മുംബൈ: നീറ്റ് ക്രമക്കേടിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി.) പ്രതിഷേധങ്ങൾക്ക് ലഭിച്ചതുപോലുള്ള വൻ ജനപിന്തുണ കോൺഗ്രസ് നടത്തിയ സമരങ്ങൾക്ക് നേടാനായില്ലെന്നത് പരിശോധിക്കേണ്ട വിഷയമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി.
വിഷയത്തിൽ രാഹുൽഗാന്ധി തുടക്കത്തിൽത്തന്നെ രംഗത്തുവന്നിരുന്നുവെങ്കിലും അതിനെ വലിയൊരു ജനകീയ മുന്നേറ്റമാക്കി മാറ്റാൻ പാർട്ടിക്കു സാധിച്ചില്ലെന്നും മുംബൈയിൽ ഇന്റർനാഷണൽ മൂവ്മെന്റ് ടു ദ യുണൈറ്റഡ് നേഷൻസിന്റെ 15-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സംവാദപരിപാടിയിൽ അദ്ദേഹം പറഞ്ഞു.
സി.ജെ.പി. ഉയർത്തിയ വിഷയങ്ങൾ രാഹുൽഗാന്ധി ‘ഛത്രോം കി ഗൂഞ്ച്’ പരിപാടിയിൽ നേരേത്ത ഉന്നയിച്ചിരുന്നതാണ്. അത് അർഹമായ രീതിയിൽ ജനങ്ങളിൽ എത്തിക്കാനും സ്വാധീനമുണ്ടാക്കാനും സാധിക്കാത്തതിന്റെ കാരണങ്ങൾ അറിയാൻ പാർട്ടി ആത്മപരിശോധന നടത്തണം. ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിൽ താൻ പങ്കെടുത്തത് യുവാക്കളുടെ ആശങ്കകൾ നേരിട്ടു കേൾക്കാൻ മാത്രമാണെന്നും അവിടെ പ്രസംഗമൊന്നും നടത്തിയിട്ടില്ലെന്നും തരൂർ വ്യക്തമാക്കി.
2029-ലെ പൊതുതിരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ ജെൻസീകൾ നിർണായകശക്തിയാകും. അടുത്ത മാർച്ചിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ചില സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ജയിക്കാൻ അനുകൂല സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരാമർശംവളച്ചൊടിച്ചെന്ന് തരൂർ
ന്യൂഡൽഹി:മുംബൈയിൽ നടത്തിയ പരാമർശങ്ങൾ കോൺഗ്രസ് നേതൃത്വത്തിനെതിരായ വിമർശനമാണെന്ന് വ്യാഖ്യാനമുയർന്നതോടെ വിശദീകരണവുമായി ശശി തരൂർ രംഗത്തെത്തി. ചില മാധ്യമങ്ങൾ തന്റെ പരാമർശങ്ങളെ വളച്ചൊടിക്കുകയായിരുന്നുവെന്ന് തരൂർ പറഞ്ഞു.
താൻ ഋഷഭ് ഷായുമായി നടത്തിയ സംഭാഷണത്തിലെ ഉള്ളടക്കം സ്വന്തം പാർട്ടിയെയോ നേതൃത്വത്തെയോ ആക്രമിച്ചതാണെന്ന മട്ടിൽ ചില മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നത്, കഴിവുകേടിന്റെയും ദുരുദ്ദേശ്യത്തിന്റെയും പ്രത്യേക തരത്തിലുള്ള ചേരുവയാണെന്ന് തരൂർ സാമൂഹ്യമാധ്യമമായ എക്‌സിൽ വിമർശിച്ചു. ഋഷഭ് ഷായുമായി നടത്തിയ സംഭാഷണത്തിന്റെ പൂർണരൂപവും പങ്കിട്ടു.





