ന്യൂഡൽഹി: വിഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി. പത്തുദിവസം നീണ്ട കാത്തിരിപ്പിനുശേഷം ഡൽഹിയിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ലീഗ് വിഡി സതീശനുവേണ്ടി ശക്തമായ നിലപാടെടുത്തു എന്നാണ് റിപ്പോർട്ട്. സത്യപ്രതിജ്ഞ തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ.
ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുവെന്ന് കെസി വേണുഗോപാൽ അറിയിച്ചു. എന്നാൽ തീരുമാനത്തിൽ രമേശ് ചെന്നിത്തല എതിർപ്പ് അറിയിച്ചതായാണ് വിവരം.
കേരളത്തിൽ ചരിത്രം വിജയം നേടാൻ യുഡിഎഫിനെ സഹായിച്ചത് വിഡി സതീശനായിരുന്നെങ്കിലും ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ കെസി വേണുഗോപാലിനായിരുന്നു എങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരം കണക്കിലെടുത്താണ് കോൺഗ്രസ് നേതൃത്വം വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഘടകകക്ഷികളുടെയും പിന്തുണ സതീശനായിരുന്നു.
എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദരമേനോന്റെയും വിലാസിനിയമ്മയുടേയും മകനായി 1964 മേയ് 31നാണ് സതീശന്റെ ജനനം. വിദ്യാർഥി ജീവിതകാലത്ത് തന്നെ രാഷ്ട്രീയത്തിൽ ഇടപെട്ട സതീശൻ പനങ്ങാട് ഹൈസ്‌കൂളിൽ സ്‌കൂൾ ലീഡറും പിന്നീട് തേവര എസ് എച്ച് കോളജിൽ യൂണിയൻ ഭാരവാഹിയുമായി പൊതുരംഗത്ത് സജീവമായി. എംജി സർവകലാശാല യൂണിയൻ ചെയർമാനായും എൻഎസ്‌യു ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു. നിയമബിരുദധാരിയായ സതീശൻ കുറേക്കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനം വഹിച്ചു. തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആയിരുന്നു. 5 വർഷം കെപിസിസി ഉപാധ്യക്ഷ പദവി വഹിച്ചു. മികച്ച എംഎൽഎയ്ക്കുള്ള ഇരുപത്തഞ്ചിലേറെ അവാർഡുകൾ ലഭിച്ചു. ?2001 മുതൽ പറവൂർ മണ്ഡലത്തിൽനിന്നു നിയമസഭാംഗം. 2021 മുതൽ 26 വരെ പ്രതിപക്ഷനേതാവായിരുന്നു. ലക്ഷ്മിപ്രിയയാണ് ഭാര്യ. മകൾ : ഉണ്ണിമായ
30 വർഷമായി പറവൂരിൽ കോൺഗ്രസ് അല്ലെങ്കിൽ യുഡിഎഫ് എന്നാൽ സതീശനാണ്. മനസ്സിൽ ഏതു വിഷമം വന്നാലും പറവൂരിലൂടെ ഒന്ന് കറങ്ങിയാൽ തീരത്തക്കവിധം ആത്മബന്ധമുണ്ട് ആ നാടുമായി എന്ന് സതീശൻ പറഞ്ഞിട്ടുണ്ട്. 1996 ലെ തിരഞ്ഞെടുപ്പിൽ സതീശൻ ആദ്യമായി മത്സരിക്കാനെത്തുമ്പോൾ പറവൂർ ഇടതു കോട്ടയായിരുന്നു. ആദ്യ വട്ടം സിപിഐയിലെ പി.രാജുവിനോടു 1116 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും പറവൂരിൽനിന്നു മടങ്ങിയില്ല. പറവൂരിനെ പ്രവർത്തന കേന്ദ്രമാക്കി, ആ നാടിന്റെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചു. പിന്നീട് ഒരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉയർത്തി മണ്ഡലം സതീശനൊപ്പം നിന്നു. 2001ൽ പി.രാജുവിനെ 7,434 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി. 2006ൽ കെ.എം.ദിനകരനായിരുന്നു സിപിഐ സ്ഥാനാർഥി. 7,792 വോട്ടുകൾക്കു വിജയം. 2011ൽ സിപിഐ പന്ന്യൻ രവീന്ദ്രനെ രംഗത്തിറക്കിയെങ്കിലും 11,349 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സതീശൻ തന്നെ ജയിച്ചു. 2016ൽ മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ മകൾ ജില്ലാ പഞ്ചായത്തംഗം ശാരദ മോഹനെതിരെ 20,634 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2021ൽ 21,301 വോട്ടിന്റെ ഭൂരിപക്ഷത്തിന് എം.ടി.നിക്‌സനെ പരാജയപ്പെടുത്തി. ഇത്തവണ ഇ.ടി.ടൈസനെതിരെ 20600 വോട്ടുകൾക്കാണ് വിജയിച്ചത്.
102 സീറ്റുമായി ചരിത്ര വിജയം നേടിയിട്ടും 10 ദിവസമായി മുഖ്യമന്ത്രി ആരെന്ന് കണ്ടെത്താനാകാതെ കഷ്ടപ്പെടുകയായിരന്നു കോൺഗ്രസ് നേതൃത്വം . ഇത് ജനങ്ങൾക്കിടയിൽ കോൺഗ്രസിനോട് കടുത്ത അവമതിപ്പാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രി പദത്തിനായി കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും വിഡി സതീശനും വിട്ടുകൊടുക്കാതെ അവകാശവാദം ഉന്നയിച്ചതോടെ മത്സരം തെരുവിലേക്കെത്തി. മൂവരെയും പിന്തുണച്ച് ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും ബാനറുകളും നിറഞ്ഞു. ഒപ്പം പ്രകടനങ്ങളും പ്രതിഷേധങ്ങളും നടന്നു.
ഒരുപേരിൽ എത്താൻ കഴിയാതെ വന്നതോടെ എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും എം.എൽ.എ.മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതൽ എംഎൽഎമാരും കെസിക്ക് പിന്തുണ അറിയിക്കുകയായിരുന്നു. തുടർന്ന് ഘടകക്ഷി നേതാക്കളുടെ അഭിപ്രായങ്ങളും തേടി.. അന്തിമതീരുമാനമെടുക്കാനായി നിരീക്ഷകരുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇവരുടെ കൂടി അഭിപ്രായം അറിഞ്ഞശേഷമായിരുന്നു പാർട്ടി നേതൃത്വം തീരുമാനമെടുത്തത്.






Leave a comment