ആനുകാലികംപ്രധാന വാർത്ത

 സ്ത്രീ സംവരണം നടപ്പാക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം

ന്യൂഡൽഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന വനിതാ സംവരണ നിയമഭേദഗതി ബിൽ പാസ്സാക്കാൻ എല്ലാ എംപിമാരുടെയും പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പിന്തുണ അഭ്യർഥിച്ച് പ്രധാനമന്ത്രി വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തണ തേടി കത്തയച്ചു.

വിഷയത്തിൽ ബിജെപി തങ്ങളുടെ എംപിമാർക്ക് വിപ്പും നൽകിയിട്ടുണ്ട്. ഏപ്രിൽ 16 മുതൽ 18 വരെ നടക്കുന്ന ഈ സമ്മേളനത്തിൽ എല്ലാ അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എംപിമാർക്ക് ത്രീ-ലൈൻ വിപ്പ് നൽകിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ അംഗങ്ങൾക്ക് അവധി അനുവദിക്കില്ലെന്നും സഭയിലെ സാന്നിധ്യം ഉറപ്പാക്കണമെന്നും പാർട്ടി കർശന നിർദേശം നൽകി.

2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണം നടപ്പിലാക്കുന്നതിനും ഇതിനായുള്ള മണ്ഡല പുനർനിർണയ (ഡീലിമിറ്റേഷൻ) കമ്മീഷൻ രൂപീകരിക്കുന്നതിനുമുള്ള രണ്ട് ബില്ലുകൾ സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

സ്ത്രീ സംവരണം യാഥാർഥ്യമാക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി. സ്ത്രീകൾക്ക് നേതൃത്വത്തിലേക്ക് കടന്നുവരാൻ അവസരം ലഭിക്കുമ്പോൾ മാത്രമേ ഒരു സമൂഹം പുരോഗതി കൈവരിക്കുകയുള്ളൂവെന്നും ഇന്ത്യയുടെ ദീർഘകാല വളർച്ചയ്ക്ക് സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

2023-ൽ പാർലമെന്റ് ഐകകണ്ഠ്യേന പാസാക്കിയ ഈ നിയമം നടപ്പിലാക്കാനുള്ള സമയമായെന്നും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഈ നീക്കത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചിക്കാതെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച സർക്കാരിന്റെ നടപടിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദ്യം ചെയ്തു. ‘നാരിശക്തി വന്ദൻ നിയമം’ പാസാക്കിയിട്ട് 30 മാസങ്ങൾ കഴിഞ്ഞിട്ടും മണ്ഡല പുനർനിർണയം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ലാതെ ഫലപ്രദമായ ചർച്ച നടത്താൻ കഴിയില്ലെന്നും ഖാർഗെ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. ഇപ്പോൾ പല സംസ്ഥാനങ്ങലിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം, സർവകക്ഷി യോഗം വിളിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടിട്ടുണ്ട്.

2023-ൽ പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമമനുസരിച്ച് അടുത്ത സെൻസസ് പ്രകാരമുള്ള മണ്ഡലപുനർവിഭജനം പൂർത്തിയായ ശേഷമേ വനിതാസംവരണം നിശ്ചയിക്കാനാവൂ. ഇത് മാറ്റിയെടുക്കാനാണ് പുതിയ ഭരണഘടനാ ഭേദഗതിബിൽ കൊണ്ടുവരുന്നത്. പകരം 2011-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർവിഭജനം നടത്തി 33 ശതമാനം വനിതാസംവരണം നിശ്ചയിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ലോക്‌സഭാസീറ്റുകളുടെ എണ്ണം 540-ൽനിന്ന് 816 ആകും. ഇതിൽ വനിതകളുടെ എണ്ണം 273 ആയിരിക്കും.ഭരണഘടനാ ഭേദഗതി ബിൽ പാസാക്കുന്നതിന് പാർലമെന്റിൽ കേവലഭൂരിപക്ഷവും മൊത്തം ഹാജരായ അംഗങ്ങളിൽ മൂന്നിൽരണ്ട് ഭൂരിപക്ഷവും വേണം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്തപ്രധാന വാർത്ത

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും...