അമേരിക്കൻ വാർത്തപ്രധാന വാർത്ത

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ യുഎസ് അംബാസഡർ സെർജിയോ ഗോർ

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പങ്കെടുത്തത് വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്. ഇതൊരു സൗഹൃദ സന്ദർശനമല്ലെന്നും പിന്നിൽ വ്യക്തമായ സാമ്പത്തിക, നയതന്ത്ര, ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് വിലയിരുത്തൽ. വിദേശ രാജ്യങ്ങളുടെ അംബാസഡർമാർ സാധാരണയായി പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞച്ചടങ്ങുകളിലോ കേന്ദ്ര സർക്കാരിന്റെ പരിപാടികളിലോ മാത്രമാണ് പങ്കെടുക്കാറുള്ളത്. ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്‌ക്കെത്തുന്നത് അപൂർവമാണ്. ഗുവാഹത്തിയിൽ എത്തിയശേഷം ഗോർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സന്ദേശത്തിലും, ഈ ചടങ്ങിൽ പങ്കെടുക്കുന്നത് ബഹുമതിയായി കാണുന്നുവെന്നു വ്യക്തമാക്കിയിരുന്നു. ട്രംപ് ഭരണകൂടത്തോട് അടുത്ത ബന്ധമുള്ള വ്യക്തിയായാണ് സെർജിയോ ഗോറിനെ അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ അംബാസഡർ എന്നതിനൊപ്പം, ദക്ഷിണ മധ്യ ഏഷ്യാ മേഖലയിലെ ട്രംപ് ഭരണകൂടത്തിന്റെ തന്ത്രപരമായ ഇടപെടലുകളിൽ ഗോറിനു പ്രധാന പങ്കുണ്ടെന്നാണ് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.

ടെക്‌നോളജി, പ്രതിരോധ നിർമാണം, കണക്റ്റിവിറ്റി, ആഗോള നിക്ഷേപം എന്നിവയുടെ കേന്ദ്രമായി മാറാനുള്ള ശ്രമത്തിലാണ് അസം. സംസ്ഥാനത്ത് സെമികണ്ടക്ടർ മേഖലയിൽ വലിയ നിക്ഷേപങ്ങൾ വരുന്നതും ഡിഫൻസ് മാനുഫാക്ചറിങ് ഉൾപ്പെടെയുള്ള മേഖലകളിലെ നീക്കങ്ങളും യുഎസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.. ഇന്ത്യയുഎസ് സാങ്കേതിക സഹകരണം ശക്തമാകുന്ന സാഹചര്യത്തിൽ, അതിന്റെ സാധ്യതാമേഖലകളിലൊന്നായി അസമിനെ വാഷിങ്ടൻ കാണുന്നുവെന്ന വിലയിരുത്തലുകളുണ്ട്.

യുഎസിന്റെ ഈ പ്രത്യേക താൽപര്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അസമിലെ മൊറിഗാവ് ജില്ലയിലെ ജാഗിറോഡിൽ ഉയരുന്ന, ടാറ്റ ഗ്രൂപ്പിന്റെ സെമികണ്ടക്ടർ പ്ലാന്റാണ്. ഏകദേശം 27,000 കോടി രൂപയുടെ നിക്ഷേപത്തിൽ ഒരുങ്ങുന്ന ഈ പ്ലാന്റ് പ്രതിദിനം 4.8 കോടി ചിപ്പുകൾ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യയുടെ സെമികണ്ടക്ടർ മിഷനിലെ പ്രധാന പദ്ധതികളിൽ ഒന്നായാണ് ഈ കേന്ദ്രം കണക്കാക്കപ്പെടുന്നത്. ചൈനയെ കേന്ദ്രീകരിച്ചുള്ള സെമികണ്ടക്ടർ വിതരണ ശൃംഖലയ്ക്കു ബദൽ കേന്ദ്രങ്ങൾ കണ്ടെത്താനുള്ള പാശ്ചാത്യ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ്, ചിപ് നിർമാണത്തിൽ ആഗോള ആധിപത്യം ലക്ഷ്യമിടുന്ന ട്രംപ് ഭരണകൂടം അസമിലേക്കു ശ്രദ്ധയൂന്നുന്നത്.

ഇന്ത്യയും യുഎസും തമ്മിലുള്ള, ഐസിഇടി (ഇനീഷ്യേറ്റീവ് ഓൺ ക്രിട്ടിക്കൽ ആൻഡ് എമേർജിങ് ടെക്‌നോളജി) കരാർ പോലുള്ള സാങ്കേതിക സഹകരണ പദ്ധതികളുടെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യം വർധിക്കുന്നുവെന്നാണ് നിരീക്ഷണം. ചൈനയുടെ സ്വാധീനം ശക്തമാകുന്നതിനാൽ ദക്ഷിണേഷ്യയിലെ തന്ത്രപ്രധാന മേഖലകളിൽ യുഎസ് കൂടുതൽ ശ്രദ്ധ പുലർത്തുന്നുവെന്നാണ് വിലയിരുത്തൽ. യുഎസിന്റെ ഇന്തോ – പസിഫിക് സ്ട്രാറ്റജിയിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയ്ക്ക് പ്രാധാന്യം വർധിക്കുന്നുണ്ട്. പ്രത്യേകിച്ച് തൊട്ടടുത്ത് ചൈനയുണ്ടെന്നത് കണക്കിലെടുക്കുമ്പോൾ. അതുകൊണ്ട്, ചൈനയോട് അതിർത്തി പങ്കിടുന്ന മേഖലയിൽ സ്വാധീനമുണ്ടാക്കാനുള്ള യുഎസിന്റെ തന്ത്രപരമായ കരുനീക്കമായും ഗോറിന്റെ സന്ദർശനത്തെ കാണാം.

കേന്ദ്രസർക്കാരിന്റെ ആക്ട് ഈസ്റ്റ് നയത്തിന്റെ കേന്ദ്രബിന്ദുവായി അസമിനെ മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ഹിമന്തയും ചേർന്നു നടത്തുന്ന ശ്രമങ്ങൾക്കുള്ള രാജ്യാന്തര അംഗീകാരമായിക്കൂടി വേണം ഗോറിന്റെ സന്ദർശനത്തെ കാണാൻ. സംസ്ഥാന നേതൃത്വവുമായി നേരിട്ടുള്ള രാഷ്ട്രീയ സാമ്പത്തിക ഇടപെടലിനുള്ള യുഎസ് താൽപര്യത്തിന്റെ സൂചനയായും ഇതിനെ വിലയിരുത്താം. വ്യവസായ നിക്ഷേപങ്ങളെ ആകർഷിക്കാൻ ഹിമന്ത സർക്കാർ നടത്തുന്ന ശ്രമങ്ങൾ വിദേശ നിക്ഷേപകരുടെ ശ്രദ്ധ നേടുന്നുവെന്നാണ് നിരീക്ഷണം.

തന്ത്രപ്രധാന മേഖലയിൽ ഒരു ഭരണകൂടം ഔദ്യോഗികമായി ചുമതലയേൽക്കുന്ന ദിവസം, ആ ചടങ്ങിൽ ഒരു ആഗോള ശക്തിയുടെ പ്രതിനിധിയുടെ സാന്നിധ്യമുണ്ടാകുന്നത് ഒരു ഭൗമരാഷ്ട്രീയ സന്ദേശം കൂടിയാണ്. ഹിമന്തയ്ക്ക് ഈ ചടങ്ങ് വെറും ആഭ്യന്തര രാഷ്ട്രീയ ആഘോഷം മാത്രമല്ല, അസം എന്ന വടക്കുകിഴക്കൻ സംസ്ഥാനം ആഗോള നിക്ഷേപ ഭൂപടത്തിൽ ഇടം നേടുന്നതിന്റെ പ്രഖ്യാപനം കൂടിയാണ്. ഗുവാഹത്തിയിലെ വേദിയിൽ സെർജിയോ ഗോറിന്റെ സാന്നിധ്യം ഒരു സൗഹൃദ സന്ദർശനം മാത്രമല്ല, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ ടെക്‌നോളജി, കണക്റ്റിവിറ്റി, ഭൗമരാഷ്ട്രീയ തന്ത്രങ്ങൾ എന്നിവയുടെ ഭാഗമായി കൂടുതൽ ശ്രദ്ധിക്കാൻ യുഎസ് തുടങ്ങുന്നുവെന്നതിന്റെ സൂചന കൂടിയാണ്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...