ഇലിനോയ്: അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബേസ്‌ബോൾ ബാറ്റുകൊണ്ട് തലയിൽ അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരൻ ലീലൻഡ് ലി ആർനെറ്റിന് വിടനൽകി ഉറ്റവർ. ദെ സോട്ടോയിലെ വീട്ടിൽ വച്ച് മേയ് 13നാണ് അമ്മയുടെ കാമുകനായ മാർക്കസ് മൗൾട്രിയുടെ ആക്രമണത്തിലാണ് കുട്ടിക്ക് പരുക്കേറ്റത്. നാല് ദിവസം ജീവന് വേണ്ടി പോരാടിയ എട്ടു വയസ്സുകാരൻ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ലീലൻഡിന്റെ മൃതദേഹം പിതാവിന്റെ നാടായ നെബ്രാസ്‌കയിൽ സംസ്‌കരിച്ചു.
മേയ് 13ന് രാത്രി ഏകദേശം 11 മണിയോടെ ഗാർഹിക പീഡനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസാണ് എട്ടു വയസ്സുകാരനെയും അമ്മയെയും പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇരുവരെയും അടിയന്തരമായി സെന്റ് ലൂയിസിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ അമ്മ ഡെബോറ സ്‌നൈഡർ ജീവിതത്തിലേക്ക് മടങ്ങിവന്നെങ്കിലും മകന്റെ മരണത്തിന്റെ ആഘാതം വിട്ടുമാറിയിട്ടില്ല.
അമ്മയെ ആക്രമിച്ച മാർക്കസ് മൗൾട്രിയെ പ്രതിരോധിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അയാൾ ലീലൻഡിനെതിരെ തിരിഞ്ഞത്. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്തതായി കുടുംബം അറിയിച്ചു. കുട്ടിയുടെ മരണത്തെ തുടർന്ന് മാർക്കസിനെതിരെ കൊലക്കുറ്റം ചുമത്തി. ഇയാൾ കുറ്റം നിഷേധിച്ചിട്ടുണ്ട്. കേസിൽ ജൂലൈ ആറിന് കേസിൽ വിചാരണ ആരംഭിക്കും.
‘അവൻ മറ്റുള്ളവരെ സംരക്ഷിക്കാൻ ജനിച്ചവനായിരുന്നു’ എന്നാണ് എട്ടുവയസ്സുകാരനെക്കുറിച്ച് ബന്ധുക്കൾ അനുസ്മരിക്കുന്നത്. സഹപാഠികളും അധ്യാപകരും ലീലൻഡിന്റെ സ്മരണാർഥം പേപ്പർ ചെയിനുകളും കീചെയിനുകളും ഒരുക്കി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.





