കേരള വാർത്ത

പാലത്തായി പോക്‌സോ പീഡനക്കേസ്: ബിജെപി നേതാവ് കെ. പത്മരാജന് ജീവപര്യന്തം തടവും പിഴയും

തലശേരി: കണ്ണൂർ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ. പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്‌സോ കുറ്റങ്ങളിൽ 40 വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.

തലശേരി അതിവേഗ പോക്‌സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.

കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്‌സോ വകുപ്പ് ചുമത്താത്തതും ഉൾപ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്‌സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ക്ലാസ് മുറികളുടെ പുനഃരാവിഷ്‌കാരവും ക്ലാസിലെ മുഴുവൻ അധ്യാപകരുടെയും മൊഴി വീഡിയോ റെക്കോർഡിംഗ് നടത്തിയും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും പോലീസ് വല വിരിച്ചപ്പോൾ കുടുങ്ങിയത് അധ്യാപകൻറെയുള്ളിലെ ക്രിമിനൽ. കള്ളക്കേസെന്നും കുട്ടിയെ അടിക്കുക മാത്രമാണ് അധ്യാപകൻ ചെയ്തിട്ടുള്ളൂവെന്നും വിവിധ ഘട്ടങ്ങളിൽ പോലീസ് തന്നെ പറഞ്ഞ പാലത്തായി പീഡനക്കേസിലാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുള്ളത്.

ഡിവൈഎസ്പി ടി.കെ. രത്‌നകുമാറിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കേസന്വേഷണം പൂർത്തിയാക്കിയത്. പല ഘട്ടങ്ങളിലും ഐപിഎസുകാരായ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും കള്ളപ്പരാതിയെന്ന നിഗമനത്തിൽ എത്തുകയും അന്വേഷണ സംഘത്തിന് തലവേദന സൃഷ്ടിക്കുകയും ചെയ്ത കേസിലാണ് കോടതിയിലപ്പോൾ പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജെജെ ആക്ട് പ്രകാരം കുട്ടിയെ അടിച്ചു, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങൾക്ക് െ്രെകംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ സത്യം തെളിഞ്ഞത് പുനഃരന്വേഷണത്തിലായിരുന്നു.

പീഡനം നടന്ന സ്ഥലങ്ങൾ പുനഃരാവിഷ്‌കരിച്ചു

2020 ഫെബ്രുവരി ഏഴിന് സ്‌കൂൾ പ്രവൃത്തി ദിവസം ഉച്ചക്ക് 12.04ന് കുട്ടിയുടെ ക്ലാസ് ടീച്ചറല്ലാത്ത പ്രതി കുട്ടിയുടെ ഉമ്മയുടെ ഫോണിലേക്ക് വിളിക്കുകയും 110 സെക്കൻഡ് സംസാരിക്കുകയും ചെയ്തു. സിഡിആർ പരിശോധനയിൽ സ്‌കൂളിലെ മറ്റൊരു കുട്ടിയുടെയും രക്ഷിതാവിനെ ഈ അധ്യാപകൻ വിളിച്ചിട്ടുമില്ല. പെൺകുട്ടിയിൽ നിന്നു പോലീസ് എടുത്ത പത്ത് മൊഴികളിലും പീഡന വിവരം പറയുന്നുണ്ട്. എൽഎസ്എസ് പരീക്ഷക്ക് തെരഞ്ഞെടുക്കപ്പെട്ട 18 കുട്ടികളിൽ ഒരാളായ പെൺകുട്ടിക് മാനസിക പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നു പരിശോധനയിൽ വ്യക്തമായിരുന്നു.

കടവത്തൂരിലെ ഒരു സ്ത്രീയുമായി പ്രതിക്ക് സദാചാരവിരുദ്ധ ബന്ധമുള്ളതായും ഈ വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ ഊമക്കത്തുകൾ പ്രചരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ടി.കെ. രത്‌നകുമാറിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ വനിതാ പോലീസ് ഉദ്യാഗസ്ഥ കുട്ടിയുമായി നിരന്തരം ഇടപഴകിയും നിരീക്ഷിച്ചും കുട്ടിയിൽ വിശ്വാസം നേടിയെടുത്ത ശേഷവുമാണ് സത്യം പറയാനുള്ള മാനസികവസ്ഥയിൽ കുട്ടിയെ എത്തിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

സ്‌കൂളിലെ സ്‌റ്റേജിൽ പ്രവർത്തിക്കുന്ന ക്ലാസിൻറെ രണ്ടര മീറ്റർ അകലത്തിലുള്ള ശുചിമുറിയിൽ പീഡനം നടന്നാൽ ക്ലാസ് മുറിയിൽ നിന്നും കാണുമെന്ന വാദമാണ് ആദ്യ അന്വേഷണ സംഘങ്ങൾ കണ്ടെത്തിയത്. എന്നാൽ, രണ്ടര മീറ്റർ അകലത്തിലുള്ള ശുചിമുറി രണ്ടര മീറ്റർ താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നതെന്നും ക്ലാസിൽ നിന്നു ശുചിമുറിയുടെ മേൽക്കൂര മാത്രമേ കാണാൻ കഴിയൂവെന്ന കാര്യം രത്‌നകുമാറിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്ലാസ് മുറിയുടെ പുനഃരാവിഷ്‌കാരത്തിലൂടെ കണ്ടെത്തുകയായിരുന്നു.

മുമ്പ് സ്‌കൂളിൽ പഠിച്ചിരുന്ന കുട്ടികളെയും അധ്യാപകരെയും ഉപയോഗിച്ചാണ് ക്ലാസ് റൂം പുനഃരാവിഷ്‌കരിച്ചത്. മാത്രവുമല്ല, പെൺകുട്ടികളുടെ ശുചിമുറിയിൽ വച്ചാണ് പീഡനം നടന്നുവെന്നാണ് പരാതിയെന്നായിരുന്നു ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, പെൺകുട്ടികളുടെ ശുചിമുറിക്കു മുന്നിലുള്ള, ക്ലോസറ്റുള്ള, അധ്യാപകർ ഉപയോഗിക്കുന്ന കുളി മുറിയിൽ വച്ചാണ് പീഡനം നടന്നതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ഇരു ശുചിമുറികളും മുഖാമുഖമാണുള്ളത്. ഇവയെല്ലാം അന്വേഷണ സംഘം ചിത്രീകരിച്ച് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

കേരള പോലീസിൻറെ ചരിത്രത്തിൽ ആദ്യമായാണ് പീഡനക്കേസിൽ ഇത്തരം ഒരു ക്ലാസ് റൂം പുനഃരാവിഷ്‌കാരം നടന്നത്.

2020 മാർച്ച് മൂന്നിന് ബന്ധുവായ കുട്ടിയോടൊപ്പം കളിക്കുമ്പോഴാണ് പെൺകുട്ടി ആദ്യമായി പീഡന വിവരം പുറത്തു പറഞ്ഞത്. വിവിധ ഘട്ടങ്ങളിലായി പത്തു തവണയാണ് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. പെൺകുട്ടി ശുചിമുറിയിൽ പോയ സമയത്ത് അവിടെ പദ്മരാജനെ കണ്ടിരുന്നതായി സാക്ഷി മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. പീഡനം നടക്കുന്ന സമയത്ത് പെൺകുട്ടിക്ക് പത്തര വയസ് മാത്രമാണ് പ്രായം.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...