്തവണ മുന്നിലുള്ളത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

മന്ത്രി വീണാജോർജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കണ്ണൂർ: തിരുവനന്തപുരത്തേക്ക് മടങ്ങാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ആരോഗ്യമന്ത്രി വീണാജോർജിന് കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിൽ; കനെസെറ്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ നേതാവ്

ജെറുസലേം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മോദി തനിക്ക്...

ആനുകാലികംപ്രധാന വാർത്ത

അനിൽ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ വീട് ഇഡികണ്ടുകെട്ടി

മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ ‘അബോഡ്’...