ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദ് തന്നെ. ജയ്ഷ് ഇ മുഹമ്മദുമായി നേരിട്ടു ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ അന്വേഷണ സംഘം ശേഖരിക്കുകയാണ് . സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്നുള്ള ഒരു ഡോക്ടറെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തജമ്മുൾ അഹമ്മദ് മാലിക് എന്നയാളാണ് പിടിയിലായത്. ജമ്മു കശ്മീരിലെ കുൽഗാം സ്വദേശിയാണ് ഡോക്ടർ മാലിക്. എസ്എച്ച്എംഎസ് ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. കരൺ സിംഗ് നഗറിൽ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡോക്ടറെ ഇപ്പോൾ പോലീസ് കൂടുതൽ ചോദ്യം ചെയ്യുകയാണ്. ചൊവ്വാഴ്ച നേരത്തെ പുൽവാമയിൽ നിന്നുള്ള മറ്റൊരു ഡോക്ടറെ ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബോംബ് ആക്രമണത്തിലെ മുഖ്യപ്രതിയായ ഉമറിന്റെ അടുത്ത സുഹൃത്ത് സജ്ജാദ് ആണ് പിടിയിലായത്.
അതേസമയം, സ്‌ഫോടനം നടന്നത് അബദ്ധത്തിലാണെന്ന സംശയം ബലപ്പെടുകയാണ്. സ്‌ഫോടക വസ്തുക്കള്‍ എവിടേക്കോ മാറ്റാന്‍ നോക്കുമ്പോള്‍ സ്‌ഫോടനം നടന്നു എന്നാണ് അനുമാനം. ഉമറും മുസമീലും നേരത്തെ റെഡ്‌ഫോര്‍ട്ട് പരിസരത്ത് എത്തിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ സ്‌ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. സ്‌ഫോടനം നടന്ന ദിവസം ദില്ലി മയൂര്‍ വിഹാറിലും ഉമറിന്റെ വാഹനം എത്തിയെന്നും പൊലീസ് പറയുന്നു.
അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചെങ്കോട്ട ആക്രമണം. കഴിഞ്ഞയാഴ്ച ഉന്നതതല ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇതു സംബന്ധിച്ചു ഉണ്ടായിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യയും തമ്മിലുള്ള രഹസ്യസഖ്യത്തിനായി പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായവും ഇത്തവണ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ ഇരുന്നും കാര്യങ്ങള്‍ ഭീകരര്‍ നിയന്ത്രിച്ചു.
പാക് ഭീകരസംഘടനയായ ജയ്ഷ് മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ ഒക്ടോബര്‍ 27ന് ശ്രീനഗറില്‍ പ്രത്യക്ഷപ്പെട്ടതു മുതല്‍ നടത്തിയ അന്വേഷണമാണ് ഫരീദാബാദിലെ റെയ്ഡിലേക്കും ഡോക്ടര്‍മാരുടെ അറസ്റ്റിലേക്കും നയിച്ചത്. അറസ്റ്റിലായ ഡോ. അദീല്‍ അഹമ്മദ് റാത്തര്‍ പോസ്റ്റര്‍ പതിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണു വഴിത്തിരിവായത്. അനന്ത്‌നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തിരുന്ന ഇയാളെ ചോദ്യം ചെയ്യലില്‍നിന്നു കിട്ടിയ വിവരങ്ങളാണ് വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തുന്നതിലും ഡോക്ടര്‍മാരുടെ അറസ്റ്റിലേക്കും വഴിതെളിച്ചത്.
സ്‌ഫോടകവസ്തുക്കളും ആയുധങ്ങളുമുള്‍പ്പെടെ ഫരീദാബാദില്‍ ജയ്ഷ് ഇ മുഹമ്മദ് ബന്ധമുള്ള ഭീകരരെ പിടികൂടിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് സ്‌ഫോടനം. ശ്രീനഗറിലെ ബന്‍പോര നൗഗം പ്രദേശത്ത് ജയ്ഷ് ഇ മുഹമ്മദിന് അനുകൂലമായ പോസ്റ്ററുകള്‍ ഒക്ടോബര്‍ 19ന് പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നാണ് ജമ്മു കാഷ്മീര്‍ പോലീസ് ഇതിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നതായിരുന്നു ഉറുദുവില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ രേഖപ്പെടുത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം അദീല്‍ അഹമ്മദ് റാത്തര്‍ എന്ന ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ സഹറാന്‍പുരില്‍ പിടിയിലായ അദീലിന്റെ വെളിപ്പെടുത്തലുകള്‍ ജമ്മു കാഷ്മീര്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പാന്‍ ഇന്ത്യന്‍ ‘വൈറ്റ് കോളര്‍’ തീവ്രവാദത്തിലേക്ക് അന്വേഷണം എത്തി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി. ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണം. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ജയ്ഷ് ഇ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഡോ. അദീല്‍ അഹമ്മദ് റാത്തറുടെ അറസ്റ്റാണ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ ഫരീദാബാദില്‍ 2900 കിലോ സ്‌ഫോടകവസ്തുക്കളടക്കം പിടികൂടുന്നതിലേക്കു നയിച്ചത്.
സ്‌ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നുണ്ട്. അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. എന്നാല്‍ മറ്റു പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടൂണ്ടോ എന്നത് പരിശോധന കഴിഞ്ഞേ വ്യക്തമാകൂ. സ്‌ഫോടനം നടത്തിയ ഉമര്‍ പതിനൊന്ന് മണിക്കൂര്‍ ദില്ലിയിലുണ്ടായിരുന്നു. കൊണാട്ട് പ്ലേസിലും ഇയാള്‍ പോയെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഫരീദാബാദിലെ അറസ്റ്റുകള്‍ അറിഞ്ഞ ഇയാള്‍ പരിഭ്രാന്തിയിലായെന്നും ഇല്ലെങ്കില്‍ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
സ്ഫോടനത്തിന് ഉപയോഗിച്ച വെളുത്ത ഹ്യുണ്ടായ് ഐ 20 കാര്‍ ഹരിയാനയിലെ ഫരീദാബാദിലെ അല്‍-ഫലാഹ് മെഡിക്കല്‍ കോളജ് കാമ്പസിനുള്ളില്‍ ഏകദേശം 11 ദിവസത്തോളം പാര്‍ക്ക് ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ആക്രമണത്തിന്റെ ദിവസം രാവിലെ ചാവേര്‍ ബോംബര്‍ എന്ന് സംശയിക്കപ്പെടുന്ന ഡോ. ഉമര്‍ നബി പരിഭ്രാന്തി കാരണം കോളജ് കാമ്പസില്‍ നിന്ന് കാര്‍ പുറത്തേയ്ക്ക് ഓടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നായിരുന്നു സ്ഫോടനം.
ഡോ. ഉമര്‍ നബി ഒക്ടോബര്‍ 29 ന് ഫരീദാബാദില്‍ നിന്നുള്ള കാര്‍ ഡീലറായ സോനുവില്‍ നിന്നാണ് കാര്‍ വാങ്ങിയത്. അതേ ദിവസം തന്നെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിനായി കാര്‍ പുറത്തെടുത്തു. സോനുവിന്റെ ഓഫീസായ റോയല്‍ കാര്‍ സോണിന് സമീപമുള്ള പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ (പിയുസി) ബൂത്തിന് സമീപം പാര്‍ക്ക് ചെയ്തിരിക്കുന്ന HR 26CE7674 എന്ന നമ്പര്‍ പ്ലേറ്റുള്ള കാര്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അവിടെ നിന്ന് നബി കാര്‍ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. വന്‍തോതിലുള്ള സ്ഫോടകവസ്തുക്കള്‍ പിടികൂടിയ കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ ഡോ. മുജാമില്‍ ഷക്കീലിന്റെ സ്വിഫ്റ്റ് ഡിസയറിന്റെ അടുത്ത് പാര്‍ക്ക് ചെയ്തു. ഡോ. ഷക്കീലിന്റെ കാര്‍ ഡോ. ഷഹീന്‍ സയീദിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷഹീന്‍ സയീദിന്റെ കാറില്‍ നിന്നാണ് റൈഫിളുകളും വെടിക്കോപ്പുകളും കണ്ടെടുത്തത്.
ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 10 വരെ കാര്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് കണ്ടെത്തല്‍. ഉമര്‍ നബിയുടെ അടുത്ത സഹായികളായ ഡോ. മുജാമില്‍ ഷക്കീല്‍, ഡോ. അദീല്‍ അഹമ്മദ് റാത്തര്‍ എന്നിവരെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് നബി പരിഭ്രാന്തനാകുന്നതുവരെ കാര്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് വാഹനം കൊണാട്ട് പ്ലേസിലും മയൂര്‍ വിഹാറിലും കാണുകയും തുടര്‍ന്ന് ചാന്ദ്‌നി ചൗക്കിലെ സുനേരി മസ്ജിദ് പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്യുകയും ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയില്‍ പരിശോധനകള്‍ തുടരുന്നതായി പൊലീസ് അറിയിച്ചു. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗര്‍ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്. സര്‍വകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സര്‍വ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പൊലീസ് അറിയിച്ചു.
ശ്രീനഗറിൽ നിന്ന് തീവ്രവാദ അനുകൂല പോസ്റ്ററുകൾ കണ്ടെത്തിയതോടെ ദൽഹിയിലെ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ സ്ഥിരീകരിക്കപ്പെട്ടു. ഈ പോസ്റ്ററുകൾ കണ്ടെത്തിയതിനെ തുടർന്ന് ഒക്ടോബർ 19 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഒക്ടോബർ 20 നും 27 നും ഇടയിൽ ഷോപിയാനിൽ നിന്നുള്ള മൗലവി ഇർഫാൻ അഹമ്മദ് വാഘെ, ഗന്ദർബലിലെ വകുരയിൽ നിന്നുള്ള സമീർ അഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് നവംബർ 5 ന് സഹാറൻപൂരിൽ നിന്ന് ഡോ. അദീലിനെ അറസ്റ്റ് ചെയ്തതായും നവംബർ 7 ന് അനന്ത്നാഗ് ആശുപത്രിയിൽ നിന്ന് ഒരു എകെ-56 റൈഫിളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേ സമയം നവംബർ 8 ന് ഈ ഡോക്‌ടർമാർ പഠിച്ചിരുന്ന ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ-ഫലാ മെഡിക്കൽ കോളേജിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു.






Leave a comment