ന്യൂഡൽഹി: രാജ്യത്ത് നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വർഷങ്ങൾക്ക് മുൻപുള്ള ഒരു പ്രതിഷേധം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. 30 വർഷങ്ങൾക്ക് മുൻപ് ഒരു ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ധർമേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധസമരമാണ് വീണ്ടും ചർച്ചയാകുന്നത്.
1997-ൽ ഒഡീഷയിൽ ജാനകി ബല്ലഭ് പട്നായിക്കിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഭരിക്കുന്ന കാലത്താണ് സംഭവം. ഭുവനേശ്വറിലെ സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിക്കാനായി 1500ൽ അധികം വിദ്യാർത്ഥികളാണ് അന്ന് അണിനിരന്നത്. അന്ന് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (എബിവിപി) ദേശീയ സെക്രട്ടറിയായിരുന്ന ധർമേന്ദ്ര പ്രധാൻ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു.
സമാധാനപരമായി തുടങ്ങിയ പ്രതിഷേധത്തിന് നേരെ ഒടുവിൽ പൊലീസ് ലാത്തിവീശി. അന്ന് പൊലീസിന്റെ ക്രൂര മർദ്ദനത്തിന് ധർമേന്ദ്ര പ്രധാൻ ഇരയായിരുന്നു. മർദ്ദനത്തിൽ അദ്ദേഹത്തിന്റെ എല്ലിന് പൊട്ടലേൽക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
വർഷങ്ങൾക്കിപ്പുറം നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ രാഷ്ട്രീയ ആയുധമാവുകയാണ് ഈ പഴയ സംഭവം.
അതേസമയം, കഴിഞ്ഞ മൂന്നുദിവസമായി ഡൽഹിയിൽ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാകുകയാണ്.
പ്രതിഷേധം തുടരുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ (സിജെപി) രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. വിഘടനവാദികളുടെ ബി ടീമാണ് സിജെപിയെന്ന് ധര്‍മേന്ദ്ര പ്രധാന്‍ ആരോപിച്ചു. ഒരു ദേശീയ മാധ്യത്തിനു നല്‍കിയ അഭിമുഖത്തിലാണ് ധര്‍മേന്ദ്ര പ്രധാന്‍ സിജെപിക്കെതിരെ ആഞ്ഞടിച്ചത്.
അതേസമയം, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി എല്ലാകോണുകളിൽനിന്നും മുറവിളി ഉയരുമ്പോഴും അദ്ദേഹത്തെ കൈവിടാതെ ബി.ജെ.പി. വിദ്യാർഥിപ്രക്ഷോഭകർക്കുപിന്നാലെ കോൺഗ്രസും സമാന ആവശ്യമുന്നയിച്ച് പ്രതിഷേധം ശക്തമാക്കിയതോടെ ഭരണ-ബി.ജെ.പി. നേതൃത്വങ്ങൾ കടുത്ത സമ്മർദത്തിലാണ്. എന്നിരുന്നാലും തത്‌കാലം മന്ത്രിയെ പാർട്ടിനേതൃത്വം കൈവിടില്ലെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവ് എന്നതുകൊണ്ടുമാത്രമല്ല ഈ സംരക്ഷണം. മറിച്ച് രാജിവെക്കണമെന്ന ആവശ്യം അംഗീകരിച്ചാൽ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വീഴ്ച അംഗീകരിക്കലാകും. നേതൃത്വത്തെ കുഴക്കുന്നതും ഇതാണ്. മന്ത്രിസഭാ പുനഃസംഘടനയുടെപേരിൽ വകുപ്പുമാറ്റത്തിലൂടെ താത്‌കാലിക പ്രതിസന്ധി പരിഹരിക്കുക എന്ന പോംവഴിയുണ്ടായിരുന്നു. എന്നാൽ, പാർലമെന്റ് സമ്മേളനം കഴിയാതെ ഇത് പ്രായോഗികമല്ല.
ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട് സർക്കാർ കർശനനടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച എൻ.ഡി.എ. പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞത്. അതേസമയം, പ്രധാൻ ഉൾപ്പെടെ രാഷ്ട്രീയ നേതൃത്വത്തിന് എന്തെങ്കിലും വീഴ്ചസംഭവിച്ചതായി അംഗീകരിച്ചിട്ടുമില്ല. ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് പ്രധാൻ രാജിവെച്ചാൽ തത്‌കാലം പ്രതിഷേധം തണുപ്പിക്കാമെന്ന് ബി.ജെ.പി.ക്കറിയാം. എന്നാൽ, ഈ ആവശ്യത്തിന് വഴങ്ങുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ.
ഇതിനുപുറമേ, അയോധ്യ സംഭാവനക്കൊള്ളയും കേന്ദ്രത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിദ്യാർഥിപ്രക്ഷോഭത്തെക്കാൾ ബി.ജെ.പി.യെ അലോസരപ്പെടുത്തുന്നതും ഇതാണ്. പ്രധാൻ രാജിവെച്ചാൽ പ്രതിപക്ഷം അടുത്തതായി ഉയർത്തുന്നത് അയോധ്യ സംഭാവനക്കൊള്ളതന്നെയാകും. പാർലമെന്റിൽ ഉൾപ്പെടെ അയോധ്യ ചർച്ച ഒഴിവാക്കാൻ വിദ്യാർഥിപ്രക്ഷോഭം തത്‌കാലം നീണ്ടുപോകട്ടെ എന്ന നിലപാടാണോ കേന്ദ്രത്തിനെന്ന സംശയം സമാജ്‌വാദി പാർട്ടി എം.പി.മാർ പ്രകടിപ്പിക്കുന്നുണ്ട്.
വിദ്യാർഥിപ്രക്ഷോഭം തണുപ്പിച്ചില്ലെങ്കിൽ അത് പ്രതിസന്ധിയുണ്ടാക്കുമെന്ന് ഭരണകേന്ദ്രങ്ങൾക്ക് അറിയാം. ചർച്ചയുടെ വാതിൽ തുറന്ന് നടപടികൾ പരമാവധി നീട്ടിക്കൊണ്ടുപോകുക എന്നതാണ് സർക്കാർ ഇപ്പോൾ പയറ്റുന്ന തന്ത്രം. ചോദ്യച്ചോർച്ചയെത്തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നതുൾപ്പടെയുള്ള മറ്റ് ആവശ്യങ്ങൾ പരിഗണിക്കാം എന്ന സൂചനയാണ് സി.ജെ.പി. നേതൃത്തിന് സർക്കാർ നൽകുന്നത്.






Leave a comment