കേരള വാർത്ത

അമൽ ബാബുവിൻ്റെ ഹൃദയത്തിന് പുനർജന്മം; മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ നാല് അവയവങ്ങൾ ദാനംചെയ്തു

തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയായ അമൽ ബാബുവിൻ്റെ ഹൃദയം ഇനി മറ്റൊരാളിൽ തുടിക്കും. അമലിൻ്റെ ഹൃദയം തിരുവനന്തപുരത്തുനിന്ന് ആഭ്യന്തര വകുപ്പിൻ്റെ ഹെലികോപ്ടറിൽ കൊച്ചിയിലെത്തിച്ച്, മലപ്പുറം പൊന്നാനി സ്വദേശിയായ 33-കാരനിൽ വിജയകരമായി തുന്നിച്ചേർത്തു.

എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് ആംബുലൻസിൽ ഹൃദയം വിമാനത്താവളത്തിൽ എത്തിച്ചത്. അവിടെ നിന്ന് ഹെലികോപ്ടറിൽ കൊച്ചിയിലേക്ക് എത്തിച്ചു. കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിലെ ഹെലിപാഡിൽ ഇറങ്ങിയ ഹൃദയവുമായി ആംബുലൻസ് മൂന്ന് മിനിറ്റിനകം ലിസി ആശുപത്രിയിലെത്തി.

തിരുവനന്തപുരം മലയിൻകീഴ് തച്ചോട്ട്കാവ് സ്വദേശിയായ 25-കാരൻ അമൽ ബാബുവിൻ്റെ കരൾ, രണ്ട് വൃക്കകൾ എന്നിവയുൾപ്പെടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്കുമാണ് നൽകിയത്.

തിരുവനന്തപുരം ഈഞ്ചക്കലിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അമൽ, ഈ മാസം 12-നാണ് അപകടത്തിൽപ്പെട്ടത്. ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെ കുണ്ടമൺ കടവിന് സമീപം എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് അമലിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരാവുകയായിരുന്നു.

അമൽ ബാബുവിൻ്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും. പിതാവ്: എ ബാബു (റിട്ട. എസ് ഐ), മാതാവ്: ഷിംല ബാബു, സഹോദരി: ആര്യ.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...