കോട്ടയം∙ സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡിജോ കാപ്പൻ അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാര്‍ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ തിരുവനന്തപുരത്തെ ഫ്‌ലാറ്റിന്റെ മുകളിലത്തെ പാര്‍ക്കിങ് നിലയില്‍ നിന്ന് കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. ഭാര്യ ഡോ.മിനി കാപ്പനും പരുക്കേറ്റിരുന്നു.
നിരവധി വിഷയങ്ങളിൽ ഡിജോ കാപ്പൻ കോടതി ഇടപെടലുകൾ സാധ്യമാക്കിയിരുന്നു. വൈദ്യുത നിരക്ക് വർധന, ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ഉയർത്തുന്ന ഭീഷണികൾ, കൊച്ചി നഗരത്തിലെ മാലിന്യനീക്കം, റോഡിലെ പരസ്യ ബോർഡും യോഗങ്ങളും, റെയിൽവേ നിരക്ക് വർധന തുടങ്ങിയ വിഷയങ്ങളിൽ കോടതി ഇടപെടലുകൾ സാധ്യമാക്കിയത് ഡിജോയുടെ ഹർജികളാണ്. ഉപഭോക്തൃ– കർഷക അവകാശ സംരക്ഷണം ലക്ഷ്യമിട്ട് 1988ൽ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ സ്ഥാപിച്ചു. സെന്ററിന്റെ ട്രസ്റ്റി എന്ന നിലയിലായിരുന്നു കോടതികളിലെ നിയമ പോരാട്ടം.
പാലാ ഇടമറ്റം കാപ്പിൽ കുടുംബത്തിൽ പരേതനായ കെ.സി.ജോസഫിന്റെയും മേരി ജോസഫിന്റെയും മകനായാണു ജനനം. സ്കൂൾ പഠനകാലത്ത് കേരള വിദ്യാർഥി കോൺഗ്രസിലൂടെയാണു (കെഎസ്‌സി) രാഷ്ട്രീയത്തിലെത്തിയത്. പാലാ സെന്റ് തോമസ് കോളജ് യൂണിയൻ ചെയർമാൻ, പഠിച്ച 3 കോളജുകളിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. പിന്നീട് കേരള സർവകലാശാല അക്കാദമിക് കൗൺസിൽ, സെനറ്റ് എന്നിവയിലും അംഗമായി.
കെഎസ്‌സി സംസ്ഥാന പ്രസിഡന്റ് (1983), യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി (1985), യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് (1989), കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി (1991), കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ ചെയർമാൻ, കേരള വോളിബോൾ അസോ. സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.





