ഉരുൾപൊട്ടിയും ഗതാഗതം തടസ്സപ്പെട്ടും മലയോരമേഖലകളും നദികൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളും ഒറ്റപ്പെട്ടതോടെ സംസ്ഥാനം രൂക്ഷമായ മഴക്കെടുതിയിലായി. മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയപാത 85-ൽ നേര്യമംഗലം മുതൽ അടിമാലി വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇതു സംബന്ധിച്ച് പോലീസിന് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ഈ ഭാഗത്തു കൂടിയുള്ള യാത്ര ഒഴിവാക്കണം.
ജില്ലയിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ട് ശനിയാഴ്ച തന്നെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞ് പാലാ നഗരം വെള്ളത്തിൽ മുങ്ങി. എരുമേലി, മുണ്ടക്കയം, മണിമല ടൗണുകളിലും വെള്ളം കയറി. ഈരാറ്റുപേട്ട- വാഗമൺ റോഡിൽ എട്ടിടത്ത് കല്ലുകൾവീണ് ഗതാഗതം മുടങ്ങി. ഏറ്റുമാനൂർ -പൂഞ്ഞാർ, പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതകളിൽ പലയിടത്തും വെള്ളം കയറി ഗതാഗതം മുടങ്ങി.
പത്തനംതിട്ടയിൽ മൂന്നിടത്ത് ഉരുൾപൊട്ടിയെങ്കിലും ആളപായമില്ല. വെള്ളം കയറി റാന്നി ടൗൺ പൂർണമായും ഒറ്റപ്പെട്ടു. വീടുകളിൽ കുടുങ്ങിയവരെ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പോലീസ് സംഘം എന്നിവരാണ് രക്ഷിച്ചത്. ആറന്മുളയിൽ സത്രക്കടവുമുതൽ മാലക്കരവരെ റോഡ് വെള്ളത്തിലായി. ആചാരപരമായി ആറന്മുളവള്ളസദ്യ നടന്നു. മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നുവെച്ചിരുന്നു. രണ്ടെണ്ണം അടച്ചു.
തിരുവനന്തപുരം ജില്ലയിൽ പേപ്പാറ, അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടർ ഉയർത്തി. കണ്ണൂർ ജില്ലയിൽ കൊളിത്തട്ട്, ആറളം വന്യജീവി സങ്കേതം, മാക്കൂട്ടം, ബ്രഹ്‌മഗിരി വനമേഖലകളിൽ ഉരുൾപൊട്ടലുണ്ടായി. ആറളം ഫാമും ആറളം വന്യജീവി സങ്കേതവും ഒറ്റപ്പെട്ടു. പഴശ്ശി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു. കൊട്ടിയൂർ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് ഞായറാഴ്ച രാവിലെവരെ ഗതാഗത നിരോധനം ഏർപ്പെടുത്തി. പാലക്കാട് ജില്ലയിൽ മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകൾ തുറന്നു. തൃത്താല, വെള്ളിയാങ്കല്ല് ഷട്ടറുകൾ ഉയർത്തി.
കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ ദേശീയപാതയിൽ വെള്ളം കയറി തടസ്സപ്പെട്ട ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു. താമരശ്ശേരിച്ചുരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. മലബാർ റിവർ ഫെസ്റ്റിവൽ നിർത്തിവെച്ചു. ശനിയാഴ്ച പുലർച്ചെ കടലുണ്ടി കപ്പലങ്ങാടി ബീച്ചിൽ ബോട്ട് കരയ്ക്കടുപ്പിക്കാൻ കഴിയാതെ കടലിൽ കുടുങ്ങിയ 17 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പലർക്കും പരിക്കുണ്ട്. ഇടുക്കിയിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി. കല്ലാർകൂട്ടി, മലങ്കര, കല്ലാർ ഡൈവേർഷൻ, പാംബ്ല അണക്കട്ടുക ൾ തുറന്നു. ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു.
കനത്തമഴയെത്തുടർന്ന് സംസ്ഥാനത്ത് ഉരുൾപൊട്ടലും പ്രളയസമാനമായ വെള്ളപ്പൊക്കവും. മഴക്കെടുതിയിൽ എട്ടുപേർക്ക് ജീവൻ നഷ്ടമായി. ഏഴുപേരെ കാണാതായി. മലയോരമേഖലകളിൽ ഉരുൾപൊട്ടൽ ഭീതിപടർത്തി. പുഴകൾ കരകവിഞ്ഞു, താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഒട്ടേറെപ്പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കുമാറ്റി. വ്യാപകകൃഷിനാശവും വസ്തുനാശവുമുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് തോരാമഴ ഏറെ നാശം വിതച്ചത്.
കോട്ടയത്ത് ഈരാറ്റുപേട്ട പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉരുൾപൊട്ടലിൽ വീടുതകർന്ന് അമ്മയും മകനും മരിച്ചു. പയ്യാനിത്തോട് ഭാഗത്ത് വണ്ടൻ പ്ലാവിലുണ്ടായ ഉരുൾപൊട്ടലിൽ മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന(49), മകൻ ജോസഫിൻ (24) എന്നിവരാണ് മരിച്ചത്. വീട് പൂർണമായും ഒലിച്ചുപോയി. മൂന്നു പഞ്ചായത്തുകളിലായി ആറിടത്ത് ഉരുൾപൊട്ടി. പുതുപ്പള്ളി വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് പരിയാരം കാട്ടാമ്പാക്ക് ഷിജു കുര്യന്റെ മകൻ മിലൻ കെ. ഷിജു(11) മരിച്ചു.
ഇടുക്കിയിൽ തൊടുപുഴയ്ക്കുസമീപം കുടയത്തൂർ അടൂർമലയിൽ ശനിയാഴ്ച പുലർച്ചെ രണ്ടിനുശേഷമുണ്ടായ ഉരുൾപൊട്ടലിൽ ആദിവാസി സ്ത്രീ മഷികല്ലേൽ സുമതി(69) മരിച്ചു. വീട് ഉരുൾ കൊണ്ടുപോയി. പുലർച്ചെ മൂന്നോടെ വാഗമൺ കോലാഹലമേട്ടിൽ മണ്ണിടിഞ്ഞ് വീടിനുമുകളിലേക്കുവീണ് വൈക്കം മറവൻതുരുത്ത് കുലശേഖരമംഗലം ശ്രീപത്മനാഭത്തിൽ പ്രഭാകരൻ നായർ (38) മരിച്ചു. കോലാഹലമേട് സ്വദേശിയായ സഹോദരി ലീലാമണിയുടെ വീട്ടിൽ വൈക്കം സ്വദേശിയായ പ്രഭാകരൻ നായരെത്തിയത് ബുധനാഴ്ചയായിരുന്നു. ലീലാമണി രക്ഷപ്പെട്ടു.
കരകവിഞ്ഞൊഴുകിയ തോട്ടിൽവീണ് മലപ്പുറം കൊണ്ടോട്ടി മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ (നാല്), വണ്ടൂർ തിരുവാലി എറിയാട് കണ്ടമംഗലത്ത് അബ്ദുൽ മുനീറിന്റെയും തസ് ലിമ ബാനുവിന്റെയും മകൻ അബ്ദുൽ മുഹൈനി (രണ്ടര) എന്നിവർ മരിച്ചു. മഴയിൽ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പുചെയ്യുന്നതിനിടെ ഷോക്കേറ്റ്, കർഷകനായ വയനാട് കാവുംമന്ദം മഞ്ഞൂറ സ്വദേശി മാങ്കോട്ടിൽ ബെന്നി (57) മരിച്ചു.
കണ്ണൂർ പേരാവൂർ കാഞ്ഞിരപ്പുഴയിൽ തേങ്ങ ശേഖരിക്കുന്നതിനിടെ കൊട്ടംചുരം വയൽപീടികയിൽ വി.പി. ഹനീഫ(46) യെയും പുളിങ്ങോം മീന്തുള്ളിയിൽ തുരുത്തിൽ ഒറ്റപ്പെട്ട സേവ്യർ എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടെ നീന്തൽ പരിശീലകൻ തിരുവനന്തപുരം സ്വദേശി രാജേഷിനെയും ഒഴുക്കിൽപ്പെട്ടു കാണാതായി. തിരുവനന്തപുരം മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ ഷിജിൻ (32), ഫ്രീമോൻ (26) എന്നിവരെയും വിഴിഞ്ഞത്തുനിന്ന് മീൻപിടിക്കാൻപോയ അടിമലത്തുറ സ്വദേശി ആന്റണി, പുല്ലുവിള സ്വദേശി എം. ജോൺ എന്നിവരെയും കാണാതായി. കൊല്ലത്ത് വള്ളംമുങ്ങി മത്സ്യത്തൊഴിലാളി തമിഴ്‌നാട് പുതിയൂർ മണ്ടയ്ക്കാട് സ്വദേശി അർജുനെ(30)യും കാണാതായി. ഗുജറാത്ത് തീരത്തുനിന്നുള്ള ന്യൂനമർദ്ദ പാത്തിയാണ് രണ്ടുദിവസത്തെ കനത്തമഴയ്ക്ക് കാരണമായത്.






Leave a comment