ന്യൂഡൽഹി: വെനസ്വേലയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങൽ പുനഃരാരംഭിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. 2025-ന്റെ പകുതിയോടെയാണ് റിലയൻസ് വെനസ്വേലയിൽ നിന്നുള്ള എണ്ണവാങ്ങൽ നിർത്തിവെച്ചത്. ഇന്ത്യ ഊർജ്ജ വിതരണ സ്രോതസ്സുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. വെനസ്വേലയിൽ നിന്നുള്ള എണ്ണയ്ക്കുള്ള നിയന്ത്രണങ്ങളിൽ അമേരിക്ക ഇളവ് വരുത്തിയതിന് പിന്നാലെയാണ് അവർ ആഗോള വിപണിയിൽ തിരിച്ചെത്തിയത്.
വിറ്റോൾ എന്ന ട്രേഡിംഗ് ഹൗസ് വഴി റിലയൻസ് ഏകദേശം രണ്ട് ദശലക്ഷം ബാരൽ വെനസ്വേലൻ ക്രൂഡ് ഓയിൽ വാങ്ങിയതായാണ് വിവരം. ഇതിന്റെ വിതരണം ഏപ്രിലോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലനിരക്കിൽനിന്നു കുറഞ്ഞ നിരക്കിലാണ് ഈ കച്ചവടം എന്നതും ശ്രദ്ധേയമാണ്. ഒരു വർഷത്തിനിടെ ഇതാദ്യമായാണ് റിലയൻസ് വെനസ്വേലയിൽനിന്ന് എണ്ണ വാങ്ങുന്നത്.
അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്ന ഉപരോധങ്ങളും നിയന്ത്രണങ്ങളും മൂലം വ്യാപാരം തടസപ്പെട്ടിരുന്ന ഒരു ചെറിയ കാലയളവിന് ശേഷമാണ് വെനസ്വേലൻ എണ്ണ വീണ്ടും വിപണിയിലേക്ക് എത്തിയിരിക്കുന്നത്. അമേരിക്കൻ ട്രേഡിങ് കമ്പനികളായ വിറ്റോൾ, ട്രാഫിഗ്യുറ തുടങ്ങിയവയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ വെനസ്വേലൻ ക്രൂഡ് ഓയിൽ വിൽക്കാനുള്ള ലൈസൻസ് ലഭിച്ചിട്ടുണ്ട്.
ഊർജ്ജ പുനഃക്രമീകരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസം. മുമ്പ്, ഉപരോധങ്ങളും നിയന്ത്രണങ്ങളും വരുന്നതുവരെ വെനസ്വേല വിപണിയിൽനിന്ന് ഇന്ത്യൻ കമ്പനികൾ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്നു. വാണിജ്യപരമായ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ വെനസ്വേലയിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നുമുള്ള ക്രൂഡ് ഇറക്കുമതി സാധ്യതകൾ ആരായാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.





