ഡൽഹി: ജന്തർ മന്തറിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധത്തിനിടെ അക്രമാസക്തരായ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ദില്ലി പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ വാർത്താസമ്മേളനം വിളിച്ച് രംഗത്തെത്തി. തങ്ങളുടെ ഉറ്റവർ ക്രമസമാധാന പാലനത്തിനായുള്ള ഡ്യൂട്ടി മാത്രമാണ് ചെയ്തതെന്നും, അവർക്ക് നേരെയുണ്ടായ കടുത്ത അതിക്രമത്തിൽ നീതി ഉറപ്പാക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥരുടെ ഭാര്യമാരും മക്കളും ഉൾപ്പെടെയുള്ളവരാണ് മാധ്യമങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടിയത്.

ഡ്യൂട്ടിക്കിടെ ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുതിർന്ന യൂണിഫോമുമായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് കുടുംബാംഗങ്ങൾക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ജൂലൈ 20-ന് രാത്രി വൈകി പരിക്കേറ്റ അവസ്ഥയിൽ ഭർത്താവ് വീട്ടിലെത്തിയപ്പോൾ തനിക്കും രണ്ട് വയസ്സുള്ള മകൾക്കും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച്ചയെന്ന് അസിസ്റ്റന്റ് കമ്മീഷണറുടെ ഭാര്യ പറഞ്ഞു. സ്വന്തം ജീവൻ പോലും പണയം വെച്ച് സേവനം അനുഷ്ഠിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ദുരനുഭവം പൊതുസമൂഹത്തെ അറിയിക്കാനാണ് തങ്ങൾ എത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.

15 വർഷം ഇന്ത്യൻ നേവിയിൽ മറൈൻ കമാൻഡോ ആയി സേവനമനുഷ്ഠിച്ച ശേഷം പോലീസിൽ ചേർന്ന സബ് ഇൻസ്പെക്ടറായ തന്റെ പിതാവിനെ സ്റ്റേജിന് സമീപം വെച്ച് ഒരു കൂട്ടം ആളുകൾ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് മകൾ പറഞ്ഞു. ബാരിക്കേഡുകൾക്ക് സമീപം മുൻനിരയിൽ തന്നെയായിരുന്നു പിതാവിന്റെ ഡ്യൂട്ടി. ജന്തർ മന്തറിലേത് ഒരു സാധാരണ വിദ്യാർത്ഥി സമരമായിരുന്നില്ലെന്നും, നിരവധി സാമൂഹ്യവിരുദ്ധർ ഇതിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് അച്ഛൻ മുൻപ് തന്നെ പറഞ്ഞിരുന്നതായും മകൾ ഓർത്തെടുത്തു.
കഴിഞ്ഞ 25-ാം തീയതി ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സബ് ഇൻസ്പെക്ടർക്ക് നേരെ അക്രമം നടന്നത്. അക്രമാസക്തരായ ആൾക്കൂട്ടം ഇദ്ദേഹത്തെ പിടിച്ചുവലിച്ച് തല്ലിച്ചതക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് ഏകദേശം നാല് മണിക്കൂറോളം അദ്ദേഹം ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്നു. രാത്രി പത്ത് മണിയോടെ സഹപ്രവർത്തകർ രക്തത്തിൽ കുതിർന്ന വസ്ത്രങ്ങളോടെ വീട്ടിലെത്തിച്ച പിതാവിന്റെ അവസ്ഥ കണ്ടുനിൽക്കാൻ കഴിഞ്ഞില്ലെന്നും മകൾ മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും എന്നാൽ ചിലർ അവരുടെ കുറ്റങ്ങൾ മറച്ചുവെക്കാനായി ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകി സുപ്രീംകോടതിയെ സമീപിക്കുകയാണെന്നും കുടുംബം ആരോപിച്ചു. സോഷ്യൽ മീഡിയയിലൂടെ അച്ഛനെ ക്രിമിനലായി ചിത്രീകരിക്കുന്നത് കടുത്ത മാനസിക വേദനയുണ്ടാക്കുന്നുണ്ടെന്നും, സത്യവും നീതിയും പുറത്തുകൊണ്ടുവരാൻ തങ്ങളും സുപ്രീംകോടതിയെ സമീപിക്കുമെന്നും മകൾ വ്യക്തമാക്കി.
സമരത്തിൽ പങ്കെടുത്ത യഥാർത്ഥ വിദ്യാർത്ഥികളുടെ രേഖകൾ പരിശോധിച്ച് അവരെ ഒഴിവാക്കണമെന്നും, വിദ്യാർത്ഥി സമരത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട സാമൂഹ്യവിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിച്ച് തക്കതായ ശിക്ഷ നൽകണമെന്നും പരിക്കേറ്റ മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു.






Leave a comment