മുംബൈ: മധ്യേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ഇന്ത്യൻ ഓഹരി വിപണിയിലും കറൻസി മൂല്യത്തിലും വൻ തകർച്ച രേഖപ്പെടുത്തി. വെറും രണ്ടു വ്യാപാര ദിനങ്ങൾ കൊണ്ട് ഇന്ത്യൻ നിക്ഷേപകരുടെ ഏകദേശം 9.7 ലക്ഷം കോടി രൂപയാണ് വിപണിയിൽനിന്നു തുടച്ചുനീക്കപ്പെട്ടത്.
ചരിത്രത്തിലാദ്യമായി ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരേ 92 എന്ന നിലവാരത്തിനു താഴേക്ക് കൂപ്പുകുത്തി. ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 55 പൈസ ഇടിഞ്ഞ് 92.03 എന്ന താഴ്ന്ന റിക്കാർഡ് നിലയിലെത്തി. ജനുവരി അവസാനം രേഖപ്പെടുത്തിയ 91.99 എന്ന മുന്പത്തെ റിക്കാർഡിനേക്കാൾ വലിയ തകർച്ചയാണിത്.
യുഎസ്-ഇസ്രയേൽ സഖ്യം ഇറാനു നേരേ നടത്തിയ സൈനിക നീക്കങ്ങളും തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളുമാണ് ആഗോള വിപണിയെ പ്രകോപിപ്പിച്ചത്. യുദ്ധം നീണ്ടുനിൽക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ആഗോള എണ്ണവില കുതിച്ചുയർന്നു.
ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 82.53 ഡോളറിലെത്തി. എണ്ണവില 100 ഡോളറിലേക്ക് ഉയർന്നേക്കാമെന്ന് ആഗോള ബാങ്കിംഗ് സ്ഥാപനമായ ബാർക്ലേസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് എണ്ണവില വർധന പണപ്പെരുപ്പത്തിനും സാമ്പത്തിക വളർച്ചാ മുരടിപ്പിനും കാരണമായേക്കാം.
ഓഹരി വിപണിയിൽ സെൻസെക്സ് 1,710 പോയിന്റുകൾ ഇടിഞ്ഞ് 78,529 എന്ന നിലവാരത്തിലേക്കു താഴ്ന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. നിഫ്റ്റി 477 പോയിന്റുകൾ നഷ്ടപ്പെടുത്തി 24,389ൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ മൊത്തം വിപണി മൂല്യം 456.17 ലക്ഷം കോടി രൂപയിൽനിന്ന് 446.47 ലക്ഷം കോടി രൂപയായി കുറഞ്ഞു. വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചതും വിപണിയെ ബാധിച്ചു.
എൽ ആൻഡ് ടി, ഇൻഡിഗോ, അദാനി പോർട്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികൾക്ക് വലിയ തിരിച്ചടി നേരിട്ടപ്പോൾ, ഐടി മേഖലയിലെ ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയവ നേരിയ നേട്ടമുണ്ടാക്കി. വിപണിയിലെ ഈ താത്കാലിക തകർച്ചയിൽ നിക്ഷേപകർ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഗുണനിലവാരമുള്ള ഓഹരികൾ ദീർഘകാല നിക്ഷേപത്തിനായി തെരഞ്ഞെടുക്കാനുള്ള അവസരമാണിതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.






Leave a comment