ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനം, അമേരിക്കയിലെ ഏറ്റവും വലിയ നഗരം, വികസിത നഗരങ്ങളിൽ ആഗോളതലത്തിൽ മുന്നിൽനിൽക്കുന്ന നഗരം എന്നിങ്ങനെ ന്യൂയോർക്കിന് വിശേഷണങ്ങൾ ഏറെയാണ്. ഇത്രയേറെ പ്രാധാന്യമുള്ള നഗരമായതുകൊണ്ടുതന്നെ ന്യൂയോർക്ക് മേയർ സ്ഥാനം ചില്ലറക്കാര്യമല്ല. തിളക്കമേറിയ ഈ കസേരയിലേക്കാണ് ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി ഇപ്പോൾ കടന്നുവന്നിരിക്കുന്നത്. നഗരാധിപതി എന്ന നിലയിൽ അദ്ദേഹത്തിന്റെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും വലുതാണ്.
ഏകദേശം മൂന്നു ലക്ഷത്തോളം ജീവനക്കാരുടെ മേലധികാരിയാണ് ന്യൂയോർക്ക് മേയർ. നഗരത്തിന്റെ ബജറ്റ് 12,000 കോടി യുഎസ് ഡോളറിലധികമാണ്. ന്യൂയോർക്കിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 1.3 ട്രില്യൺ ഡോളറാണ്. ഇത് ലോകത്തിലെ പല രാഷ്ട്രങ്ങളുടെയും ജിഡിപിയേക്കാൾ കൂടുതലാണ്. നഗരത്തിന്റെ ബജറ്റ്, മറ്റ് സാമ്പത്തിക പദ്ധതികൾ എന്നിവയൊക്കെ തയ്യാറാക്കുന്നത് മേയറുടെ നേതൃത്വത്തിലാകും. ട്രംപ് ഭരിക്കുന്ന ഫെഡറൽ സർക്കാർ, ഗവർണറുടെ നേതൃത്വത്തിലുള്ള ന്യൂയോർക്ക് സംസ്ഥാന സർക്കാർ, മറ്റ് ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുമായൊക്കെ സുസ്ഥിര ബന്ധം കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തവും മേയർക്കുണ്ട്.
നികുതിനിരക്ക് സ്വന്തം ഇഷ്ടപ്രകാരം കൂട്ടാനോ കുറയ്ക്കാനോ മേയർക്ക് സാധിക്കില്ല. അതിന് സംസ്ഥാന നിയമസഭയുടെ അംഗീകാരം ആവശ്യമാണ്. എന്നാൽ ഇതിനായുള്ള പദ്ധതികൾ സമർപ്പിക്കാൻ മേയർക്ക് കഴിയും. സമ്പന്ന ബിസിനസുകളുടെ ടാക്സ് ഉയർത്തി അതുവഴിയുള്ള വരുമാനം സാമൂഹിക പദ്ധതികൾക്കായി ഉപയോഗിക്കുമെന്നത് മംദാനിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന നിർദേശമാണ്. എന്നാൽ ഇത് നടപ്പിലാക്കുക അത്ര എളുപ്പമല്ലെന്നാണ് യുഎസ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
ന്യൂയോർക്ക് നഗരത്തിലെ വാടക തീരുമാനിക്കുന്ന റെന്റ് ഗൈഡ്‌ലൈൻസ് ബോർഡിലെ ഒൻപത് അംഗങ്ങളെയും നിയമിക്കാനുള്ള പൂർണ്ണ അധികാരം മേയർക്കാണ്. ന്യൂയോർക്കിലെ ‘റെന്റ് സ്‌റ്റെബിലൈസ്ഡ്’ ഗണത്തിൽ വരുന്ന കെട്ടിടങ്ങളിലെ വാടക താൻ അധികാരത്തിലുള്ളിടത്തോളം കാലം വർധിക്കാതെ ഒരേപോലെ നിലനിർത്തുമെന്നത് മംദാനിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ്. തത്വത്തിൽ മേയർക്ക് ഇത് സാധിക്കുമെങ്കിലും അനേകം ചർച്ചകളും പഠനങ്ങളും വേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.
സൗജന്യ ബസ് യാത്രയായിരുന്നു മംദാനിയുടെ മറ്റൊരു വാഗ്ദാനം. ഇതും പ്രാവർത്തികമാക്കാൻ പ്രയാസമാണ്. ന്യൂയോർക്ക് നഗരത്തിലെ പൊതുഗതാഗതം നിയന്ത്രിക്കുന്നത് മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റിയാണ്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളാണ് അതോറിറ്റിയിലുള്ളത്. അവരുടെ പിന്തുണയോടു കൂടിയേ മംദാനിക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കാനൊക്കൂ. അതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
മേയർക്ക് സ്വന്തം നിലയ്ക്ക് നിയമങ്ങളൊന്നും ഉണ്ടാക്കാൻ കഴിയില്ല. എന്നാൽ നഗരസഭ പാസാക്കുന്ന നിയമബില്ലുകൾ ഒപ്പുവെച്ച് അംഗീകരിക്കാനും വീറ്റോ ചെയ്ത് മടക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്. മേയർ ഒരു ബിൽ വീറ്റോ ചെയ്യുകയും നഗരസഭയിലെ മൂന്നിൽ രണ്ട് അംഗങ്ങൾ അതിനെ എതിർക്കുകയും ചെയ്താൽ മേയറുടെ വീറ്റോ അസാധുവാകും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നായ ന്യൂയോർക് പൊലീസ് ഡിപ്പാർട്‌മെന്റിലെ (എൻവൈപിഡി) കമ്മീഷണറെ നിയമിക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം മേയർക്കാണ്.
പൊലീസ് കമ്മീഷണർ യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥനല്ല, മറിച്ച് ഒരു സിവിലിയൻ പ്രതിനിധിയാണ്. പൊലീസ് കമ്മീഷണറും പൊലീസ് ചീഫും (ഇദ്ദേഹം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനാണ്) ചേർന്നാകും ന്യൂയോർക്കിലെ നിയമപാലനം തീരുമാനിക്കുന്നത്. മേയർക്ക് നേരിട്ട് പൊലീസ് സേനയോട് ഉത്തരവിടാൻ സാധിക്കില്ലെങ്കിലും പൊലീസ് കമ്മീഷണർ മേയറുടെ ആളായതുകൊണ്ട് അദ്ദേഹത്തിനു സ്വാധീനം ചെലുത്താനാകും.
പൊലീസ് സേനയിൽ മാത്രമല്ല, അഗ്നിശമന സേന ഉൾപ്പെടെ 40-ഓളം സ്ഥാപനങ്ങളിൽ മേയർക്ക് ഇങ്ങനെ സ്വാധീനമുണ്ടാകും. കൂടാതെ, 200-ൽ അധികം ബോർഡുകൾക്കും കമ്മീഷനുകൾക്കും മേൽനോട്ടം വഹിക്കുന്നതും മേയറാണ്. ക്രിമിനൽ കോർട്ട്, ഫാമിലി കോർട്ട്, സിവിൽ കോർട്ട് എന്നിവിടങ്ങളിൽ ജഡ്ജിമാരെ നിയമിക്കുന്നതും മേയറാണ്.






Leave a comment