വാഷിംഗ്ടൺ ഡിസി: അന്യഗ്രഹജീവികളുടെ സാന്നിധ്യം സംബന്ധിച്ച ചർച്ചകൾക്കു വീണ്ടും വഴിതുറന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. അന്യഗ്രഹജീവികൾ യാഥാർഥ്യമാണെന്നു പറഞ്ഞ ഒബാമ, എന്നാൽ അവയെ അമേരിക്കൻ സൈനിക താവളങ്ങളിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾ തള്ളിക്കളഞ്ഞു. യൂട്യൂബർ ബ്രിയാൻ ടൈലർ കോവനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യങ്ങൾ പറഞ്ഞത്.
നെവാഡയിലെ അതീവ രഹസ്യസ്വഭാവമുള്ള അമേരിക്കൻ വ്യോമസേനാ താവളമായ ഏരിയ 51-ൽ അന്യഗ്രഹജീവികളെ പാർപ്പിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ ദശകങ്ങളായി നിലനിൽക്കുന്നുണ്ട്. എന്നാൽ താൻ അവരെ കണ്ടിട്ടില്ലെന്നും അത്തരത്തിൽ ഒരിടത്തും അവരെ ഒളിപ്പിച്ചിട്ടില്ലെന്നും ഒബാമ തുറന്നുപറഞ്ഞു. അവിടെ ഭൂഗർഭ സൗകര്യങ്ങൾ ഒന്നുമില്ല. അമേരിക്കൻ പ്രസിഡന്റിൽനിന്ന് പോലും മറച്ചുവയ്ക്കുന്ന വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെങ്കിൽ മാത്രമേ അത്തരമൊരു സാധ്യതയുള്ളൂ… ഒബാമ തമാശരൂപേണ പറഞ്ഞു.
വിപുലമായ സൈനിക വിമാന പരീക്ഷണങ്ങൾ നടക്കുന്ന ഇടമാണ് ഏരിയ 51 എന്ന് 2013-ലാണ് അമേരിക്കൻ സർക്കാർ ഔദ്യോഗികമായി സമ്മതിച്ചത്. അജ്ഞാത ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാൻ പെന്റഗൺ പ്രത്യേക വിഭാഗം രൂപീകരിക്കുകയും യുഎസ് കോൺഗ്രസ് പുതിയ നിയമങ്ങൾ പാസാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഒബാമയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.
അന്യഗ്രഹജീവൻ കണ്ടെത്താനുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നിർണായക സൂചനകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. 1999-ൽ ആരംഭിച്ച SETI@Home എന്ന പദ്ധതിയിലൂടെ 21 വർഷത്തിനിടെ 1,200 കോടിയിലധികം സിഗ്നലുകളാണ് സന്നദ്ധ പ്രവർത്തകർ തിരിച്ചറിഞ്ഞത്. പ്യൂർട്ടോ റിക്കോയിലെ അരെസിബോ ഒബ്സർവേറ്ററിയിൽ നിന്നുള്ള റേഡിയോ സിഗ്നലുകളാണ് ഇവർ വിശകലനം ചെയ്തത്.
അരെസിബോ ടെലിസ്കോപ്പ് 2020ൽ തകർന്നതിനെത്തുടർന്നു പദ്ധതി അവസാനിച്ചെങ്കിലും, ശേഖരിച്ച വിവരങ്ങളിൽനിന്ന്, സംശയാസ്പദമായ 100 സിഗ്നലുകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ നിലവിൽ ചൈനയുടെ ഫാസ്റ്റ് റേഡിയോ ടെലിസ്കോപ്പ് ഉപയോഗിച്ച് വീണ്ടും പരിശോധിക്കുകയാണ്. ഇവ അന്യഗ്രഹജീവന്റെ കൃത്യമായ തെളിവാണോ എന്നു കണ്ടെത്താനുള്ള വിശദമായ ഗവേഷണത്തിലാണ് ശാസ്ത്രലോകം.
യുഎസിലെ നെവാഡ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന അതീവ രഹസ്യസ്വഭാവമുള്ള സൈനിക താവളമാണ് ഏരിയ 51. ഒരുകാലത്ത് അമേരിക്ക കേന്ദ്രത്തിന്‍റെ നിലനിൽപ്പ് പോലും അംഗീകരിച്ചിരുന്നില്ല. ഇതെല്ലാമാണ് ഏരിയ 51-നെ ചുറ്റിപ്പറ്റി അന്യഗ്രഹജീവികളെയും പറക്കും തളികകളെയും കുറിച്ചുള്ള കഥകൾ പ്രചരിക്കാൻ കാരണമായതും. എന്നാൽ, അമേരിക്കൻ വ്യോമസേനയുടെയും സിഐഎയുടെയും നേതൃത്വത്തിൽ ആയുധങ്ങളും വിമാനങ്ങളും വികസിപ്പിക്കുന്ന ഇടമാണിത്. ശത്രുരാജ്യങ്ങളുടെ റഡാറുകളിൽ പെടാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യയുള്ള വിമാനങ്ങൾ ഉൾപ്പെടെയുള്ള ഈ കേന്ദ്രത്തിലാണ് പരീക്ഷിക്കുന്നത്.
ശീതയുദ്ധകാലത്ത് റഷ്യയെ നിരീക്ഷിക്കാൻ ഉപയോഗിച്ചിരുന്ന യു-2 ചാരവിമാനം, എസ്ആർ-71 ബ്ലാക്ക്ബേർഡ്, എഫ്-117 നൈറ്റ്ഹോക്ക് തുടങ്ങിയവ ഇവിടെയാണ് പരീക്ഷണ പറക്കൽ നടത്തിയത്.
ഇവിടെ പറക്കും തളികകൾ (യുഎഫ്ഒ- അൺ ഐഡന്‍റിഫൈയ്ഡ് ഫ്ളൈയിംഗ് ഒബ്ജക്ട്) സൂക്ഷിച്ചിട്ടുണ്ടെന്നും അവിടെ അന്യഗ്രഹജീവികളെ കുറിച്ച് പഠനം നടക്കുന്നുണ്ടെന്നും പലരും വിശ്വസിക്കുന്നു. 1947-ൽ ന്യൂ മെക്സിക്കോയിൽ തകർന്നുവീണത് അന്യഗ്രഹ പേടകമാണെന്നും അത് ഏരിയ 51-ലേക്ക് മാറ്റിയെന്നുമാണ് പ്രധാന പ്രചാരണം. അതേസമയം, പരീക്ഷണാർഥം പറത്തിയിരുന്ന വിചിത്ര രൂപത്തിലുള്ള ചാരവിമാനങ്ങൾ ദൂരെയൊരിടത്ത് നിന്ന് കണ്ടവരാണ് ഇവ പറക്കും തളികകളാണെന്ന തെറ്റിദ്ധാരണ പരത്തിയതെന്ന് പിന്നീടു വ്യക്തമാക്കി.
ഏരിയ 51 മേഖല സാധാരണക്കാർക്കു പൂർണമായും നിരോധിത മേഖലയാണ്. കേന്ദ്രത്തിനു ചുറ്റും സെൻസറുകൾ, കാമറകൾ, സായുധരായ കാവൽക്കാർ എന്നിവരുണ്ട്. ഈ പ്രദേശത്തിനു മുകളിലൂടെ വിമാനങ്ങൾക്കു പറക്കാനും അനുമതിയില്ല.







Leave a comment