റാവലകോട്ട്: പാക് അധീന കശ്മീരിലെ (PoK) സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ 24-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) നേതാവായ സർദാർ അമൻ ഖാൻ പാകിസ്താന്റെ ഭരണകൂടത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പിഓകെയിലെ കശ്മീരികൾക്ക് ഇതുവരെയും ആയുധങ്ങൾ നൽകിയിരുന്നത് പാകിസ്താൻ സൈന്യം ആയിരുന്നുവെന്നും ഇപ്പോൾ അവർ തന്നെ തങ്ങളെ ഭീകരവാദികളായി മുദ്രകുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഈ പ്രദേശം ഇനി പാകിസ്താന്റെ നിയന്ത്രണത്തിലുള്ളതായി കരുതേണ്ടതില്ലെന്നും ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. പാക് അധീന കശ്മീർ പാകിസ്താന്റെ ഭാഗമല്ലെന്നും, കശ്മീരികളേക്കാൾ കൂടുതൽ പാകിസ്താന് ഈ പ്രദേശത്തെ ആവശ്യമുണ്ടെന്നും ഖാൻ അവകാശപ്പെട്ടു.
പാക് അധീന കശ്മീരിൽ (പി.ഒ.കെ) സർക്കാരിനെതിരായ പ്രക്ഷോഭം കടുക്കുന്നു. തങ്ങൾ പാകിസ്താന്റെ ഭാഗമല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച പ്രതിഷേധക്കാർ, അവശ്യസാധനങ്ങളുടെ വിതരണം തടയുന്നത് തുടർന്നാൽ ഇതര മാർഗങ്ങൾ തേടുമെന്നും മുന്നറിയിപ്പ് നൽകി. റേഷനും മറ്റ് അവശ്യവസ്തുക്കളും മേഖലയിലേക്ക് എത്തുന്നത് മനഃപൂർവം തടയുന്നതിനെതിരായ ജനരോഷമാണ് സമരത്തിൽ പ്രതിഫലിച്ചത്. സാധാരണക്കാരെ കൂട്ടമായി ശിക്ഷിക്കുന്ന നടപടിയാണ് പാക് സർക്കാരിന്റേതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
നിങ്ങളുടെ റേഷൻ ഞങ്ങൾക്ക് വേണ്ടെന്നും നിങ്ങൾക്ക് ഞങ്ങളെയാണ് ആവശ്യമുള്ളതെന്നും പി.ഒ.കെ നേതാവ് സർദാർ അമൻ ഖാൻ പറഞ്ഞു. സാധനങ്ങളുടെ വിതരണത്തിലെ നിയന്ത്രണം തുടരുകയാണെങ്കിൽ അതിജീവനത്തിനായി മറ്റൊരു വഴി തേടാൻ ജനങ്ങൾ നിർബന്ധിതരാകുമെന്നും അമൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ അമൻ ഖാൻ ഉൾപ്പെടെയുള്ള സമരനേതാക്കൾക്കും അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകർക്കുമെതിരേ ഭീകരവിരുദ്ധ നിയമങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
ഭീകരവിരുദ്ധ നിയമങ്ങൾ ഉപയോഗിച്ച് ജമ്മു കശ്മീർ അവാമി ആക്ഷൻ കമ്മിറ്റിയെ (ജെ.എ.എ.സി) ഈ മാസം ആദ്യം പാക് ഭരണകൂടം നിരോധിച്ചിരുന്നു. ഇതിനുശേഷവും സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. റാവലക്കോട്ടിലെയും മിർപുരിലെയും താമസക്കാർ യഥാർത്ഥ കശ്മീരികളല്ലെന്ന പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് നടത്തിയ പരാമർശമാണ് പ്രക്ഷോഭത്തെ കൂടുതൽ ആളിക്കത്തിച്ചത്. പ്രസ്താവനയ്ക്കെതിരേ പി.ഒ.കെയിലുടനീളം പ്രതിഷേധമുയർന്നു.
സാമ്പത്തികവും ഭരണപരവുമായ വിഷയങ്ങളിൽ തുടങ്ങിയ പ്രക്ഷോഭത്തെ ഒരു സുരക്ഷാ ഭീഷണിയായി ചിത്രീകരിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നാണ് ആരോപണം. ജൂൺ ആദ്യം മുതൽ മേഖലയിലെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണമുണ്ട്. സമരത്തിന്റെ ദൃശ്യങ്ങൾ പുറംലോകം അറിയാതിരിക്കാനാണ് ആശയവിനിമയ സൗകര്യങ്ങൾ റദ്ദാക്കിയതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. സംഘർഷത്തിൽ ഇതുവരെ 22 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് തടിച്ചുകൂടിയ 80,000-ത്തിലധികം വരുന്ന പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അമൻ ഖാൻ. ‘പാകിസ്താൻ സൈന്യം തന്നെയാണ് കശ്മീരികൾക്ക് തോക്കുകൾ നൽകിയത്. ഇന്ന് ഞങ്ങളെ തീവ്രവാദികൾ എന്ന് വിളിക്കുന്നതും അവർ തന്നെയാണ്.’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജെയ്ഷെ മുഹമ്മദ് നടത്തിയ ഒരു പരിപാടിയെക്കുറിച്ചും ഖാൻ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ആ പരിപാടിയിൽ പങ്കെടുത്തവർ എകെ-47 തോക്കുകളും വാളുകളും പോലുള്ള മാരകായുധങ്ങളുമായി നഗരത്തിലൂടെ മാർച്ച് ചെയ്തിരുന്നുവെന്നും, റാവലകോട്ടിലെ ഡെപ്യൂട്ടി കമ്മീഷണറാണ് ഈ റാലിക്ക് അനുമതി നൽകുകയും സുരക്ഷയൊരുക്കുകയും ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
‘റാവലക്കോട്ട് ഡെപ്യൂട്ടി കമ്മീഷണർ, തോക്കുകളും വാളുകളുമായി നിങ്ങൾ ഇവിടെ റാലികൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. നിങ്ങൾക്ക് ഓർമ്മയുണ്ടോ? എന്നിട്ട് നിങ്ങൾ ഇന്ന് ഞങ്ങളെ തീവ്രവാദികൾ എന്ന് വിളിക്കുന്നു. ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന ഈ ജനങ്ങളെല്ലാം (പ്രതിഷേധക്കാർ) ഈ മണ്ണിന്റെ അവകാശികളാണ്.’ അദ്ദേഹം പറഞ്ഞു.
തങ്ങളുടെ 38 ആവശ്യങ്ങൾ അംഗീകരിച്ച് നടപ്പിലാക്കിയില്ലെങ്കിൽ, ഈ പ്രക്ഷോഭം പാകിസ്താൻ പൂർണമായും പാക് അധീന കശ്മീരിൽ നിന്ന് ഒഴിഞ്ഞുപോകണം എന്ന ആവശ്യത്തിലേക്ക് മാറുമെന്ന് അമൻ ഖാൻ പാക് സർക്കാരിന് മുന്നറിയിപ്പ് നൽകി. മേഖലയിലെ പാകിസ്താന്റെ നിയന്ത്രണത്തിനെതിരെ പ്രതിഷേധക്കാർ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.
ഈ പ്രതിഷേധങ്ങൾ പാക് അധീന കശ്മീരിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, വിവിധ വിദേശ രാജ്യങ്ങളിലെ പാകിസ്താൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മുന്നിൽ കശ്മീരി അനുകൂലികൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.






Leave a comment