തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ടെർമിനൽ വികസനത്തിൻ്റെ ഭാഗമായി 150 കോടിയിലേറെ രൂപ ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള ഹോട്ടൽ നിർമ്മിക്കാൻ അദാനി ഗ്രൂപ്പിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. അന്താരാഷ്ട്ര ടെർമിനലിലേക്കുള്ള ഫ്ലൈഓവറിന് സമീപത്തായി ദേശീയപതാക സ്ഥാപിച്ചിരിക്കുന്നതിന് അടുത്താണ് പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കുക.
ഹോട്ടൽ മേഖലയിൽ വൈദഗ്ദ്ധ്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഏജൻസിക്കായിരിക്കും നടത്തിപ്പ് ചുമതല. കൺവെൻഷൻ സെൻ്ററും റെസ്റ്റോറൻ്റ് അടക്കമുള്ള സൗകര്യങ്ങളും ഹോട്ടലിൽ ഉണ്ടാകും. ഉയരമുള്ള കെട്ടിടങ്ങൾക്ക് നിയന്ത്രണങ്ങളുള്ളതിനാൽ പരമാവധി 23 മീറ്റർ പൊക്കം മാത്രമാണ് ഹോട്ടലിനുണ്ടാകുക.
240 മുറികളും 660 പേർക്ക് ഭക്ഷണം കഴിക്കാവുന്ന സൗകര്യവുമുള്ള ഹോട്ടലിന് രണ്ട് ഭൂഗർഭ പാർക്കിംഗ് നിലകൾ അടക്കം ആകെ 7 നിലകളാണ് ഉണ്ടാവുക. 33,902 ചതുരശ്ര മീറ്ററാണ് ആകെ വിസ്തീർണ്ണം. നിലവിൽ 136.31 കോടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നതെങ്കിലും, അന്തിമ ഡിസൈൻ വരുന്നതോടെ ഇത് 150 കോടിയിലേറെയാകും.
- തൊഴിൽ സാധ്യത: 300 പേർക്ക് നേരിട്ടും 900 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
- നിർമ്മാണ ലക്ഷ്യം: മൂന്ന് മാസത്തിനകം നിർമ്മാണക്കരാർ നൽകും. മൂന്ന് വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്നാണ് അനുമതിയിലുള്ളതെങ്കിലും ഒരു വർഷത്തിനകം നിർമ്മിക്കാനാണ് അദാനിയുടെ പദ്ധതി.
- പരിസ്ഥിതി അനുമതി: ഹോട്ടൽ നിർമ്മിക്കാൻ വിമാനത്താവള വളപ്പിലെ 40 മരങ്ങൾ മാറ്റി സ്ഥാപിക്കാനും കേന്ദ്രാനുമതി ലഭിച്ചു.
പ്രയോജനങ്ങൾ
യാത്രക്കാർക്കും വിമാനത്താവള ജീവനക്കാർക്കുമെല്ലാം വിമാനത്താവള പരിസരത്ത് താമസിക്കാൻ സൗകര്യമൊരുങ്ങും. വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചേഞ്ച് സൗകര്യമൊരുങ്ങുന്ന സാഹചര്യത്തിൽ അവർക്കും ഈ ഹോട്ടലിൽ താമസിക്കാനാകും. സർവീസുകൾ തടസ്സപ്പെടുകയോ വൈകുകയോ ചെയ്താൽ യാത്രക്കാരെ പുതിയ ഹോട്ടലിലേക്ക് മാറ്റാനും സാധിക്കും.
പുതിയ ടെർമിനൽ നിർമ്മാണവും
ഹോട്ടൽ നിർമ്മാണത്തിന് പുറമെ 1300 കോടി രൂപ ചെലവിൽ പുതിയ ‘അനന്ത’ ടെർമിനൽ നിർമ്മിക്കാനും അദാനി ലക്ഷ്യമിടുന്നു. ഇതിനുള്ള പരിസ്ഥിതി അനുമതി നേടിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ‘ശ്രീപദ്മനാഭൻ്റെ മണ്ണിലേക്ക് നന്മയുടെ കവാടം’ (Gateway of Goodness) എന്ന രീതിയിലാണ് ‘അനന്ത’ ടെർമിനൽ അദാനി രൂപകൽപ്പന ചെയ്യുക. അദാനി പ്രഖ്യാപിച്ച 8707 കോടി രൂപയുടെ പദ്ധതികളുടെ ഭാഗമാണിത്.





