മനുഷ്യരേക്കാൾ ഉയരത്തിൽ വളരുന്ന ഒരു പൂവ്. ഹിമാലയത്തിലെ മഞ്ഞുമൂടിയ മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 4,000 മീറ്ററിലധികം ഉയരത്തിലാണ് ഈ പൂവ് വളരുന്നത്. മഞ്ഞുമൂടിയ കഠിനമായ കാറ്റിനോട് പടവെട്ടി, തണുത്തുറഞ്ഞ രാത്രികളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് വളരുന്ന ഒരു അപൂർവ ആൽപൈൻ പുഷ്പം. പ്രാദേശികമായി കെൻസോ അല്ലെങ്കിൽ പദംചൽ എന്നറിയപ്പെടുന്ന ഈ പൂവ് പ്രകൃതിയുടെ ഒരു വിസ്മയമാണ്. ചുറ്റുമുള്ള സസ്യജാലങ്ങൾക്ക് മുകളിൽ തലയുയർത്തി നിൽക്കുന്ന, ചിലപ്പോൾ ഒരു മനുഷ്യനേക്കാൾ ഉയരത്തിലെത്തുന്ന ഈ ഹിമാലയൻ സുന്ദരി ഒരൊറ്റ പൂവ് ഉൽപാദിപ്പിക്കാൻ ഏഴ് മുതൽ പതിനഞ്ച് വർഷം വരെ സമയമെടുക്കുന്നു. ലോകത്തിലെ ഏറ്റവും കഠിനമായ പർവത പ്രകൃതിയിൽ വിരിയുന്ന ജീവനുള്ള വജ്രങ്ങളാണ് ഈ പൂക്കൾ.
ഈ പൂവിന്റെ അപൂർവത കൊണ്ടും പ്രതിരോധശേഷി കൊണ്ടും ഇതിനെ ‘ഹിമാലയൻ വജ്രം’ എന്നും വിളിക്കുന്നു. തീവ്രമായ അൾട്രാവയലറ്റ് വികിരണം, തണുത്തുറഞ്ഞ താപനില, ശക്തമായ പർവതക്കാറ്റ് തുടങ്ങി പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച്, എല്ലാ പ്രതിബന്ധങ്ങൾക്കും വിരുദ്ധമായി ഇത് ജീവിക്കുകയും വളരുകയും ചെയ്യുന്നു. ഒരു വജ്രം കഠിനമായ സാഹചര്യങ്ങളിൽ രൂപപ്പെടുന്നത് പോലെയാണ് ഈ പൂവും വിരിയുന്നത്.
- ഹിമാലയത്തിലെ അതിജീവനം
ഭൂമിയിലെ ഏറ്റവും കഠിനമായ പരിതസ്ഥിതികളിലൊന്നിനെ അതിജീവിക്കാൻ പരിണമിച്ച ഒരു ആൽപൈൻ സസ്യമാണ് കെൻസോ. സമുദ്രനിരപ്പിൽ നിന്ന് 4,000 മീറ്ററിലധികം ഉയരത്തിലുള്ള പാറക്കെട്ടുകള നിറഞ്ഞ ചരിവുകളിലും ഹിമാനികളുടെ മൊറൈനുകളിലുമാണ് ഇത് സാധാരണയായി വളരുന്നത്. സമുദ്രനിരപ്പിലുള്ളതിനേക്കാൾ 40 ശതമാനം കുറവ് ഓക്സിജൻ മാത്രമുള്ള ഇത്തരം ദുർഘടമായ പ്രദേശങ്ങളിൽ എത്തിപ്പെടുക എന്നത് മനുഷ്യർക്ക് അത്ര എളുപ്പമല്ല.
അനുകൂല സാഹചര്യങ്ങളിൽ ഈ ചെടിക്ക് പലപ്പോഴും രണ്ട് മീറ്ററിലധികം (6 അടിയോളം) ഉയരത്തിൽ വളരാൻ കഴിയും. ഹിമാലയൻ സസ്യശാസ്ത്ര പഠനങ്ങൾ അനുസരിച്ച്, ഉയർന്ന ഉയരത്തിൽ വളരുന്ന സസ്യങ്ങളിൽ ഇത്രയും വലിയ ഘടനയുള്ളവ വളരെ അപൂർവമാണ്.
- ഹിമാലയൻ വജ്രം എവിടെ കണ്ടെത്താം?
1. വാലി ഓഫ് ഫ്ലവേഴ്സ്, ഉത്തരാഖണ്ഡ്: യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ട്രെക്കിങ് അനുമതിയുള്ളത്. ഈ സമയത്ത് നൂറുകണക്കിന് ഹിമാലയൻ പൂച്ചെടികൾക്കൊപ്പം കെൻസോയും താഴ്‌വരയെ ഒരു പ്രകൃതിദത്ത സസ്യോദ്യാനമാക്കി മാറ്റുന്നു.
2. ഹേമകുണ്ഡ് സാഹിബ് മേഖല, ഉത്തരാഖണ്ഡ്: ആൽപൈൻ പുൽമേടുകളിലൂടെയുള്ള ഈ യാത്രാമാർഗം നിരവധി അപൂർവ ഹിമാലയൻ സസ്യങ്ങളുടെ ഒരു ഹോട്ട്‌സ്‌പോട്ടാണ്. ഇവിടുത്തെ കഠിനമായ കാലാവസ്ഥ ഈ ചെടിയുടെ വളർച്ചയ്ക്ക് അനുയോജ്യമാണ്.
3. ഗംഗോത്രി ദേശീയോദ്യാനം: ഗൗമുഖ്, തപോവൻ തുടങ്ങി വിദൂര ഗംഗോത്രി താഴ്‌വരകളിലേക്ക് പോകുന്ന ട്രെക്കിങ്ങുകാർ ഈ പ്രത്യേക ആൽപൈൻ സസ്യം തഴച്ചുവളരുന്ന ഭൂപ്രകൃതികൾ പലപ്പോഴും കാണാറുണ്ട്.
4. വടക്കൻ സിക്കിം: ആൽപൈൻ പുൽമേടുകളുടെ മറ്റൊരു സ്വർഗമായ വടക്കൻ സിക്കിമിലെ യംതാങ്, സീറോ പോയിന്റ്, ലാച്ചെൻ, ലാച്ചുങ് എന്നീ പ്രദേശങ്ങളിലും ഈ അപൂർവ പുഷ്പത്തെ കാണാം.
5. ഭൂട്ടാൻ ഹിമാലയം: ഏകദേശം 4,300 മീറ്റർ ഉയരത്തിൽ ജോമോൾഹാരി പർവതത്തിന്റെ ബേസ് ക്യാംപിന് സമീപം ഈ പുഷ്പത്തിന്റെ സാന്നിധ്യം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ ചെടിയുടെ പ്രത്യേക ഇലകളും ശാഖകളും പൂവിന് ചുറ്റും ഒരു ഹരിതഗൃഹം പോലുള്ള മൈക്രോക്ലൈമറ്റ് സൃഷ്ടിച്ച് അതിനെ തണുപ്പിൽ നിന്ന് സംരക്ഷിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. - ഔഷധ നിധി
- നൂറ്റാണ്ടുകളായി ഹിമാലയത്തിലുടനീളമുള്ള പ്രാദേശിക സമൂഹം മുറിവുകളും ചതവുകളും ഉണക്കാൻ, അസ്ഥി ഒടിവുകൾക്കുള്ള ചികിത്സയിൽ, വിട്ടുമാറാത്ത തലവേദനയ്ക്ക്, ദഹനക്കേടും വയറിലെ അസ്വസ്ഥതകളും പരിഹരിക്കാൻ, ശരീരത്തിലുണ്ടാകുന്ന വീക്കങ്ങൾ കുറയ്ക്കാനായും കെൻസോ ഉപയോഗിക്കുന്നു.
സമീപകാല പാരിസ്ഥിതിക പഠനങ്ങൾ അനുസരിച്ച്, ആഗോളതാപനം മൂലം താപനില ഉയരുന്നതിനനുസരിച്ച് ഈ സസ്യങ്ങളുടെ ആവാസ വ്യവസ്ഥകൾ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനാൽ ഈ പുഷ്പത്തെ പറിച്ചെടുക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതെ അതിന്റെ സ്വാഭാവിക ഭംഗി ആസ്വദിക്കാൻ സന്ദർശകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ അദ്ഭുത സസ്യത്തെ കാണാൻ ഏറ്റവും അനുയോജ്യമായ സമയം ജൂലൈ അവസാനം മുതൽ സെപ്റ്റംബർ ആദ്യം വരെയാണ്. മിക്ക ആവാസ വ്യവസ്ഥകളും 4,000 മീറ്ററിനു മുകളിൽ സ്ഥിതിചെയ്യുന്നതിനാൽ, യാത്രക്കാർ മലകയറ്റവുമായി ശരിയായി പൊരുത്തപ്പെടാനും ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്താനും ശ്രദ്ധിക്കണം.






Leave a comment