ന്യൂഡൽഹി: പാർലമെന്റ് ഈ ആഴ്ച പ്രത്യേക സമ്മേളനം വിളിച്ചതിന്റെ പിന്നിലെ യഥാർഥ ലക്ഷ്യം വനിതാ സംവരണം നടപ്പാക്കുകയല്ല മറിച്ച് മണ്ഡല പുനർനിർണയത്തിനുള്ള ചുവടുറപ്പിക്കലാണെന്ന് കോണ്ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി.
മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം അത്യന്തം അപകടകരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ദേശീയ ദിനപത്രമായ ‘ദ ഹിന്ദു’വിൽ എഴുതിയ ലേഖനത്തിൽ സോണിയ ആരോപിച്ചു.മറ്റ് രാഷ്ട്രീയ പാർട്ടികളോട് കൂടിയാലോചിക്കാതെ ബിൽ പരിഗണിക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച നടപടിയെ സോണിയ വിമർശിച്ചു.
പശ്ചിമബംഗാളിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നടക്കുന്പോൾ പാർലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിച്ചു ചേർത്തത് രാഷ്ട്രീയനേട്ടമുണ്ടാക്കാനും പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനുമാണെന്നും സോണിയ കുറ്റപ്പെടുത്തി.
2023ൽ ഒറ്റക്കെട്ടായി പാസാക്കിയ വനിതാ സംവരണത്തിന് പ്രതിപക്ഷം പൂർണ പിന്തുണ നല്കിയിരുന്നു. എന്നാൽ, നിയമം പ്രാബല്യത്തിൽ വന്നതിനുശേഷമുള്ള ആദ്യ സെൻസസിനും സെൻസസ് അധിഷ്ഠിത മണ്ഡല പുനർനിർണയത്തിനും ശേഷം സംവരണം പ്രാബല്യത്തിൽ വരുമെന്ന വ്യവസ്ഥ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നില്ല എന്നും സോണിയ ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടി.
ഭരണഘടന ആർട്ടിക്കിൾ 334 (എ) ആണ് ഇത്തരമൊരു വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്നത്. 2024ലെ പൊതു തെരഞ്ഞെടുപ്പു മുതൽ സംവരണം നടപ്പാക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും കാരണമില്ലാതെ 30 മാസത്തോളം ബിൽ വൈകിച്ച് 2029ലെ തെരഞ്ഞെടുപ്പിൽ സംവരണം നടപ്പാക്കാനുള്ള സർക്കാരിന്റെ നടപടിയെ സോണിയ ചോദ്യം ചെയ്തു.
അതിനിടെ, വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനർനിർണയ നീക്കത്തിൽ നിലപാട് കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോയാൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തമിഴ്നാട് സാക്ഷ്യം വഹിക്കുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ അവസാന മുന്നറിയിപ്പെന്ന് വ്യക്തമാക്കിയാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് അനർഹമായ പ്രാധാന്യം നൽകി തമിഴ്നാടിന്റെ അധികാരം ഇല്ലാതാക്കാൻ ശ്രമിച്ചാൽ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാടിന്റെ സ്വാഭിമാനത്തെ തൊട്ടാൽ ഓരോ വീട്ടിൽ നിന്നുള്ളവരും തെരുവിലിറങ്ങും. ഡൽഹിയിൽ ഇരുന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരാമെന്ന് ആരും കരുതേണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചു.
1950 കളിലെയും 60 കളിലെയും ഡിഎംകെയുടെ പോരാട്ടവീര്യം ഇന്ത്യ വീണ്ടും കാണേണ്ടി വരും. മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാരൻ എന്ന നിലയിലുമാണ് താൻ ഇത് പറയുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.






Leave a comment