അറ്റുപോകാത്ത ഓർമ്മകൾ’ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആത്മകഥയുടെ രചയിതാവും തൊടുപുഴ ന്യൂമാൻ കോളേജ് മലയാള ഭാഷാ വിഭാഗം മുൻ അധ്യാപകനുമായ പ്രൊഫസർ ടി. ജെ. ജോസഫിന് ന്യൂയോർക്ക് കേരളാ സെന്ററിന്റെയും സർഗ്ഗവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ കേരളാ സെന്ററിൽ ഹൃദ്യമായ സ്വീകരണം നൽകി.
ജൂൺ 7 ലെ മനോഹര സായാഹ്നം. കേരളാ സെന്ററിലെത്തിയ പ്രൊഫസർ ജോസഫിനെ സെന്ററിന്റെയും സർഗ്ഗവേദിയുടെയും ഭാരവാഹികൾ സെന്ററിലെ ലൈബ്രറിയിലേക്ക് ക്ഷണിച്ചു. ലൈബ്രറിയിൽ ഉണ്ടായിരുന്ന ‘അറ്റുപോകാത്ത ഓർമ്മകൾ’ എന്ന സ്വന്തം രചനക്ക് പ്രൊഫസർ ജോസഫ് കയ്യൊപ്പ് നൽകി.

തുടർന്ന് മെയിൻ ഹാളിൽ നടന്ന സ്വീകരണ യോഗത്തിൽ സർഗ്ഗവേദിയുടെ കോർഡിനേറ്റർ പി. ടി. പൗലോസ് ജോസഫ് മാഷെ സദസ്യർക്ക് പരിചയപ്പെടുത്തി വേദിയിലേക്ക് ക്ഷണിച്ചു. ജനനി മാസിക ചീഫ് എഡിറ്ററും സർഗ്ഗവേദിയുടെ ആത്മബന്ധുവുമായ ജെ. മാത്യൂസ് അദ്ധ്യക്ഷനായി . കേരളാ സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ മുഖ്യാതിഥിയെയും സദസ്സിനെയും സ്വാഗതം ചെയ്തു. ജെ. മാത്യൂസ് തന്റെ അധ്യക്ഷപ്രസംഗത്തിലും അലക്സ് എസ്തപ്പാൻ സ്വാഗതപ്രസംഗത്തിലും മുഖ്യാതിഥി പ്രൊഫസർ ടി. ജെ. ജോസഫിന് ഹൃദയപൂർവ്വം ആശംസകൾ നേർന്നു. തുടർന്ന് ഇരുവരും ചേർന്ന് ജോസഫ് മാഷിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

”യുദ്ധം ജയിച്ചിട്ടും രാജ്യം നഷ്ടപ്പെട്ട രാജാവാണ് ഞാൻ” എന്ന് പറഞ്ഞുകൊണ്ടാണ് പ്രൊഫസർ ടി. ജെ. ജോസഫ് തന്റെ പ്രസംഗം ആരംഭിച്ചത്. ചുട്ടുപൊള്ളുന്ന കനൽവഴികളിലൂടെയുള്ള തന്റെ യാത്രയുടെ തീഷ്ണമായ അനുഭവങ്ങളാണ് സത്യസന്ധമായി ആത്മകഥയായ ”അറ്റുപോകാത്ത ഓർമ്മകൾ” എന്ന പുസ്തകത്തിൽ കുറിച്ചിട്ടുള്ളത്. പണ്ടേ കുഴിച്ചുമൂടേണ്ട അല്ലെങ്കിൽ കാലഹരണപ്പെട്ട കപട വിശ്വാസ സംഹിതകൾക്കു വേണ്ടി അവർ തന്റെ കൈകാലുകൾ അറുത്തത് എഴുതാതിരിക്കാനാണ്, നടക്കാതിരിക്കാനാണ്. എന്നിട്ടും ഇന്ന് താൻ നടക്കുന്നു ലോകം മുഴുവൻ. തന്റെ അറുപത്തഞ്ചാം പിറന്നാളിലെ പ്രഭാതനടത്തം ഇരുപത്തിരണ്ടര മണിക്കൂർ വരെ നീണ്ടു. അവർ തന്റെ കൈവെട്ടുന്നതിനു മുൻപായി ഒരെഴുത്തുകാരനല്ലായിരുന്നു.

എന്നാലതിനുശേഷം 4 പുസ്തകങ്ങൾ എഴുതി. ജോസഫ് മാഷ് തുടർന്നു . തന്റെ കൈകാലുകൾ വെട്ടിയവരല്ല തെറ്റുകാർ. കാലഹരണപ്പെട്ട കപട സംഹിതകൾക്കുവേണ്ടി കൊടുവാളെടുക്കാൻ അവരെ നിയോഗിച്ചവരാണ് തെറ്റുകാർ, അവരാണ് ശരിക്കും ശിക്ഷിക്കപ്പെടേണ്ടത്. ജാമ്യം കിട്ടി വീട്ടിലെത്തിയിട്ടും ബന്ധുക്കൾ വരെ തിരിഞ്ഞു നോക്കിയില്ല. മാനേജ്മെൻഡും സ്വന്തം സഭയും എതിരായി. ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അമ്മയെ നോക്കാത്തവനാണ്, ഭാര്യയെ തല്ലുന്നവനാണ് എന്ന് കുപ്രചരണങ്ങൾ നടത്തി. മാനേജ്മെന്റിലെ വിശ്വാസിയായ ഒരു കോളേജ് പ്രൊഫസർ പറഞ്ഞുനടന്നു, ”മുറിവേറ്റ മനസ്സോടെ, ശരീരത്തോടെ ജോസഫ് സാർ എങ്ങനെ കുട്ടികളെ പഠിപ്പിക്കും?”
എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യാൻ റയിൽപാളം വരെ എത്തിയ
ഓട്ടത്തിൽ രക്ഷപെടുത്തിയത് പുസ്തകങ്ങളാണ്. പുസ്തകങ്ങളെ അന്നും ഇന്നും കൈവിട്ടിട്ടില്ല, പ്രൊഫസർ ജോസഫ് കൂട്ടിച്ചേർത്തു.
തുടർന്ന് സംസാരിച്ച ജോസഫ് മാഷിന്റെ ശിഷ്യൻ കൂടിയായ സർഗ്ഗവേദിയിലെ ജയൻ ചെറിയാൻ ”അറ്റുപോകാത്ത ഓർമ്മകൾ” എന്ന പുസ്തകത്തിനെക്കുറിച്ച് വിശദമായ ഒരു വിവരണം നടത്തി. സിബി ഡേവിഡ്, ബാബു പാറക്കൽ, കോശി തോമസ്, എൽസി യോഹന്നാൻ, മാമ്മൻ സി മാത്യു, എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. കേരളാ സെന്ററിന്റെ സെക്രട്ടറിയും സർഗ്ഗവേദിയുടെ ആത്മബന്ധുവുമായ രാജു തോമസ് നന്ദി പറഞ്ഞു. തുടർന്ന് നടന്ന സ്‌നേഹവിരുന്നോടെ ഒരു സർഗ്ഗസായാഹ്നം പൂർണ്ണമായി.
- Report പി. ടി. പൗലോസ്






Leave a comment