ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

ബംഗാളില്‍ മമത ബാനര്‍ജി യുഗം അവസാനിക്കുന്നു; ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ മമത ബാനര്‍ജിയുടെ യുഗം അവസാനിക്കുന്നു. കനത്ത ആഭ്യന്തര കലഹങ്ങള്‍ക്കൊടുവില്‍ ‘ദിദി’യുടെ രാഷ്ട്രീയ ഭാവി അക്ഷരാര്‍ത്ഥത്തില്‍ അവതാളത്തിലായിരിക്കുകയാണ്. മമത ബാനര്‍ജി പാര്‍ട്ടിയില്‍ നിന്നും മുന്‍പ് പുറത്താക്കിയ വിമത എംഎല്‍എ ഋതബ്രത ബാനര്‍ജിയെ നിയമസഭാ സ്പീക്കര്‍ പുതിയ പ്രതിപക്ഷ നേതാവായി അംഗീകരിച്ചു. ഇതോടെ മമതയ്ക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നവും അസ്തിത്വവും വരെ നഷ്ടപ്പെടുന്ന മാരക സാഹചര്യമാണ് കൊല്‍ക്കത്തയില്‍ ഒരുങ്ങിയിരിക്കുന്നത്. അഖ്രുജ്ജമാനെ പുതിയ ചീഫ് വിപ്പായും സ്പീക്കര്‍ രവീന്ദ്രനാഥ് ബോസ് അംഗീകരിച്ചിട്ടുണ്ട്.

തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന അവകാശവാദവുമായി 58 എംഎല്‍എമാരുടെ കനത്ത പിന്തുണയോടെയാണ് വിമതര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ഋതബ്രത ബാനര്‍ജിയെയും സന്ദീപന്‍ സാഹയെയും മമതയും കൂട്ടരും മുന്‍പ് പാര്‍ട്ടിയുടെ പുറത്താക്കിയിരുന്നു. എന്നാല്‍ ആകെ 80 എംഎല്‍എമാരുള്ള തൃണമൂലില്‍ മൂന്നില്‍ രണ്ട് ഭാഗത്തിലധികം (58 പേര്‍) അംഗങ്ങളുടെ വ്യക്തമായ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് സ്പീക്കര്‍ക്ക് മുന്നില്‍ തെളിയിക്കാന്‍ വിമതര്‍ക്ക് കഴിഞ്ഞു.

കൂറുമാറ്റ നിരോധന നിയമത്തിന്റെ കടുപ്പമേറിയ ചരടുകളില്‍ നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ കൃത്യമായ ഭൂരിപക്ഷം കൈക്കലാക്കിയാണ് വിമതര്‍ മമതയുടെ നെഞ്ചില്‍ ചവിട്ടിയത്. ഇതോടെ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിന്മേല്‍ അവകാശവാദം ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് ഋതബ്രത ബാനര്‍ജിയും സംഘവും. ഇത് മമതയ്ക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള പ്രഹരമാണ്.

അതേസമയം, വിമത നീക്കത്തെ ‘വഞ്ചന’ എന്നാണ് ടിഎംസി വിശേഷിപ്പിച്ചത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാമായിരുന്നെന്നും അത് ചെയ്യാതെ അവര്‍ പാര്‍ട്ടിയെ പിന്നില്‍നിന്നു കുത്തിയെന്നുമാണ് എംഎല്‍എ കുനാല്‍ ഘോഷ് പറഞ്ഞത്. വിമതരെ ‘രാജ്യദ്രോഹികള്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം, മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ടിഎംസി ഐക്യത്തോടെ പ്രതിസന്ധി മറികടക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ മമതയുടെ അനന്തരവനും പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി, തങ്ങളുടെ വിശ്വസ്തനായ ശോഭന്‍ദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവാക്കാന്‍ വന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശത്തില്‍ എംഎല്‍എമാരുടെ വ്യാജ ഒപ്പുകളാണ് രേഖപ്പെടുത്തിയതെന്ന മാരക ആരോപണം ഉയര്‍ന്നതോടെ മമതയുടെ കളി പാളി. വ്യാജ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി വരികയും മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേരിട്ടുള്ള അനുമതിയോടെ സിഐഡി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു കഴിഞ്ഞു.

ഈ വ്യാജരേഖ ചമയ്ക്കല്‍ കേസില്‍ അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ള മമതയുടെ അന്തപ്പുരത്തിലെ പ്രമുഖരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് സിഐഡിയുടെ നീക്കം. അതിനിടെ അഭിഷേക് ബാനര്‍ജിക്കെതിരെ ഇഡി പരിശോധനയും നടക്കുകായണ്. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അഭിഭേഷ് ബാനര്‍ജിയുടെ വീട്ടില്‍ ഇഡിയും എത്തിയിരിക്കുന്നത്. ഇതോടെ മമതയുടെ സാമ്രാജ്യം വീഴുകയാണ്.

കഴിഞ്ഞ ഞായറാഴ്ച സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ മമത ബാനര്‍ജി തന്റെ സ്വന്തം വസതിയില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത സുപ്രധാന യോഗത്തില്‍ പങ്കെടുത്തത് വെറും 20 എംഎല്‍എമാര്‍ മാത്രമായിരുന്നു. അന്നു രാത്രിയോടെ തന്നെ വിമത പക്ഷത്തേക്ക് 30-ലധികം എംഎല്‍എമാര്‍ ഒഴുകിയെത്തിയതായാണ് കത്തുന്ന റിപ്പോര്‍ട്ടുകള്‍. മമതയെ തറപറ്റിക്കാന്‍ എംഎല്‍എമാരെ ഒന്നിച്ച് അണിനിരത്തി നടത്തിയ ഈ ഓപ്പറേഷന്‍ പെട്ടെന്നുണ്ടായതല്ലെന്നും, മറിച്ച് ദീര്‍ഘനാളായി അണിയറയില്‍ കൃത്യമായി ആസൂത്രണം ചെയ്ത മാസ്റ്റര്‍ പ്ലാന്‍ ആണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഋതബ്രത ബാനർജി എംഎൽഎയെ പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിച്ചതോടെ പ്രതിപക്ഷ നേതാവിന്റെ ചേംബറിന്റെ താക്കോൽ അദ്ദേഹത്തിന് കൈമാറി. പദവി ഏറ്റെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച ഋതബ്രത തങ്ങളുടെ നേതാവ് ഇപ്പോഴും മമത ബാനർജി തന്നെയാണെന്നും പാർട്ടിയെ പിളർത്താൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നു പറഞ്ഞു. മമത ബാനർജി തലപ്പത്തിരുന്ന് തങ്ങളെ തുടർന്നും നയിക്കണമെന്നും ഉപദേശങ്ങൾ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ പതാകയ്ക്ക് കീഴിൽ തന്നെയായിരിക്കും തുടർന്നും പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

മമതയോട് കൂറ് പ്രഖ്യാപിക്കുമ്പോഴും പാർട്ടിക്കുള്ളിലെ വ്യക്തികേന്ദ്രീകൃതമായ തീരുമാനങ്ങൾക്കെതിരെയാണ് ഈ നീക്കമെന്ന് ഋതബ്രത സൂചിപ്പിച്ചു. മമത ബാനർജിയുടെ അനന്തരവനും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഋതബ്രത ഉന്നയിച്ചത്. തങ്ങളുടെ ഈ നീക്കം “വ്യക്തി കേന്ദ്രീകൃത ഭരണത്തിനെതിരെയുള്ള കൂട്ടായ പോരാട്ടമാണെന്ന്” അദ്ദേഹം വിശേഷിപ്പിച്ചു. അഭിഷേക് ബാനർജി നിയമസഭാ കക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യാജരേഖകൾ ചമച്ചുവെന്നും ഇത് സ്പീക്കറുടെ അധികാര പരിധിയിലുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ തങ്ങൾക്കൊപ്പം ജാവേദ് ഖാൻ, സന്ദീപൻ സാഹ, സബീന യാസ്മിൻ, സിയൂലി സാഹ എന്നിവർ ഉപനേതാക്കളായി പ്രവർത്തിക്കുമെന്ന് ഋതബ്രത അറിയിച്ചു. അഖ്രുജ്ജമാനെ ചീഫ് വിപ്പായും നിയമിച്ചിട്ടുണ്ട്.

58 എംഎൽഎമാരുടെ പിന്തുണയോടെയാണ് ഋതബ്രത പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിയത്. തൃണമൂൽ ചിഹ്നത്തിൽ വിജയിച്ച 80 അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം പേരും തങ്ങളോടൊപ്പമുണ്ടെന്നും അതിനാൽ തങ്ങളെ യഥാർത്ഥ നിയമസഭാ വിഭാഗമായി അംഗീകരിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. ഋതബ്രതയെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിച്ചതോടെ ഈ വാദത്തിന് നിയമപരമായ സാധുതയും കൈവന്നിരിക്കുകയാണ്. നേരത്തെ അഭിഷേക് ബാനർജി മുന്നോട്ട് വെച്ച ശോഭൻദേബ് ചതോപാധ്യായയുടെയും ഫിർഹാദ് ഹക്കീമിന്റെയും പേരുകൾ സ്പീക്കർ തള്ളിയത് ഒപ്പുകൾ വ്യാജമാണെന്ന പരാതിയെ തുടർന്നാണ്. ഈ സംഭവത്തിൽ സിഐഡി അന്വേഷണം ആരംഭിക്കുകയും അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

എട്ട് വർഷത്തോളം എസ്എഫ്ഐ ജനറൽ സെക്രട്ടറിയായിയുന്നു ഋതബ്രത. 34-ാം വയസ്സിൽ സിപിഎം ബാനറിൽ രാജ്യസഭയിലെത്തി. 2017-ൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഎം അദ്ദേഹത്തെ പുറത്താക്കി. തുടർന്ന് തൃണമൂലിൽ എത്തിയ ഋതബ്രത ബാനർജിക്ക് ചുരുങ്ങിയ കാലം കൊണ്ട് പാർട്ടിയിൽ വലിയ സ്വാധീനം ഉറപ്പിക്കാൻ സാധിച്ചിരുന്നു. എന്നാൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം തൃണമൂലിൽ നിന്നും ഋതബ്രതയെയും മറ്റൊരു എംഎൽഎയും പുറത്താക്കുകയായിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...