കേരള വാർത്തചരമംപ്രധാന വാർത്ത

ശാന്തമീ രാത്രിയുടെ ‘സംഗീതരാജൻ’; എസ്‌പി വെങ്കിടേഷ് അന്തരിച്ചു

ചെന്നെെ: സംഗീത സംവിധായകൻ എസ്‌പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നെെയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

സംഗീതരാജൻ എന്നറിയപ്പെടുന്ന എസ്‌പി വെങ്കിടേഷ് 1955 മാർച്ച് അ‌ഞ്ചിന് തമിഴ്നാട്ടിലാണ് ജനിച്ചത്. 1971ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. 1975ൽ കന്നട സിനിമയിൽ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ച വെങ്കിടേഷ് 1981ൽ ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായത്. 1983ലാണ് മലയാള സംഗീതത്തിൽ സജീവമാകുന്നത്. തൊണ്ണൂറുകളോടെ എസ്‌പി വെങ്കിടേഷ് മലയാളത്തിൽ തിളങ്ങി.

1985ൽ ‘ജനകീയകോടതി’ എന്ന സിനിമയിലൂടെയാണ് സംഗീത സംവിധായകനായി എസ്‌പി വെങ്കിടേഷ് മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നത്. ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലൂടെ വെങ്കിടേഷിന്റെ പേര് ജനങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. അന്ന് സിനിമയോടൊപ്പം സിനിമയുടെ പാശ്ചാത്തല സംഗീതവും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടര്‍ക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവര്‍, ജോണിവാക്കര്‍, കിലുക്കം, മിന്നാരം, സ്‌ഫടികം, വാൽസല്യം, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിയ നിരവധി സിനിമകളിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു. തമിഴ്, കന്നട, ബംഗാളി, ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1993ൽ പെെതൃകം, ജനം എന്നീ സിനിമകളിലെ സംഗീതസംവിധാനത്തിന് കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

ഒരു ദിവസവും 25 പാട്ടുകൾ വരെ കമ്പോസ് ചെയ്‌തിട്ടുള്ള അപൂർവ കലാകാരൻ. എൺപതുകളിലും 90കളിലും ഹിറ്റായ പല ചിത്രങ്ങളുടെയും സംഗീത സംവിധായകൻ അല്ലെങ്കിൽ പശ്ചാത്തല സംഗീതം ചെയ്‌തയാൾ. ചെന്നൈ സ്വദേശിയായ എസ് പി വെങ്കിടേഷിനെ മലയാളികൾക്ക്‌ ഏറെ ഇഷ്‌ടമായിരുന്നു. അദ്ദേഹം സംഗീതം ചെയ്‌ത നിരവധി ഗാനങ്ങൾ ടുകെ കിഡ്‌സ് പോലും ഇന്ന്‌ പാടി നടക്കാറുണ്ട്. മോഹൻലാലിനെ സൂപ്പർ താരമാക്കി മാറ്റിയ തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ് ചിത്രമായ രാജാവിന്റെ മകനിലെ ‘വിണ്ണിലെ ഗന്ധർവ്വ വീണകൾ പാടുന്ന സംഗീതമേ’ എന്ന ഉണ്ണിമേനോൻ പാടിയ ഗാനം നാല് പതിറ്റാണ്ടിന് ശേഷവും ഇന്നും പലരുടെയും ഇഷ്‌ട ലിസ്റ്റിലുണ്ട്. കിലുക്കത്തിലെ ‘ഊട്ടിപ്പട്ടണം’, ‘കിലുകിൽ പമ്പരം’, ജയരാജിന്റെ ശ്രദ്ധേയ ചിത്രമായ പൈതൃകത്തിലെ വാൽകണ്ണെഴുതിയ, കെഎസ്‌ ചിത്ര പാടിയ നീലാഞ്ജന പൂവിൻ, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ സൈന്യത്തിലെ ബാഗി ജീൻസും ടോപ്പുമണിഞ്ഞ് തുടങ്ങിഫാസ്റ്റ് നമ്പരുകളും പരമ്പരാഗതമായ രാഗബദ്ധമായ ചലച്ചിത്ര ഗാനങ്ങളും ഒരുപോലെ ചെയ്യാൻ കഴിഞ്ഞിരുന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്.

സംഗീതത്തിലെ പോലെ ഹിറ്റ് ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം ചെയ്‌തതും എസ് പി വെങ്കിടേഷിന്റെ ശ്രദ്ധേയമായ സംഭാവനയാണ്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ മഹായാനം, മോഹൻലാലിന്റെ ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ, കസ്റ്റംസ് ഡയറി, അമ്മ അമ്മായിയമ്മ, അലിബാബയും ആറര കള്ളന്മാരും, അഗ്നിനക്ഷത്രം, ലേലം, വജ്രം, റൺവേ, മാമ്പഴക്കാലം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ചെയ്‌തു. 90കളിൽ ഹിറ്റായ ചിത്രങ്ങൾ റീമാസ്റ്ററിംഗ് ചെയ്‌തിറക്കിയപ്പോഴും പഴയ പാട്ടുകളുടെ ഇഷ്‌ടം ജനങ്ങൾക്ക് കുറഞ്ഞില്ല. സ്‌ഫടികം റീമാസ‌്റ്റർ ചെയ്‌തിറക്കിയത് ഇത്തരത്തിലൊന്നാണ്.

ഹിറ്റുകൾ തുടരെ നൽകിയ കാലത്തുതന്നെയാണ് അദ്ദേഹം പെട്ടെന്ന് ആ രംഗത്ത് നിന്നും പുറത്തുമായി. എന്നാൽ ജനങ്ങൾ ഒരിക്കലും അദ്ദേഹത്തെ മറന്നിരുന്നില്ല. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകളും വീഡിയോകളും തന്റെ ചലച്ചിത്ര ഗാനങ്ങളെക്കുറിച്ച് വരുമ്പോൾ അതൊരു പുരസ്‌കാരമായും സന്തോഷമായും അദ്ദേഹം കണക്കാക്കി. തമിഴ്‌നാട്ടിൽ നിന്നും വന്ന ഒരു സംഗീത സംവിധായകന് ഈണമിടാൻ വരികൾ നൽകാൻ ഗാനരചയിതാക്കൾ തയ്യാറായില്ലേ? സംവിധായകരും നിർമ്മാതാക്കളും വിശ്വസ്‌തതയോടെ അവരുടെ ചിത്രത്തിലെ പാട്ടുകൾ എന്നെ ഏൽപ്പിച്ചില്ലേ? അതൊക്കെ വലിയ ഭാഗ്യമായി കാണുന്നു എന്നാണ് എസ് പി വെങ്കിടേഷ് മുൻപ് പറഞ്ഞിരുന്നത്.

1985 മുതൽ നാല് പതിറ്റാണ്ടോളം മലയാള ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതമേകി, ആറ് പതിറ്റാണ്ടോളം അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചു. മൂന്ന് വയസുമുതൽ തുടങ്ങിയ സംഗീത പഠനം ഏഴ് പതിറ്റാണ്ടിനിപ്പുറം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...