ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ശബരി റെയിൽവേ പദ്ധതി നടപ്പാകും : 50% ചെലവ് വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം

തിരുവനന്തപുരം: ശബരി റെയിൽവേ പദ്ധതി നടപ്പാകും .അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചെലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ, 8 കിലോമീറ്റർ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെയുള്ള 7 കിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവൃത്തികളുടെ ഏകദേശം 90 ശതമാനവും വർഷങ്ങൾക്ക് മുമ്പേ പൂർത്തിയായിരുന്നു. ബാക്കിയുള്ള ദൂരത്തേക്കായി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിരുന്നെങ്കിലും, അവയുടെ കാലാവധി അവസാനിച്ചതിനാൽ നടപടികൾ വീണ്ടും ആദ്യഘട്ടം മുതൽ തുടങ്ങേണ്ട അവസ്ഥയിലാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങളും റെയിൽവേ ബജറ്റിൽ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വർഷത്തിലേറെയായി ഈ പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ശബരി പദ്ധതിക്കായി 303.58 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഭൂമിയേറ്റെടുക്കാൻ 1361 കോടി രൂപയും നിർമ്മാണ പ്രവർത്തനത്തിന് 2439.93 കോടി രൂപയും ചിലവ് വരും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പദ്ധതിക്കാവശ്യമുള്ള ഭൂമി ഏറ്റെടുക്കേണ്ടത്.

പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ റവന്യു അധികാരികൾക്ക് നിർദ്ദേശം നൽകി. ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിക്കുവാനും മന്ത്രിസഭ തീരുമാനിച്ചു.

ശബരി റെയിൽപ്പാത വീണ്ടും ഉണരുമ്പോൾ കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പാണ് തീരുന്നത്. തലസ്ഥാനം വരെ മൂന്നു ഘട്ടമായി എത്തുന്ന പാതയുടെ ആദ്യ ഘട്ടമാണിത്. അങ്കമാലി – എരുമേലി പാത തീർഥാടകർക്ക് മാത്രമല്ല, മലയോരജനതയ്ക്കും പ്രയോജനകരമാണ്. പാതയിലെ 14 സ്റ്റേഷനുകളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും അറിയാം

1: അങ്കമാലി

ദേശീയപാതയും എം.സി. റോഡും സംഗമിക്കുന്ന അങ്കമാലിക്കടുത്താണ് നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം. ശബരിപാതക്കൂടിവരുന്നതോടെ വിവിധ ഗതാഗതസൗകര്യങ്ങളുടെ സംഗമസ്ഥലമാകും അങ്കമാലി. വാണിജ്യനഗരമായ അങ്കമാലിക്ക് കൂടുതൽ പ്രാധാന്യം കൈവരും; ചരക്കുനീക്കവും കൂടും. കിഴക്കൻജില്ലകളിൽനിന്നുള്ളവർക്ക് വിമാനത്താവളത്തിലെത്താൻ പുതിയ പാതയാകും. ടെൽക്ക്, ബാംബൂ കോർപ്പറേഷൻ തുടങ്ങിയപൊതുമേഖലാസ്ഥാപനങ്ങളും അങ്കമാലിയിലാണ്. നിലവിൽ അങ്കമാലിമുതൽ വാപ്പാലശ്ശേരി, നായത്തോട്, പിരാരൂർ, മറ്റൂർവഴി കാലടിവരെ ഏഴുകിലോമീറ്റർ പാത നിർമിച്ചിട്ടുണ്ട്.

2: കാലടി

അദ്വൈതാചാര്യനായ ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി ഒട്ടേറെ തീർഥാടകരെത്തുന്ന സ്ഥലമാണ്. ശൃംഗേരി, കാഞ്ചി മഠങ്ങൾ, ശ്രീരാമകൃഷ്ണാശ്രമം എന്നിവയും പ്രശസ്തം. തീർഥാടകരെത്തുന്ന പ്രശസ്ത ക്രൈസ്തവകേന്ദ്രമായ മലയാറ്റൂർ പള്ളി ഇവിടെ അടുത്താണ്. സംസ്‌കൃത സർവകലാശാലയും ഇവിടെയാണ്. പ്രമുഖ അരിസംസ്‌കരണകേന്ദ്രമാണ്. ശബരിമലപ്പാത വന്നാൽ ചരക്കുഗതാഗതത്തിലും ഉണർവുവരും.

നിലവിൽ കാലടി റെയിൽവേ സ്റ്റേഷനും പെരിയാറിന് കുറുകെ ഒരു കിലോമീറ്ററുള്ള പാലവും പണിതിട്ടുണ്ട്.

3: പെരുമ്പാവൂർ

പെരുമ്പാവൂർ നഗരസഭയിൽ പട്ടാൽകോറി കല്ലുപാലം റോഡിലാണ് സ്റ്റേഷൻ വരുന്നത്.

പ്ലൈവുഡ് വ്യവസായമേഖലയാണ് ഇവിടം. സംസ്ഥാനത്ത് അതിഥിത്തൊഴിലാളികൾ ഏറെയുള്ള സ്ഥലം. പ്ലൈവുഡ്, സ്റ്റീൽ ഫർണിച്ചർ, പ്ലാസ്റ്റിക് വ്യവസായങ്ങളുടെ കേന്ദ്രമായ പെരുമ്പാവൂരിന് വികസനത്തിന് പുതിയ സാധ്യതകൾ പാത തുറക്കും.

ഇടുക്കി, മൂന്നാറിന്റെ കവാടം എന്ന നിലയിലും പ്രാധാന്യം. നിലവിൽ റെയിലിനുവേണ്ടി കല്ലിട്ടുപോയിട്ടുണ്ട്. സ്ഥലം ഏറ്റെടുത്തിട്ടില്ല.

4: ഓടക്കാലി

അശമന്നൂർ പഞ്ചായത്തിൽ ഏക്കുന്നം പുറച്ചിറ റോഡിനടുത്താണ് ഓടക്കാലി സ്റ്റേഷൻ. നിലവിൽ റെയിലിനുവേണ്ടി കല്ലിട്ടുപോയിട്ടുണ്ട്. സ്ഥലം ഏറ്റെടുത്തിട്ടില്ല.

5: കോതമംഗലം

കോതമംഗലത്തുനിന്ന് 2.7 കിലോമീറ്റർദൂരത്തിൽ വെണ്ടുവഴി ഇലവനാട് കനാൽഭാഗത്താണ് കോതമംഗലം സ്റ്റേഷൻ. ഹൈറേഞ്ചിന്റെ എറണാകുളം ജില്ലയിലെ കവാടമാണ് കോതമംഗലം.

റെയിൽപ്പാത വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകും. പൈനാപ്പിൾ, വിവിധ സുഗന്ധവ്യഞ്ജനവസ്തുക്കൾ ഇവയുടെ വിപണനം സുഗമമാക്കും.

കല്ലിട്ടെങ്കിലും സ്ഥലമേറ്റെടുത്തിട്ടില്ല. വർഷങ്ങൾക്കുമുൻപ് ഇട്ട അതിർത്തിക്കല്ലുകൾ വീടുകൾക്കുസമീപം കാണാം.

6: മൂവാറ്റുപുഴ

മൂവാറ്റുപുഴയിൽ കിഴക്കേക്കരയിലാണ് സ്റ്റേഷൻ. സ്റ്റേഷൻ, ആസ്ഥാനത്തെ പ്രധാന ഗതാഗതകേന്ദ്രമാകും.

കിഴക്കേക്കരയും മൂവാറ്റുപുഴ-തേനി ഹൈവേയുടെ തുടക്കവും അടുത്താണ്. റെയിൽവേ സ്റ്റേഷന് തേനി ഹൈവേയിലേക്ക് നേരിട്ട് ബന്ധവുമുണ്ട്. ഇത് ബസ്-റെയിൽ സൗകര്യങ്ങൾക്ക് സഹായകമാകും. തമിഴ്‌നാട്ടിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയായ തേനി ഹൈവേയുടെ സാധ്യതകളും തുറക്കും.

7: വാഴക്കുളം

വാഴക്കുളം ടൗണിനടുത്ത് കല്ലൂർക്കാട് കവലയിൽനിന്ന് കല്ലൂർക്കാടേക്കുള്ള പ്രധാന വഴിയിൽ 200 മീറ്റർ ദൂരത്താണ് സ്റ്റേഷൻ. പൈനാപ്പിൾനഗരമായ വാഴക്കുളത്തേക്ക് റെയിൽവേ എത്തുന്നു എന്നതാണ് സ്റ്റേഷന്റെ പ്രാധ്യാന്യം. വാഴക്കുളത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെ നടുക്കരയിൽ സ്ഥിതിചെയ്യുന്ന സർക്കാരിന്റെ കീഴിലുള്ള വാഴക്കുളം പൈനാപ്പിൾ കമ്പനി, പൈനാപ്പിൾ ഗവേഷണകേന്ദ്രം എന്നിവയാണ് സ്ഥലത്തെ പ്രധാന സ്ഥാപനങ്ങൾ. മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ പ്രധാന വിപണികളിലേക്ക് പൈനാപ്പിൾ കൊണ്ടുപോകാൻ റെയിൽവേലൈൻ വലിയതോതിൽ സഹായിക്കും. വിപണിയുടെയും കർഷകരുടെയും വളർച്ചയ്ക്ക് ഗുണകരം.

8: തൊടുപുഴ

ഇടുക്കി ജില്ലയിലെ ആദ്യ റെയിൽവേസ്റ്റേഷനാവും ഇത്. തൊടുപുഴയുടെ വികസനക്കുതിപ്പിന് കരുത്താകും. ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിലേക്ക് റോഡുമാർഗം വേഗത്തിലെത്താം. ലോകത്തെ ഏറ്റവും ഗുണനിലവാരമുള്ള ഏലം ഉത്പാദിപ്പിക്കുന്നത് കുമളി മുതൽ ശാന്തൻപാറവരെയുള്ള ഏലമലക്കാടുകളിലാണ്.പുല്ലുമേട്ടിലെ കാനനപാതവഴി സന്നിധാനത്തേക്ക് പോകുന്ന ഒട്ടേറെ ഭക്തരുണ്ട്. അയൽസംസ്ഥാനങ്ങളിൽനിന്നും ട്രെയിനിലെത്തിയാൽ, മൂന്നുമണിക്കൂറിൽ വണ്ടിപ്പെരിയാറിലെത്തി പുല്ലുമേട്ടിലേക്ക് പോകാം.തൊടുപുഴ വെങ്ങല്ലൂർ-കോലാനി ബൈപ്പാസിനുസമീപമാണ് സ്റ്റേഷൻ.

പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം

9: കരിങ്കുന്നം

കരിങ്കുന്നത്തുനിന്ന് നെല്ലാപാറയിലേക്കുള്ള ബൈപ്പാസ് റോഡിന് സമീപമാണ് കരിങ്കുന്നം സ്റ്റേഷൻ നിർമിക്കുന്നത്.

ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തി മേഖലയാണിത്. റെയിൽവേ സ്റ്റേഷൻ വരുന്നത് റബ്ബർ മേഖലയ്ക്ക് കൂടുതൽ നേട്ടമാകും. പ്രദേശത്തിന്റെ വ്യാവസായികവികസനത്തിനും വിനോദസഞ്ചാര മേഖലയുടെ വികസത്തിനും പദ്ധതി ഗുണംചെയ്യും.

10: രാമപുരം

കോട്ടയംജില്ലയിലെ ശബരി റെയിലിന്റെ ആദ്യസ്റ്റേഷനായ രാമപുരം സ്റ്റേഷൻ പിഴകിലാണ്. ഇവിടെവരെ സ്ഥലം അളന്ന് കല്ലിട്ടുതിരിച്ചു.

കർക്കടകത്തിലെ നാലമ്പലതീർഥാടനത്തിന് പ്രസിദ്ധമായ രാമപുരം ക്ഷേത്രം സമീപത്താണ്. പ്രശസ്തമായ രാമപുരം പള്ളിയും ഇവിടെയാണ്.

പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം:

11: ഭരണങ്ങാനം

ഇവിടേക്ക് പാതയ്ക്കായി സർവേ നടന്നിട്ടില്ല. സ്ഥലം നിശ്ചയിച്ചിട്ടില്ല. സർവേയും നടന്നിട്ടില്ല. ഏറ്റുമാനൂർ-പൂഞ്ഞാർ റോഡിൽ മേലമ്പാറയിൽ സ്റ്റേഷൻ വരുമെന്നാണ് കരുതുന്നത്. ഏറെ വിശ്വാസികളെത്തുന്ന വിശുദ്ധ അൽഫോൺസാമ്മയുടെ പേരിലുള്ള പ്രസിദ്ധ ക്രൈസ്തവതീർഥാടനകേന്ദ്രം അടുത്താണ്. വാഗമൺ ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്നവർക്ക് സഹായകം.

12: ചെമ്മലമറ്റം

ഈരാറ്റുപേട്ട റോഡിലെ ചെമ്മലമറ്റത്തും സ്റ്റേഷൻ വരും. സർവേ നടന്നിട്ടില്ല. സ്ഥലവും നിശ്ചയിച്ചിട്ടില്ല.

13: കാഞ്ഞിരപ്പള്ളി

കെ.കെ. റോഡിൽ പാറത്തോടിന് സമീപമാവും സ്റ്റേഷൻ എന്ന് കരുതുന്നു. സർവേ നടന്നിട്ടില്ല.

ഇടുക്കിയുടെ മലയോരമേഖലയിലുള്ളവർക്കാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഏറെ പ്രയോജനപ്പെടുക.

തേക്കടി, പരുന്തുംപാറ, കുട്ടിക്കാനം, പീരുമേട് തുടങ്ങിയ വിനോദകേന്ദ്രങ്ങളിലേക്കെത്താൻ എളുപ്പം. തേയിലയുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വിപണനത്തിനും ഗുണംചെയ്യും.

14: എരുമേലി

ശബരിമലതീർഥാടർക്കായി വിഭാവനംചെയ്ത പാതയുടെ അവസാന സ്റ്റേഷനാണിത്. സർവേ നടന്നിട്ടില്ല. സ്ഥലവും നിശ്ചയിച്ചിട്ടില്ല.

എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ചെറുവള്ളി എസ്റ്റേറ്റിൽ ശബരിമല വിമാനത്താവളവും വരുന്നുണ്ട്. തീർഥാടനത്തിൽ വലിയ വികസനവും സൗകര്യങ്ങളുമാണ് ഇതോടെ വരുന്നത്.

ലക്ഷക്കണക്കിന് ശബരിമലഭക്തരെത്തി പേട്ടതുള്ളുന്ന സ്ഥലമാണ്. പേട്ട ശാസ്താക്ഷേത്രവും വാവരുപള്ളിയും സമീപമുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ചന്ദ്രന്റെ കാണാപ്പുറങ്ങള്‍ കണ്ട ശേഷം Artimes II തിരിച്ചെത്തി; ഓറിയോണ്‍ പേടകം പസഫിക് സമുദ്രത്തില്‍ പതിച്ചു

ഹൂസ്റ്റണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

മലയാളത്തിലാദ്യമായി കോടതി റിസീവർഷിപ്പിലൊരു സിനിമ

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷൻ മാത്യുവും നിമിഷ...

കേരള വാർത്തകൗതുകങ്ങൾ

എ​ല്ലാം മ​റ​ന്നൊ​ന്ന് മ​യ​ങ്ങി; ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ ഉ​റ​ങ്ങി​യ​പ്പോ​യ ത​സ്ക​ര​ൻ പി​ടി​യി​ൽ

കൊ​ച്ചി: ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ്ടി​ക്കാ​ൻ ക​യ​റി​യ ക​ള്ള​ന്‍ ഉ​റ​ങ്ങി​പ്പോ​യി. കോ​വി​ലൂ​ര്‍ ക​ഴു​കു​വാ​ല്‍​വ​ട്ടം ക്ഷേ​ത്ര​ത്തി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. തി​ട​പ്പ​ള്ളി​യി​ല്‍...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു

കോട്ടയം: രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു. 2024 ഒാഗസ്റ്റിലാണ് ഇതിനുമുൻപ്‌ 250...