അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും നേർക്കുനേർ, ഇംഗ്ലിഷ് പടയ്‌ക്കെതിരെ മെസ്സിയുടെ ആദ്യ പോരാട്ടം

അറ്റ്‌ലാന്റ: കായിക ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പ് സെമി ഫൈനലിൽ ചിരവൈരികളായ അർജന്റീനയും ഇംഗ്ലണ്ടും നേർക്കുനേർ. കളിക്കളത്തിലെ കണക്കുകൾക്കപ്പുറം, ചരിത്രപരമായ വൈരത്തിന്റെ കഥകൾ കൂടി നിറഞ്ഞ ഈ പോരാട്ടം ഫുട്ബോൾ പ്രേമികൾക്ക് ആവേശവിരുന്നാകും. ലോകകപ്പില്‍ അഞ്ചു തവണ പരസ്പരം പോരാടിയപ്പോൾ മൂന്നു തവണ ഇംഗ്ലണ്ടിനും രണ്ടു തവണ അര്‍ജന്‍റീനയ്‌ക്കുമായിരുന്നു ജയം. 

മിന്നും ഫോമിലുള്ള ലയണൽ മെസ്സിയാണ് അർജന്റീനയുടെ കരുത്ത്. 8 ഗോളും 2 അസിസ്റ്റുമായി ഗോൾഡൻ ബൂട്ട് മത്സരത്തിൽ മുന്നിലുള്ള മെസ്സിക്കൊപ്പം ലൗട്ടാരോ മാർട്ടിനസും ചേരുമ്പോൾ അർജന്റീനയുടെ മുന്നേറ്റനിര അതിശക്തമാണ്. മറുഭാഗത്ത്, ഹാരി കെയ്നും ജൂഡ് ബെല്ലിങ്ഹാമുമാണ് ഇംഗ്ലീഷ് പടയെ നയിക്കുന്നത്. ഇരുവരും 6 ഗോളുകൾ വീതം നേടിയിട്ടുണ്ട്. സാക, റാഷ്‌ഫോർഡ് തുടങ്ങിയ താരങ്ങൾ ഏത് നിമിഷവും കളിയുടെ ഗതി മാറ്റാൻ കഴിവുള്ളവരാണ്.

40 വർഷം മുൻപത്തെ കണക്കുതീർക്കാൻ ഇംഗ്ലണ്ടിനും, ചരിത്രം ആവർത്തിക്കാൻ അർജന്റീനയ്‌ക്കും അവസരമൊരുങ്ങുന്നു എന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയാണ്. ഇതിഹാസ താരം ഡിയേഗോ മറഡോണയുടെ വിഖ്യാതമായ ‘ദൈവത്തിന്റെ കൈ’ ഗോളും ‘നൂറ്റാണ്ടിന്റെ ഗോളും’ പിറന്ന 1986 ലെ മത്സരത്തിന്റെ ഓർമകൾ ഈ സെമി പോരാട്ടത്തിന്റെ ആവേശം കൂട്ടുന്നു. 1982-ലെ ഫോക്‌ലൻഡ് യുദ്ധത്തിന് ശേഷം തുടരുന്ന വൈര്യം കൂടി കണക്കാക്കുമ്പോൾ മത്സരം ഇരുടീമുകൾക്കും അഭിമാനപ്പോരാട്ടമാണ്.

രണ്ടു പതിറ്റാണ്ടായി തുടരുന്ന തന്റെ കരിയറിൽ അര്‍ജന്‍റീനയ്ക്കായി 200 ലേറെ മല്‍സരങ്ങളില്‍ കളിച്ചിട്ടും ലയണൽ മെസ്സി ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത് ഇതാദ്യമായാണ്. 2005ൽ ഹംഗറിക്കെതിരെ തന്റെ ആദ്യ രാജ്യാന്തര മത്സരം കളിച്ച മെസ്സി, എതിർതാരത്തെ കൈമുട്ടുകൊണ്ടിടിച്ചതിന് ആ കളിയിൽ ചുവപ്പു കാർഡ് കണ്ടിരുന്നു. അതിന് ശേഷം 2005 നവംബർ 12ന് അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മത്സരത്തിൽ സസ്പെൻഷൻ കാരണം മെസ്സിക്ക് കളിക്കാനായില്ല. പിന്നീട് ഇതേവരെ ഇരുടീമുകളും തമ്മിൽ കളിച്ചിട്ടില്ല. ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ അര്‍ജന്‍റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ ആ കാത്തിരിപ്പിന് അവസാനമാകുകയാണ്. അതോടെ, ഇംഗ്ലണ്ടിനെതിരെ മെസ്സിയുടെ ആദ്യ പോരാട്ടം എന്ന നിലയിലും ഈ മത്സരം ചരിത്രത്തിൽ ഇടംപിടിക്കും. ലോകോത്തര താരങ്ങൾ നേർക്കുനേർ വരുന്ന ഈ സ്വപ്ന സെമി, കാൽപ്പന്തുകളിയുടെ ചരിത്രത്തിലെ മറ്റൊരു സുവർണ അധ്യായമായി മാറും. ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ ജയം ആർക്കൊപ്പം നിൽക്കും? കാത്തിരുന്ന് കാണാം!

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...