തിരുവനന്തപുരം: വെടിപ്പില്ലാത്ത കെട്ടിടവും വെള്ളബോർഡിലെ കറുത്ത അക്ഷരത്തിലുള്ള ബോർഡുകളുമായി സാധാരണ കാണാറുള്ള കള്ള് ഷാപ്പുകളുടെ രൂപവും ഭാവവും മാറും. കള്ള് ഷാപ്പുകളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സർക്കാരിന്റെ പുതിയ മദ്യനയത്തിലുൾപ്പെടും.
ശുദ്ധമായ കള്ളിന്റെ ലഭ്യത ഉറപ്പാക്കുക, ഷാപ്പുകളുടെ അന്തരീക്ഷം സൗഹൃദപരമാക്കുക, തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, ഷാപ്പുകളുടെ കെട്ടും മട്ടും മാറ്റുക എന്നിവയാണ് എക്സൈസ് മന്ത്രി എം.ലിജുവിന്റെ പദ്ധതികൾ. ഇത് നടപ്പിലാക്കുന്നതു സംബന്ധിച്ച് ഉന്നതതല ചർച്ചകൾ നടത്തും. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കണമെന്ന ലൈസൻസികളുടെ ആവശ്യവും പരിഗണിക്കും.
കേരള അബ്കാരി ഷോപ്പ്സ് ഡിസ്‌പോസൽ റൂൾസ് 7 (2) പ്രകാരം 400 മീറ്ററാണ് ഷാപ്പുകളുടെ ദൂരപരിധി. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പട്ടികജാതി/വർഗ്ഗ ഉന്നതികൾ, ശ്മശാനങ്ങൾ എന്നിവയെ പരിഗണിച്ചാണിത്. വിദേശമദ്യ ചില്ലറ വില്പന ശാലകൾക്കും ത്രീ സ്റ്റാർ ബാറുകൾക്കും ഇത് 200 മീറ്ററും ഫോർ സ്റ്റാറിനും മുകളിലേക്കുമുള്ള ബാറുകൾക്ക് 50 മീറ്ററുമാണ്. ദൂരപരിധി കുറയ്ക്കാൻ ഷാപ്പ് പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ നിലവാരവും പരിസരവും മെച്ചപ്പെടണം. ജീവനക്കാരുടെ രീതികളിലും കാലനുസൃതമായ മാറ്റം വേണം.
ഒരു തെങ്ങിൽ രണ്ടു ലിറ്റർ കള്ള്
ചെത്തുന്ന തെങ്ങുകളുടെ എണ്ണവും ഉത്പാദിപ്പിക്കുന്ന കള്ളിന്റെ അളവും പൊരുത്തപ്പെടുന്നില്ല എന്ന വിഷയം പ്രധാനമാണ്. ഒരു തെങ്ങിൽ നിന്ന് ദിവസം രണ്ടു ലിറ്റർ കള്ള് എന്നതാണ് സർക്കാർ കണക്ക്. എന്നാൽ, പുതിയ ഇനത്തിലെ തെങ്ങിൽ നിന്ന് അഞ്ചു ലിറ്റർ കള്ള് വരെ കിട്ടും. ഷാപ്പിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള അളവിൽ കൂടുതൽ കള്ള് കണ്ടെത്തിയാൽ ശിക്ഷാർഹമാണ്. അതിനാൽ, ഈ അനുപാതം പുതുക്കി നിശ്ചയിക്കണമെന്നാണ് ലൈസൻസികളുടെ ആവശ്യം.
ചിറ്റൂർ കള്ള്
കണ്ണൂർ, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ചിറ്റൂരിലെ തോപ്പുകളിൽ നിന്നാണ് കള്ള് എത്തുന്നത്. ചിറ്റൂർ സർക്കിളിന് കീഴിലുള്ള 1275 തോപ്പുകളിലെ 1,11,827 തെങ്ങുകളിൽ നിന്നും 2,23,684 ലിറ്റർ കള്ള് ഉത്പാദിപ്പിക്കാനാണ് എക്സൈസ് പെർമിറ്റ് നൽകിയിട്ടുള്ളത്. ഇത് വിശദമായി പരിശോധിക്കും.






Leave a comment