ബംഗളൂരു: സഭയ്ക്കും സമൂഹത്തിനും നൽകിയ നിസ്തുല സേവനങ്ങൾ മുൻനിർത്തി 19 പ്രമുഖ വ്യക്തിത്വങ്ങൾക്ക് ഭാരത കത്തോലിക്ക മെത്രാൻ സമിതി യുടെ (സിബിസിഐ) ആദരവ്.
ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പുരസ്കാര ജേതാക്കളെ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, ഗോവ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ, സിബിസിഐയുടെ നിയുക്ത പ്രസിഡന്റ് കർദിനാൾ ഡോ. ആന്റണി പൂല, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ എന്നിവർ ചേർന്ന് ഷാളണിയിച്ച് ആദരിച്ചു.
മാർ ആൻഡ്രൂസ് താഴത്ത് സർട്ടിഫിക്കറ്റും കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് മെമെന്റോയും കൈമാറി. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മ, കർണാടക ഊർജ മന്ത്രി കെ. ജെ. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഫാ. മൈക്കിൾ വെട്ടിക്കാട്ടിനു പുറമെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മ, കെ.പി. ജോൺ, പി.വി.മേരിക്കുട്ടി, ഡോ. എ. ആരോഗ്യസാമി, ഡോ. എഫ്. മേരി റെജീന, എസ്.എ. ലൂർദ്സാമി, കെ.എസ്. ജയമോഹൻ, സീറ്റ്ലി ജോർജ്, ഡോ. തോംസൺ ഫിലിപ്പ്, ഡൊമിനിക്ക പാസ്കൽ ദാബ്രെ, ഫാ. ഡോ. പോൾ വി. പാറത്താഴം, പ്രഫ. ഡേവിഡ് ആർ. സിയെംലി, ഡോ. ജോവാൻ ചുങ്കപ്പുര എംഎംഎസ്, ഫാ. ഡോ. ജോസുകുട്ടി തോമസ് എസ്ഡിബി, ഫാ. ജോസ് അലാരിക്കോ കാർവാലോ, ജോസഫ് ആന്റണി ഗാത്തിയ, എസ്. ജെ. റീമാൻ, ഫാ. റോയ് മാത്യു വടക്കേൽ എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്.
സാമൂഹിക വികസനം, അജപാലന ശുശ്രൂഷ, സമൂഹ ശക്തീകരണം എന്നിവയിൽ പതിറ്റാണ്ടുകളായി മാതൃകാപരമായ സേവനം കാഴ്ചവച്ചതിനാണ് കോട്ടയം അതിരൂപത വികാരി ജനറാൾകൂടിയായ ഫാ. മൈക്കിൾ വെട്ടിക്കാട്ടിനു പുരസ്കാരം ലഭിച്ചത്. സീറോമലബാർ സഭയുടെ സേവനവിഭാഗമായ സ്പന്ദന്റെ ചീഫ് കോ- ഓർഡിനേറ്റർ എന്നനിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.
അതുപോലെ കെസിബിസി സാമൂഹ്യസേവന വിഭാഗമായ കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി ആറു വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം വെള്ളപ്പൊക്കം, ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു. കെഎസ്എസ്എഫുമായി ചേർന്ന് സുനാമി ബാധിതർക്കായി കോട്ടയം അതിരൂപത 36 വീടുകൾ നിർമിച്ചതും അദ്ദേഹത്തിന്റെ സാമൂഹ്യസേവന പാതയിൽ നക്ഷത്രതിളക്കത്തോടെ നിൽക്കുന്നു.
മലബാർ മേഖലയിലെ റീജണൽ സോഷ്യൽ സർവീസ് സൊസൈറ്റി MASSSന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി മൂന്നു വർഷവും കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ സോഷ്യൽ വർക്ക് ആൻഡ് ഹ്യുമാനിറ്റേറിയൻ സർവീസസിന്റെ ഡയറക്ടറായി 15 വർഷവും സേവനമനുഷ്ഠിച്ചു. അദ്ദേഹം സ്ഥാപിച്ച ക്നാനായ അക്കാദമി ഫോർ റിസർച്ച് ആൻഡ് ട്രെയിനിംഗ് (KART) യുവതലമുറയ്ക്കു വലിയ മാർഗദർശിയായി മാറി. ചൈതന്യ കാർഷിക മേളയെ കേരളത്തിലെതന്നെ ഏറ്റവും വലിയ കാർഷിക മേളകളിൽ ഒന്നായി വളർത്തിയെടുത്തതിനു പിന്നിലും ഫാ. വെട്ടിക്കാട്ടിന്റെ ദീർഘവീക്ഷണവും പരിശ്രമമവുമായിരുന്നു.
സഭയ്ക്കും സമൂഹത്തിനും നൽകിയ നിസ്തുല സേവനങ്ങൾ മുൻനിർത്തി ഇതാദ്യമായാണ് സിബിസിഐ ദേശീയതലത്തിലുള്ള പുരസ്കാരം ഏർപ്പെടുത്തിയത്. സുവിശേഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യാന്തസ്, നീതി, വിദ്യാഭ്യാസം, നേതൃത്വം, നവീനത എന്നിവയിൽ ഗണ്യമായ സംഭാവനകൾ നൽകി സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും അസാധാരണമായ സേവനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്ത വ്യക്തികളെയാണ് പുരസ്കാരം നൽകി ആദരിച്ചത്.







Leave a comment