കേരള വാർത്ത

പൊരുതി വീണ് അരുണിമയും അമയയും; രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥികള്‍ക്കും പരാജയം

ആലപ്പുഴ/തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥികള്‍ക്കും പരാജയം. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനില്‍ മത്സരിച്ച അരുണിമ എം. കുറുപ്പ്, തിരുവനന്തുപുരം ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനിലെ സ്ഥാനാര്‍ഥി അമയ പ്രസാദ് എന്നിവരാണ് പരാജയപ്പെട്ടത്. ഇരുവരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരുന്നു.

വയലാര്‍ ഡിവിഷനില്‍ 17,415 വോട്ടോടെ രണ്ടാം സ്ഥാനത്താണ് അരുണിമ ഫിനിഷ് ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സന്ധ്യാ ബെന്നി 4,519 വോട്ടുകള്‍ക്കാണ് അരുണിമയെ പരാജയപ്പെടുത്തിയത്. സന്ധ്യാ ബെന്നിക്ക് 21,934 വോട്ടാണ് ലഭിച്ചത്.

തിരുവനന്തപുരത്ത് അമയയെ പരാജയപ്പെടുത്തിയതും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ്. പോത്തന്‍കോട് ഡിവിഷനില്‍ 12,172 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്താനേ അമയയ്ക്ക് കഴിഞ്ഞുള്ളൂ. 12,432 വോട്ട് നേടി രണ്ടാമതെത്തിയ ബിജെപി സ്ഥാനാര്‍ഥിയുടെ തൊട്ടരികെ തന്നെയാണ് അമയയും. സിപിഎം സ്ഥാനാര്‍ഥി എസ്. കാര്‍ത്തികയാണ് 16,318 വോട്ട് നേടി പോത്തന്‍കോട് ഡിവിഷനില്‍ വിജയിച്ചത്.

വനിതാ സംവരണ സീറ്റിലാണ് അരുണിമയും അമേയയും മത്സരിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ഇരുവരുടേയും സ്ഥാനാര്‍ഥിത്വം ആശയക്കുഴപ്പത്തിലായിരുന്നു. വനിതാ സീറ്റില്‍ ട്രാന്‍സ്‌ജെന്‍ഡറിന് മത്സരിക്കാന്‍ കഴിയുമോ എന്നതായിരുന്നു ആശയക്കുഴപ്പത്തിന് കാരണം. എന്നാല്‍ ട്രാന്‍സ്‌വിമനായ അരുണിമയും അമയയും തങ്ങള്‍ സംവരണ വാര്‍ഡില്‍ മത്സരിക്കാന്‍ യോഗ്യരാണെന്ന് വാദിച്ചു.

സ്ഥാനാര്‍ഥിത്വം അംഗീകരിക്കാതിരുന്നതോടെ അമയ പ്രസാദും കോണ്‍ഗ്രസും ഹൈക്കോടതിയെ സമീപിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം അമയയുടെ മുഴുവന്‍ രേഖകളിലും സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വോട്ടര്‍പട്ടികയില്‍ ഇവര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലായിരുന്നു. ഇതിനെതിരെയാണ് അമയ കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസര്‍ക്കാരും നല്‍കിയ രേഖകള്‍ പരിശോധിച്ച ഹൈക്കോടതി ഒടുവില്‍ അമയയ്ക്ക് മത്സരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. സീരിയല്‍ താരവും ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമാണ് അമയ.

അരുണിമയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കപ്പെടില്ല എന്ന് പ്രചാരണമുണ്ടായെങ്കിലും പത്രിക അംഗീകരിക്കപ്പെട്ടു. തന്റെ ഒരു രേഖയിലും ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും എല്ലാ രേഖകളിലും താന്‍ സ്ത്രീയാണെന്നും പത്രിക സമര്‍പ്പിച്ചശേഷം അരുണിമ പറഞ്ഞിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസിന്റെ രക്ഷാധികാരിയും കെപിസിസി എക്സിക്യുട്ടീവ് അംഗവും കെഎസ്‌യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് അരുണിമ എം. കുറുപ്പ്.

പരാജയത്തിനുശേഷം രണ്ട് ട്രാൻസ്ജെൻഡർ സ്ഥാനാർഥികളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

അരുണിമയുടെ പ്രതികരണം

കൂടെ നിന്ന എല്ലാവർക്കും നന്ദി. ചരിത്രത്തിന്റെ വഴി ഒരുകുവാൻ പ്രസ്ഥാനം നൽകിയ സമ്മാനം ആണ് വയലാർ സീറ്റ്‌. 17590 വോട്ട്കൾ നേടി. കൂടെ നിന്ന എല്ലാവർക്കും ഹൃദയത്തോട് ചേർത്ത നന്ദി. തോറ്റാലും ഞാൻ വയലാർ ജില്ലാ ഡിവിഷനിലെ മനുഷ്യരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കും… പോരാടും…

അമയയുടെ പ്രതികരണം

‘തോറ്റിടത്തു നിന്നും തുടങ്ങണം അടുത്ത വിജയത്തിനായി’

അഭിമാനം. ഇതൊരു ചെറിയ വിജയമല്ല. എനിക്ക് 12184 വോട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ പോത്തൻകോട് ഡിവിഷനിൽ നിന്നും കിട്ടി. ഇത്രയും വോട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി. ചേർത്ത് പിടിച്ച പോത്തൻകോടിനും മുതാക്കലിനും നന്ദി. 

ഞാൻ വിജയിച്ചതായി തന്നെ കണക്കാക്കുന്നു, ഇത്രയും പേർ എന്റെ കൂടെ ഉണ്ടായിരുന്നു എന്നതിൽ സന്തോഷം. കേരളത്തിൽ ചരിത്രം കുറിക്കാൻ കഴിഞ്ഞു എന്നതിൽ അതിലേറെ സന്തോഷം. 

നന്ദി INC.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...