കോഴിക്കോട്: സഹകരണ മേഖലയിൽ ‘കോ-കേരള’ എന്ന പേരിൽ വിമാന കമ്പനി ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ. ആഭ്യന്തര യാത്രകൾ ചെലവ് കുറഞ്ഞതും വേഗത്തിലും നടത്തുക എന്ന ആശയത്തോടെയാണ് സഹകരണ മേഖലയിൽനിന്നുളള ആദ്യത്തെ വിമാന കമ്പനിയായി ‘കോ–കേരള’ എത്തുകയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
200 സഹകരണ സംഘങ്ങൾ രണ്ടു കോടി രൂപ വീതം ഓഹരിയായി മുടക്കിയാണ് ആദ്യ ഘട്ടം നടപ്പാക്കുക. സർക്കാരിന് ഒരു രൂപ പോലും ചെലവുണ്ടാകില്ല. പദ്ധതി നടത്തിപ്പിനായി സഹകരണ മേഖലയിൽ കമ്പനി രൂപവത്ക്കരിക്കും. മുഖ്യമന്ത്രി ചെയർമാനും സഹകരണ വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായി ഒരു ഡയറക്ടർ ബോർഡ് ഇതിനായി ഉണ്ടാകും. പദ്ധതിയുടെ രൂപരേഖ സർക്കാരിനു മുന്നിൽ അവതരിപ്പിച്ചതായും അനുമതി ലഭിക്കുന്നതോടെ തുടർ നടപടികളിലേക്ക് കടക്കുമെന്നും വിജയകൃഷ്ണൻ വ്യക്തമാക്കി.
സിയാൽ മാതൃകയിൽ വിമാനങ്ങൾ പാട്ടത്തിനെടുത്താണ് സർവീസ് നടത്തുക. ആദ്യഘട്ടത്തിൽ രണ്ടു വിമാനങ്ങൾ ഇതിനായി പാട്ടത്തിനെടുക്കും. 72 സീറ്റുള്ള വിമാനമാണ് ഇതിനായി വാടകയ്ക്ക് എടുക്കുക. നെടുമ്പാശേരി ആസ്ഥാനമാക്കി കരിപ്പുർ, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, കോയമ്പത്തൂർ, ചെന്നൈ, മധുര എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണു സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്.
3,500 മുതൽ 7,000 രൂപ വരെയാകും ടിക്കറ്റ് നിരക്ക്. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് സീറ്റുകൾ ഒഴിവുണ്ടെങ്കിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്ന രീതിയും പദ്ധതി വിഭാവനം ചെയ്യുന്നു. പ്രാരംഭഘട്ടത്തിൽ 200 പേർക്കു ജോലി നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.






Leave a comment