കേരള വാർത്തപ്രധാന വാർത്ത

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, 4 പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

മലപ്പുറം: തമിഴ്‌നാട്ടില്‍ പൊള്ളാച്ചി വാല്‍പാറയില്‍ നിയന്ത്രണം വിട്ട മിനി വാന്‍ 300 അടി താഴ്ചയിലേക്കു മറിഞ്ഞ് 9 മലയാളികളുടെ മരണം സ്ഥിരീകരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ പാങ്ങ് പാറമ്മല്‍ ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

യാത്രയുടെ തുടക്കത്തിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തുനിന്ന് അവർ പകർത്തിയ ചിത്രങ്ങൾ ഇപ്പോൾ സങ്കടകരമായ ഓർമകളായി അവശേഷിക്കുന്നു.

പരിക്കേറ്റ മൂന്ന് പേരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍ മരിച്ചവര്‍

1. അജിത 54 ( പ്രധാനാധ്യാപിക) – പുലാമന്തോള്‍ സ്വദേശി

2. റംല 52 – അധ്യാപിക – പാങ്ങ് സ്വദേശി

3. സുഹറ 43 – അധ്യാപിക – പാങ്ങ് സ്വദേശി

4. ആശ 41 – അധ്യാപിക – പാങ്ങ് സ്വദേശി

5. മജീദ് 43 – അധ്യാപകന്‍ – പാങ്ങ് സ്വദേശി

6. സാജിത 45 – ആയ – പാങ്ങ് സ്വദേശി

7. ഷക്കീല 37 – പാങ്ങ് – അധ്യാപിക

8. റുഖിയ 39 – മജീദിന്റെ ഭാര്യ

9. ഹിഷാം 12 – സുഹറയുടെ മകന്‍

അപകടത്തില്‍ മിനി വാന്‍ പൂര്‍ണമായും തകര്‍ന്നു. പൊള്ളാച്ചിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ സ്ഥലം.വെളളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് അപകടം.KL 11 AM 7288 രജിസ്ട്രേഷന്‍നിലുളള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്.

അവധിക്കാലമായതിനാല്‍ സ്‌കൂളില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ വിനോദയാത്രയ്‌ക്കു പോയ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘമാണ് അപകടത്തില്‍ പെട്ടത്. പെരിന്തല്‍മണ്ണയില്‍നിന്ന് വാടകയ്‌ക്കെടുത്ത വാനിലാണ് ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേര്‍ യാത്ര പോയത്. ഇതില്‍ രണ്ടു കുട്ടികളും ഉണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ള ഡ്രൈവര്‍ കോട്ടയ്‌ക്കല്‍ ചൂനൂര്‍ സ്വദേശി മുഹമ്മദ് ഫാസിത്തിന്റെ (21) മൊഴി പൊലീസ് രേഖപ്പെടുത്തി.

അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിനോദസഞ്ചാരികള്‍ എത്തിയ മിനിവാന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

വാല്‍പാറയില്‍ എത്തിയ ശേഷം പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. 40 ഹെയര്‍പിന്‍ വളവുകളുള്ള വഴിയിലൂടെ മടങ്ങുമ്പോള്‍ പതിമൂന്നാം വളവില്‍ വച്ച് വാന്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് ഒന്‍പതാം ഹെയര്‍പിന്‍ വളവിലേക്ക് മറിയുകയായിരുന്നു. എട്ടു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. വാല്‍പാറയില്‍നിന്നും വാളയാറില്‍ നിന്നുമുള്ള രക്ഷാപ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സ് അംഗങ്ങളും മറ്റു വാഹനങ്ങളില്‍ പോയ യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആംബുലന്‍സുകളിലാണ് പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൃതദേഹങ്ങളെല്ലാം കോയമ്പത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ഉടന്‍ നടത്തിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊള്ളാച്ചി പൊലീസ് അറിയിച്ചു.

വാല്‍പ്പാറയിലെ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരണമടഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

ഏറെ ദുഃഖകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

ആന്ധ്രാപ്രദേശ് ഇന്ത്യയുടെ പ്രധാന സ്വർണ്ണ ഖനന കേന്ദ്രമാകുന്നു

വിശാഖപട്ടണം: ആന്ധ്രപ്രദേശ് വരും വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ഉൽപ്പാദക സംസ്ഥാനമായി മാറാനൊരുങ്ങുന്നു. ഖനന...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

മോഹിനിയാട്ടത്തിന് കേന്ദ്ര പുരസ്കാരം: അമേരിക്കൻ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി ഡോ. സുനന്ദ നായർ

ഹൂസ്റ്റൺ : മോഹിനിയാട്ട രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യയിലെ പരമോന്നത കലാബഹുമതികളിലൊന്നായ 2024-ലെ സംഗീത നാടക...

കേരള വാർത്തപ്രധാന വാർത്തസിനിമ

ശ്വേത മേനോന്റെ രാജിക്ക് പിന്നാലെ ‘അമ്മ’യെ നയിക്കാൻ അഡ്ഹോക്ക് കമ്മിറ്റി,​ രമേഷ് പിഷാരടി നേതൃത്വം നൽകും

കൊച്ചി: ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള അമ്മ ഭരണസമിതി രാജി വച്ചതിന് പിന്നാലെ താരസംഘടനയെ നയിക്കാൻ അഡ്ഹോക്ക്...

കേരള വാർത്തപ്രധാന വാർത്ത

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷ: വിദഗ്‌ധസമിതിയിൽ നിന്ന് കേരള പ്രതിനിധിയെ നീക്കി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്രസുരക്ഷാ പരിശോധനയ്ക്കായി ഇക്കൊല്ലം ജനുവരിയിൽ രൂപവത്കരിച്ച വിദഗ്‌ധസമിതിയിലേക്ക് കേരളം നിർദേശിച്ച വിദഗ്‌ധനെ...