അന്താരാഷ്ട്ര വാർത്ത

ലിബിയൻ പണമിടപാട് കേസ്: ഫ്രഞ്ച് മുൻ പ്രസിഡന്റ് നിക്കോളാസ് സർക്കോസി ജയിലിൽ; ഏകാന്ത തടവിൽ

പാരീസ്: പ്രചാരണത്തിനായി അന്തരിച്ച ലിബിയൻ സ്വേച്ഛാധിപതി മുഅമ്മർ ഗദ്ദാഫിയിൽ നിന്ന് അനധികൃതമായി സാമ്പത്തിക സഹായം തേടിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഫ്രാൻസ് മുൻ പ്രസിഡന്റ് നിക്കോളാസ് സർക്കോസി ജയിലിൽ ഹാജരായി. ഇതോടെ, ജയിലിൽ പ്രവേശിക്കുന്ന ആദ്യത്തെ ഫ്രഞ്ച് മുൻ പ്രസിഡന്റായി അദ്ദേഹം മാറി. അഞ്ച് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനായാണ് പ്രാദേശിക സമയം രാവിലെ 09:40-ന് അദ്ദേഹം പാരീസിലെ ലാ സാന്റേ ജയിലിൽ പ്രവേശിച്ചത്.

മയക്കുമരുന്ന് കച്ചവടക്കാർ, തീവ്രവാദ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ തുടങ്ങി മറ്റ് തടവുകാരുള്ളതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സർക്കോസിയെ ജയിലിന്റെ ഐസൊലേഷൻ വിഭാഗത്തിലാണ് പാർപ്പിക്കുക. ഇത് ഏകാന്ത തടവിന് തുല്യമാണ്. പ്രാഥമിക സൗകര്യങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ലഭിക്കുക: ഒരു ടോയ്‌ലെറ്റ്, ഷവർ, മേശ, ചെറിയ ഇലക്ട്രിക് ഹോബ്, കൂടാതെ പ്രതിമാസം 14 യൂറോ ഫീസ് അടച്ചാൽ ഉപയോഗിക്കാവുന്ന ഒരു ചെറിയ ടി.വി. എന്നിവയായിരിക്കും സൗകര്യങ്ങൾ. എല്ലാ ദിവസവും ഒരു മണിക്കൂർ വ്യായാമത്തിന് വേണ്ടി മാത്രമാകും അദ്ദേഹത്തിന് ജയിലിന് പുറത്തിറങ്ങാൻ സാധിക്കുക.

താൻ നിരപരാധിയാണെന്നാണ് സർക്കോസിയുടെ വാദം. ശിക്ഷയ്‌ക്കെതിരെ അദ്ദേഹം അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീൽ നിലനിൽക്കുന്നതിനാൽ അദ്ദേഹം ഇപ്പോഴും നിയമപരമായി നിരപരാധിയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, കേസിന്റെ ഗൗരവം പരിഗണിച്ചാണ് ജയിലിൽ പ്രവേശിക്കാൻ കോടതി നിർദ്ദേശിച്ചത്.

ജയിലിലേക്ക് പോകും വഴി മുൻ പ്രസിഡന്റ് എക്സിൽ (X) ഒരു സന്ദേശം പോസ്റ്റ് ചെയ്തു. “എനിക്ക് ഒരു സംശയവുമില്ല. സത്യം വിജയിക്കുകതന്നെ ചെയ്യും. പക്ഷേ അതിന് നൽകേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. പുലർച്ചെ അവർ തടവിലാക്കുന്നത് ഒരു മുൻ പ്രസിഡന്റിനെയല്ല, മറിച്ച് ഒരു നിരപരാധിയായ മനുഷ്യനെയാണ്,” അദ്ദേഹം കുറിച്ചു.

പാരീസിലെ വീട്ടിൽ നിന്ന് ഭാര്യ കാർള ബ്രൂണിയോടൊപ്പമാണ് സർക്കോസി ജയിലിലേക്ക് പുറപ്പെട്ടത്. വീട്ടിൽ നിന്നിറങ്ങിയ അദ്ദേഹത്തിന് അഭിവാദ്യം അർപ്പിച്ച് നിരവധി അനുയായികൾ കാത്തുനിന്നിരുന്നു. തടവിൽ കഴിയുമ്പോൾ വായിക്കാൻ വേണ്ടി ജീൻ-ക്രിസ്ത്യൻ പെറ്റിറ്റ്ഫിൽസ് എഴുതിയ ‘ലൈഫ് ഓഫ് ജീസസ്’, അലക്സാണ്ടർ ഡ്യൂമാസിന്റെ ക്ലാസിക് നോവലായ ‘ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’ എന്നിവയാണ് സർക്കോസി കൂടെ കൊണ്ടുപോയ പുസ്തകങ്ങൾ.

ഫ്രഞ്ച് ചരിത്രത്തിലെ രണ്ടാമത്തെ സംഭവം

1945-ൽ രണ്ടാം ലോകമഹായുദ്ധത്തിൽ നാസികളുമായി സഹകരിച്ചതിന് ഫിലിപ്പ് പെറ്റൈൻ എന്ന ഫ്രഞ്ച് നേതാവ് രാജ്യദ്രോഹത്തിന് തടവിലാക്കപ്പെട്ടതിനുശേഷം ഇതാദ്യമായാണ് ഒരു മുൻ ഫ്രഞ്ച് ഭരണാധികാരി ജയിലറയ്ക്കുള്ളിലാകുന്നത്.

2007 മുതൽ 2012 വരെ ഫ്രാൻസിന്റെ പ്രസിഡന്റായിരുന്ന സർക്കോസിക്കെതിരെ മറ്റ് കേസുകളും നിലവിലുണ്ട്. ‘ബൈഗ്മാലിയൻ അഫയർ’ എന്നറിയപ്പെടുന്ന മറ്റൊരു നിയമവിരുദ്ധ പ്രചാരണ ധനസഹായ കേസിൽ ആറുമാസത്തെ ജയിൽ ശിക്ഷ അദ്ദേഹത്തിനെതിരെയുണ്ട്. ഈ കേസിൽ നൽകിയ അപ്പീലിന്മേലുള്ള വിധി അടുത്ത മാസമാണ് പ്രസ്താവിക്കുക. കൂടാതെ, രഹസ്യവിവരം ലഭിക്കുന്നതിനായി കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ അദ്ദേഹം കണങ്കാലിൽ ഇലക്ട്രോണിക് ടാഗ് ധരിക്കേണ്ടി വന്നിരുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവം: പൈലറ്റിനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി

ന്യൂഡൽഹി: എയർ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിൽനിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...