അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

കഴിഞ്ഞ വർഷം ഉപേക്ഷിക്കപ്പെട്ടത് 410 കപ്പലുകൾ;കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് നാവികർ

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഉടമകൾ ഉപേക്ഷിച്ച എണ്ണ ടാങ്കറുകളുടെയും മറ്റ് വാണിജ്യ കപ്പലുകളുടെയും എണ്ണം ഏറെ കൂടുതലാണെന്നും ആയിരക്കണക്കിന് നാവികർ ശമ്പളമോ ഭക്ഷണമോ വീട്ടിലേക്ക് പോകാനുള്ള മാർഗമോ ഇല്ലാതെ കടലിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ട്. 2025-ൽ ലോകമെമ്പാടും ഏകദേശം 410 കപ്പലുകളാണ് ഉപേക്ഷിക്കപ്പെട്ടത്. 2016-ൽ ഇത് വെറും 20 മാത്രമായിരുന്നു. കഴിഞ്ഞ വർഷം മാത്രം 6,223 മർച്ചന്റ് നാവികരെ ഇത് ബാധിച്ചു, ഈ കണക്കുകൾ 2024-നെ അപേക്ഷിച്ച് മൂന്നിലൊന്ന് കൂടുതലാണ്. ഗ്ലോബൽ ട്രേഡ് യൂണിയനായ ഇന്റർനാഷണൽ ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (ITF) പറയുന്നു.

ചൈനയുടെ തീരദേശത്തെ അന്താരാഷ്ട്ര ജലപാതയിൽ നങ്കൂരമിട്ടിരിക്കുന്ന ഒരു എണ്ണ ടാങ്കർ ഇത്തരത്തിലൊന്നാണ്. ഏകദേശം 7,50,000 ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇതിലുണ്ട്. ഏകദേശം 50 മില്യൺ ഡോളർ വിലമതിക്കുന്നതാണ് ഇതിലെ ക്രൂഡോയിൽ ശേഖരം.  നവംബർ ആദ്യം റഷ്യയുടെ കിഴക്കൻ ഭാഗത്തുനിന്ന് ചൈനയിലേക്ക് യാത്ര തിരിച്ച കപ്പൽ, ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം ലഭിച്ചില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് ഡിസംബറിൽ ഉപേക്ഷിക്കപ്പെട്ടതായാണ് റിപ്പോർട്ട്. കപ്പൽ ഇപ്പോഴും അന്താരാഷ്ട്ര മേഖലയിൽ തുടരുകയാണ്. പരിശോധന ശക്തമായതിനാൽ ചൈന അതിനെ തുറമുഖത്തേക്ക് പ്രവേശിപ്പിക്കാൻ വിസമ്മതിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഡിസംബർ വരെയുള്ള ശമ്പളം ലഭ്യമാക്കാനും ഭക്ഷണം, കുടിവെള്ളം, മറ്റ് അത്യാവശ്യ വസ്തുക്കൾ എന്നിവയുടെ വിതരണം ക്രമീകരിക്കാനും ഐടിഎഫ് ഇടപെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു.

ഭൗമ രാഷ്ട്രീയ അസ്ഥിരതയാണ് ഇത്തരം ഉപേക്ഷിക്കലുകൾക്ക് പിന്നിലെ പ്രധാന കാരണം. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ, കോവിഡ് മഹാമാരി മൂലമുള്ള തടസ്സങ്ങൾക്കൊപ്പം വിതരണ ശൃംഖല പ്രശ്നങ്ങളും ചരക്ക് ചെലവുകളിൽ വലിയ മാറ്റങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇത് ചില കപ്പൽ ഓപ്പറേറ്റർമാർക്ക് പ്രവർത്തനങ്ങൾ തുടരാൻ കഴിയില്ലെന്നോ താത്പര്യമില്ലെന്നോ ഉള്ള അവസ്ഥയിലേക്ക് നയിച്ചു. ഇത്തരം ഉപേക്ഷിക്കലുകളുടെ ഒരു പ്രധാന കാരണമായി ഷാഡോ ഫ്ലീറ്റുകളുടെ വർധിച്ചുവരുന്ന ഉപയോഗത്തെ ഐടിഎഫ് ചൂണ്ടിക്കാണിക്കുന്നു. ഉടമസ്ഥാവകാശം വ്യക്തമല്ലാത്ത, മോശം സുരക്ഷാനിലവാരമുള്ള, പരിമിതമായതോ ഇൻഷുറൻസ് ഇല്ലാത്തതോ ആയ പഴയ എണ്ണ ടാങ്കറുകളാണ് ഷാഡോ ഫ്ലീറ്റുകൾ. അവ സാധാരണയായി ഫ്ലാഗ്സ് ഓഫ് കൺവീനിയൻസിന്റെ (FOCs) കീഴിലാണ് സഞ്ചരിക്കുന്നത്, അതായത് ദുർബലമായ നിയന്ത്രണങ്ങളും മേൽനോട്ടം പേരിനുമാത്രവുമുള്ള രാജ്യങ്ങളിലാണ് ഇവ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷാഡോ ഫ്ലീറ്റ് കപ്പലുകൾ റഷ്യ, ഇറാൻ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കടത്തിന്  ഉപയോഗിക്കുന്നുണ്ട്.

അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (IMO) ഡാറ്റ അനുസരിച്ച്, കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള ഉപേക്ഷിക്കപ്പെട്ട കപ്പലിലെ ജീവനക്കാർക്ക് 25.8 മില്യൺ ഡോളർ ശമ്പളക്കുടിശ്ശിക നൽകാനുണ്ടായിരുന്നു. ഇതിൽ നിന്ന് ഏകദേശം 16.5 മില്യൺ ഡോളർ ഐടിഎഫ് വീണ്ടെടുത്തു. 2025-ൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് ഇന്ത്യൻ നാവികരായിരുന്നു.1,125 പേർ അതായത് ആകെ ബാധിക്കപ്പെട്ടവരുടെ 18 ശതമാനം. ഫിലിപ്പിനോകളും (539) സിറിയക്കാരുമാണ് (309) തൊട്ടുപിന്നിൽ. ഉപേക്ഷിക്കൽ, ജീവനക്കാരുടെ അവകാശ ലംഘനങ്ങൾ എന്നിവ കാരണം ഇന്ത്യൻ സർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ 86 വിദേശ കപ്പലുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. പലതിന്റെയും ഉടമകളെ കണ്ടെത്താൻ കഴിഞ്ഞില്ല. ചിലതിന് ഫ്ലാഗ് സ്റ്റേറ്റുകളിൽ നിന്ന് പ്രതികരണങ്ങൾ ലഭിച്ചില്ല.

ഒരു നൂറ്റാണ്ടിലേറെയായി കപ്പൽ ഉടമകൾ അവരുടെ സ്വന്തം രാജ്യങ്ങളിലെ കർശനമായ നിയമങ്ങൾ ഒഴിവാക്കാൻ വിദേശ രാജ്യങ്ങളിൽ കപ്പലുകൾ രജിസ്റ്റർ ചെയ്യുന്നു. പനാമ, ലൈബീരിയ, മാർഷൽ ദ്വീപുകൾ എന്നീ രാജ്യങ്ങളിലാണ് പലപ്പോഴും കപ്പലുകൾ രജിസ്റ്റർ ചെയ്യുന്നത്.മറ്റ് ചെറിയ രാജ്യങ്ങളും ഇതിൽ ചേർന്നിട്ടുണ്ട്. ഉദാഹരണത്തിന്, ഗാംബിയയിൽ 2023-ൽ എണ്ണ ടാങ്കറുകൾ രജിസ്റ്റർ ചെയ്തിരുന്നില്ല, എന്നാൽ കഴിഞ്ഞ മാർച്ച് വരെ 35 കപ്പലുകൾക്ക് ആതിഥേയ രാജ്യമായി പട്ടികപ്പെടുത്തി.

കപ്പലുകൾ ഉപേക്ഷിക്കൽ കേസുകളിൽ ഭൂരിഭാഗവും എഫ്ഒസിയുടെ കേസുകളാണ്. 2025-ൽ, ഇത്തരത്തിൽ 337 കപ്പലുകൾ ഉപേക്ഷിക്കപ്പെട്ടു. ഇത്തരം നിരവധി കപ്പലുകളുടെ മോശം അവസ്ഥയും വ്യക്തമല്ലാത്ത ഉടമസ്ഥാവകാശ ഘടനകളും ജീവനക്കാരെ ബാധിക്കുന്നതായി ഐടിഎഫ് പറയുന്നു. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ നിയമപ്രകാരം, കുറഞ്ഞത് രണ്ട് മാസത്തേക്ക് ശമ്പളം നൽകാതിരിക്കുകയോ ഭക്ഷണം, വൈദ്യസഹായം തുടങ്ങിയ അടിസ്ഥാന പിന്തുണ നൽകാതിരിക്കുകയോ, അല്ലെങ്കിൽ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവ് വഹിക്കാതിരിക്കുകയോ ചെയ്താൽ ഒരു നാവികനെ ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കുന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ലെബനന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപിന്റെ ഇടപെടല്‍

വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. വ്യാഴാഴ്ച...

പ്രധാന വാർത്ത

ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു; പണം കത്തിക്കരിഞ്ഞ സംഭവത്തിൽ ചോദ്യങ്ങൾ ഇനിയും ബാക്കി

ന്യൂഡൽഹി: വീട്ടിൽ നിന്നും കണക്കില്ലാത്ത പണം കണ്ടെത്തിയസംഭവത്തിൽ വിവാദം അവസാനിക്കുന്നതിനുമുൻപ് ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു....

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

കിടിലൻ ഡാൻസുമായി നസ്ലിൻ, ‘മോളിവുഡ് ടൈംസി’ലെ ആദ്യഗാനം പുറത്തിറങ്ങി

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തുന്ന മോളിവുഡ്...

കൗതുകങ്ങൾപ്രധാന വാർത്ത

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും തത്തമ്മ പച്ച നിറത്തിലുള്ല സാരി; 450 കോടി രൂപയ്‌ക്ക് ഓർഡർ നൽകി തെലങ്കാന സർക്കാർ

ഹൈദരാബാദ്: തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി ഈ വർഷവും തുടരാനൊരുങ്ങി സർക്കാർ. ഇന്ദിരാമ്മ...