സിനിമ

മുറിവേറ്റ ആത്മാവിന്റെ ശരിയിൽ മാനസാന്തരപ്പെടുന്ന കള്ളന്റെ കുമ്പസാരം

യേശുവിനോടൊപ്പം രണ്ടു കള്ളന്മാരേയും കുരിശിലേറ്റിയെന്നാണ് വിശ്വാസം. മഹത്വം തിരിച്ചറിഞ്ഞ് കരുണ യാചിച്ച കള്ളന്മാരിൽ ഒരാൾക്ക് യേശു സ്വർഗത്തിലേക്ക് പ്രവേശനം നൽകി. മനസ്താപമുണ്ടായ ഈ കള്ളനെ നല്ല കള്ളൻ എന്ന് വിളിച്ചുപോരുന്നു. കുരിശിലേറ്റപ്പെടുമ്പോൾ നല്ല കള്ളൻ യേശുവിന്റെ വലതുവശത്തായിരുന്നുവെന്നാണ് വിശ്വാസം. സ്വയം ക്രൂശിക്കപ്പെട്ട് മാനവരാശിക്ക് വഴികാട്ടിയവനാണ് യേശു. വഴിപിഴച്ചുപോയ പോലീസുകാരനെ നേർവഴി നടത്താൻ സ്വന്തം ജീവൻ നൽകിയ അച്ഛന്റെ കഥയാണ് ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’. തിരിച്ചറിവുണ്ടാവാൻ സ്വന്തം രക്തത്തെ ബലികൊടുക്കേണ്ടി വന്ന, ഒടുവിൽ നല്ല കള്ളനായി മാറിയ അച്ഛന്റെ കഥകൂടി.

ഡിനു തോമസ് ഈലൻ രചിച്ച ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’ ചിലയിടങ്ങളിലെങ്കിലും സംവിധായകന്റെ മുൻചിത്രങ്ങളെ ഓർമിപ്പിക്കും. ‘മെമ്മറീസി’ലെ സാം അലക്‌സ് എന്ന കഥാപാത്രത്തെ ഓർമയില്ലേ. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ അതേപേരാണ് ‘വലതുവശത്തെ കള്ളനി’ൽ ജോജു ജോർജിന്റെ കഥാപാത്രത്തിന്. സാം എന്ന് വിളിക്കപ്പെടുന്ന സാമുവേൽ ജോസഫ് എന്ന എത്തിക്കൽ ഹാക്കറായ അച്ഛൻ വേഷത്തിലാണ് ജോജു ചിത്രത്തിൽ. പക്ഷേ, ചിത്രത്തിൽ പോലീസ് വേഷത്തിലുള്ളത് ബിജു മേനോൻ അവതരിപ്പിച്ച സിഐ ആന്റണി സേവ്യർ എന്ന കഥാപാത്രമാണ്.

സ്വഭാവംകൊണ്ട് ‘ബാഡ് കോപ്’ ആണ് ആന്റണി. ഉന്നതരുടെ മക്കൾ പ്രതികളാകുന്ന കേസുകളിൽ സെറ്റിൽമെന്റ് നടത്തി കൈക്കൂലി വാങ്ങി ജീവിക്കുന്ന പോലീസുകാരൻ. ഒരുകാലത്ത് അയാൾക്ക് തന്റെ വഴിപിഴച്ച യാത്രകൾക്ക് സാധൂകരണമുണ്ടായിരുന്നു. എന്നാൽ ഭാര്യയുടെ മരണംപോലും അയാളെ നേരയാക്കുന്നില്ല. ഭാര്യയുടെ മരണവും അതിനുകാരണമെന്ന് അയാൾ വിശ്വസിക്കുന്ന കാര്യവും അയാളെ കൂടുതൽ മോശം സ്വഭാവങ്ങളിലേക്ക് വഴി നടത്തുന്നു. ഇയാളുടെ മോശം പാരന്റിങ്ങിന്റെ ഇരയായി മകനും മാറുന്നു. ഇതിന് നേർവിപരീതമായ സ്വഭാവവിശേഷതകളുള്ള കഥാപാത്രമാണ് സാമുവേൽ ജോസഫ്. മകൾക്കുവേണ്ടി ജീവിക്കുന്ന അച്ഛൻ. അപ്രതീക്ഷിതമായി സാമിന്റെ മകൾ കൊല്ലപ്പെടുന്നു. സ്വന്തം ജീവൻ നൽകി നീതിയുടെ വഴിയേ ആന്റണിയേയും നിയമത്തേയും കൊണ്ടുവരാനുള്ള സാമിന്റെ ശ്രമങ്ങളാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.

പ്രമേയം ലളിതമാണെങ്കിലും അതിനെ കൈകാര്യംചെയ്യുന്ന രീതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ക്രൈം ത്രില്ലറായും ഡ്രാമയായും ഇടയ്ക്കിടെ ഴോണർ ഷിഫ്റ്റ് നടത്തുന്ന ചിത്രം പ്രേക്ഷകന്റെ ആകാംക്ഷയെ മുതലെടുത്താണ് മുന്നോട്ടുപോകുന്നത്. ഇതാണ് തിരക്കഥാകൃത്തിന്റെ വിജയം. ഉയർന്ന ബൗദ്ധിക നിലവാരമുള്ള രണ്ടുപേർ തമ്മിലെ സംഘർഷങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. പ്രേക്ഷകന് ഒരിക്കലും പിടിനൽകാത്ത വഴികളിലൂടേയാണ് അതിനായി ചിത്രം സഞ്ചരിക്കുന്നത്. സഞ്ചാരത്തിലെ ഈ പുതുമയാണ് ചിത്രത്തിന്റെ മികവും ഒടുവിൽ പ്രേക്ഷകനെ കൈയടിക്കാൻ പ്രേരിപ്പിക്കുന്നതും.

ആന്റണി സേവ്യർ എന്ന വെറുക്കപ്പെടേണ്ട പോലീസുകാരനായി ബിജു മേനോൻ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബിജു മേനോന്റെ ലുക്കിൽ പോലും ഈ അയാളുടെ പ്രതിഫലനമുണ്ട്. അത്തരമൊരു കഥാപാത്രത്തെ വിശ്വസനീയമായാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. ആന്റണി സേവ്യർ എന്ന കഥാപാത്രവുമായി തട്ടിച്ചുനോക്കുമ്പോൾ പൊതുവേ സ്‌ക്രീൻ ടൈം ജോജുവിന്റെ സാമിന് കുറവാണ്. പക്ഷേ, ചിത്രത്തെയാകെ മുന്നോട്ടുനയിക്കുന്നത് അയാളാണ്. ആദ്യഭാഗത്ത് നല്ല കുടുംബസ്ഥനായും രണ്ടാംഭാഗത്ത് മകൾ നഷ്ടപ്പെട്ട അച്ഛനായുമുള്ള ജോജുവിന്റെ പ്രകടനം മികച്ചതാണ്.

സാമിന്റെ ഭാര്യയാ തെരേസാ സാം എന്ന കഥാപാത്രമായാണ് ലെന ചിത്രത്തിലെത്തുന്നത്. ലെനയുടെ കഥാപാത്രത്തിനും ഒരു ഘട്ടത്തിൽ ചിത്രത്തിൽ നിർണായക സ്വാധീനമുണ്ട്. സാമിന്റെ മകളായ ഐറിൻ ആയി വൈഷ്ണവി രാജും ആന്റണിയുടെ മകൻ ഫിലിപ്പായി കെ.ആർ. ഗോകുലും അഭിനയിച്ചിരിക്കുന്നു. ചിത്രത്തിലെ ഗോകുലിന്റെ പ്രകടനം പ്രത്യേകപരാമർശം അർഹിക്കുന്നുണ്ട്. മോശം പേരന്റിങ്ങിന്റെ ഇരയായ, സാഹചര്യം കുറ്റവാളിയാക്കുന്ന ഫിലിപ്പ് എന്ന കഥാപാത്രമായുള്ള ഗോകുലിന്റെ പ്രകടനം വിശ്വസനീയമായിരുന്നു.

കോൺസ്റ്റബിൾ ജോണി വിൻസെന്റായി എത്തിയ ഇർഷാദ് അലി, എഎസ്‌ഐ വിദ്യയുടെ വേഷത്തിലെത്തി ലിയോണ ലിഷോയ്, ഡിവൈഎസ്പി ഫിറോസ് എന്ന കഥാപാത്രമായെത്തി ഷാജു ശ്രീധരൻ എന്നിവരും അവരുടെ ഭാഗങ്ങൾ മികച്ചതാക്കി. ബിജു മേനോനോട് കിടപിടിക്കുന്നതായിരുന്നു ഇർഷാദ് അലിയുടെ പ്രകടനം. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, അഭിറാം രാധാകൃഷ്ണൻ, കൃഷ്ണപ്രഭ, മനോജ് കെ.യു, ജോളി ചിറയത്ത്, രമ്യ സുരേഷ്, ശാന്തി മായാദേവി തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ചിത്രത്തിന്റെ നിർമാതാവായ ഷാജി നടേശനും ഒരു ചെറുവേഷത്തിലുണ്ട്.

ഡിനു തോമസ് ഈലന്റെ തിരക്കഥയാണ് ചിത്രത്തിന്റെ ശക്തി. ബാബുരാജ് നായകനായ ‘കൂദാശ’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തെന്ന നിലയിൽ ശ്രദ്ധേയനാണ് ഡിനു. ജിത്തു ജോസഫ് ചിത്രങ്ങളിലെ പതിവ് സാങ്കേതിക പ്രവർത്തകരായ സതീഷ് കുറുപ്പും വിനായകുമാണ് ‘വലതുവശത്തെ കള്ളന്റെ’ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ഇരുവരും ചിത്രത്തിനൊപ്പം തന്നെ സഞ്ചരിക്കുന്നതുകൊണ്ട് ‘വലതുവശത്തെ കള്ളൻ’ മികവുറ്റതാവുന്നത്. ഴോണറുകൾ മാറിക്കൊണ്ടിരിക്കുന്ന ചിത്രത്തിൽ സംഗീതസംവിധായകൻ വിഷ്ണു ശ്യാമിന്റെ കൈയടക്കവും എടുത്തുപറയേണ്ടതാണ്.

വൈകാരിക വഴികളിൽ സഞ്ചരിക്കുന്ന ഒരു ക്രൈം ത്രില്ലറാണ് ‘വലതുവശത്തെ കള്ളൻ’. രേഖകളിൽ ചേർക്കപ്പെടാത്ത കുറ്റാന്വേഷണം പ്രേക്ഷകന് മികച്ച സിനിമാനുഭവം തിയേറ്ററിൽ സമ്മാനിക്കും. ആകാംക്ഷയും വൈകാരികതയും ഒരേപോലെ ബിഗ് സ്‌ക്രീനിൽ അനുഭവിക്കാൻ ആഗ്രഹിക്കുന്നവർ തിയേറ്ററിൽ കാണാവുന്ന ചിത്രമാണിത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

സിനിമ

കുടുംബപ്രേക്ഷകരേയും കൈയിലെടുത്ത് ‘കറക്കം’; ഹൊറർ- കോമഡി (Review)

മലയാളത്തിലെ ആദ്യമ്യൂസിക്കൽ ഹൊറർ- കോമഡി ചിത്രമായ ‘കറക്കം’ തിയേറ്ററുകളിൽ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. യുവാക്കളെ മാത്രമല്ല,...

ചരമംസിനിമ

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു...

സിനിമ

പെപ്പേയുടെ ആക്ഷൻ താണ്ഡവം, വെള്ളിത്തിരയെ തീ പിടിപ്പിക്കുന്ന ‘കാട്ടാളൻ’ (Review)

പാൻ ഇന്ത്യൻ ലേബലിൽ വരുന്ന ചില അന്യഭാഷാ ചിത്രങ്ങൾ കാണുമ്പോൾ നമ്മളിൽ പലരും ആലോചിക്കും ഇതുപോലൊന്ന്...

പ്രധാന വാർത്തസിനിമ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ന്യൂഡൽഹി: ഡൽഹി സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച...